കെ.എ. കൊടുങ്ങല്ലൂർ സാഹിത്യ പുരസ്കാരം ഫസീല മെഹറിനും അമലിനും
ആഗസ്റ്റ് ഒന്നിന് നടക്കുന്ന ചടങ്ങിൽ എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ പുരസ്കാരം സമ്മാനിക്കും

അമൽ, ഫസീല മെഹർ
കോഴിക്കോട്: സാഹിത്യകാരനും ചിന്തകനും വാരാദ്യമാധ്യമം പ്രഥമ എഡിറ്ററുമായ കെ.എ. കൊടുങ്ങല്ലൂരിന്റെ സ്മരണക്ക് ‘മാധ്യമം’ റിക്രിയേഷന്‍ ക്ലബ് ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്കാരത്തിന് ഫസീല മെഹറും അമലും അർഹരായതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
2022 സെപ്റ്റംബറിൽ ‘മാധ്യമം’ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ‘പടപ്പ്’ ചെറുകഥക്കാണ് ഫസീല മെഹർ പുരസ്കാരം നേടിയത്. മാതൃഭൂമി ആഴ്ചപ്പതിപ്പ് 2023ലെ റിപ്പബ്ലിക് പതിപ്പിൽ പ്രസിദ്ധീകരിച്ച ‘എന്‍റെ അമ്മൂമ്മ ഒരു ചരിത്രവനിത’ക്കാണ് അമലിന് പുരസ്കാരം.
20,000 രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്ന അവാർഡ് ആഗസ്റ്റ് ഒന്നിന് വൈകീട്ട് കോഴിക്കോട് നടക്കുന്ന ചടങ്ങിൽ എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ സമ്മാനിക്കും. എഴുത്തുകാരൻ ശത്രുഘ്നൻ (ചെയ), പി.കെ. പാറക്കടവ്, നിധീഷ് നടേരി എന്നിവരംഗങ്ങളായ ജൂറിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്.
വയനാട് പുൽപ്പള്ളി സ്വദേശിയായ ഫസീല മെഹർ പഴശ്ശിരാജ കോളജിൽ അധ്യാപികയാണ്. തിരുവനന്തപുരം പിരപ്പൻകോട് സ്വദേശിയാണ് അമൽ. ദിനപ്പത്രങ്ങളുടെ ഞായറാഴ്ചപ്പതിപ്പുകള്‍ ഉള്‍പ്പെടെ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച മലയാള ചെറുകഥക്കാണ് കെ.എ. കൊടുങ്ങല്ലൂർ പുരസ്കാരം നൽകുന്നത്.
ഇത്തവണ 268 എൻട്രികളാണ് ലഭിച്ചത്. ജൂറി അംഗം പി.കെ. പാറക്കടവ്, അവാർഡ് കമ്മിറ്റി കൺവീനർ എം. കുഞ്ഞാപ്പ, മാധ്യമം റിക്രിയേഷൻ ക്ലബ് ജനറൽ സെക്രട്ടറി പി. ഷംസുദ്ദീൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Adjust Story Font
16

