കാഫിർ സ്ക്രീൻഷോട്ട് കേസ്; ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കറിനെ പൊലിസ് കസ്റ്റഡിയിൽ വിട്ടു
ജിതിൻ്റെ ജാമ്യാപേക്ഷ തള്ളിയാണ് കോടതി നടപടി

കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിൽ റിമാൻ്റിൽ കഴിയുന്ന ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കറിനെ പൊലിസ് കസ്റ്റഡിയിൽ വിട്ടു. രണ്ട് ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. ജിതിൻ്റെ ജാമ്യാപേക്ഷ തള്ളിയാണ് കോടതി നടപടി.
വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിച്ചത്. ഫോണിലെ തെളിവുകൾ നശിപ്പിച്ച പശ്ചാത്തലത്തിൽ വ്യാജ സ്ക്രീൻഷോട്ട് നിർമിച്ച ആളെ കണ്ടെത്താൻ ജിതിനെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന നിലപാടിലായിരുന്നു അന്വേഷണ സംഘം. ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്തിയ തെളിവുകളടക്കം എസ്ഐടി ഇന്ന് കോടതിയിൽ ഹാജരാക്കി.
'വടകര സ്‌ക്വാഡ്' എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിൽ സ്‌ക്രീൻഷോട്ട് ആദ്യം ഷെയർ ചെയ്തത് ജിതിൻ ഭാസ്‌കറാണെന്ന് എസ്‌ഐടി നേരത്തെ കണ്ടെത്തിയിരുന്നു. സ്‌ക്രീൻഷോട്ട് ബ്രോഡ്കാസ്റ്റ് സന്ദേശമായി പങ്കുവെച്ചത് ജിതിനാണെന്നും എസ്‌ഐടി കണ്ടെത്തിയിരുന്നു. ആരാണ് കാഫിർ സ്‌ക്രീൻഷോട്ട് നിർമിച്ചതെന്നതും യഥാർഥ ഉറവിടം എവിടെയാണെന്ന് കണ്ടുപിടിക്കലുമായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിൻറെ മുൻപിലുണ്ടായിരുന്ന പ്രധാന വെല്ലുവിളി. ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ 'റെഡ് എൻകൌണ്ടറെന്ന' ഗ്രൂപ്പിൽ പങ്കുവെച്ചതായിരുന്നെന്നും ഇതിൻറെ യഥാർത്ഥ ഉറവിടം എവിടെനിന്നാണെന്ന് കണ്ടെത്തുക അസാധ്യമാണ് എന്നുമായിരുന്നു കഴിഞ്ഞ സർക്കാറിന്റെ കാലത്തെ പൊലീസ് നിലപാട്.
യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം രൂപീകരിച്ച പ്രത്യേക അന്വേഷണത്തിന്റെ അന്വേഷണത്തിലാണ് 'വടകര സ്‌ക്വാഡ്' എന്ന പേരിലുള്ള ഗ്രൂപ്പിൽ നിന്നാണ് റിബേഷിന് സ്‌ക്രീൻഷോട്ട് ലഭിച്ചതെന്ന് കണ്ടെത്തിയത്. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ജിതിൻ ഭാസ്‌കറിലേക്ക് പ്രത്യേക അന്വേഷണസംഘമെത്തിയത്. ഇയാൾ തന്നെയാണ് സ്‌ക്രീൻഷോട്ട് നിർമിച്ചതിന് പിന്നിലുമെന്നാണ് പൊലീസിൻറെ നിഗമനം.
2024 ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് സ്ഥാനാർഥിക്കെതിരെ പ്രചരിച്ചതാണ് കാഫിർ സ്‌ക്രീൻഷോട്ട്. യൂത്ത് ലീഗ് പ്രവർത്തകൻ മുഹമ്മദ് കാസിമിനെയാണ് ആദ്യം പൊലീസ് പ്രതി ചേർത്തത്. ഹൈക്കോടതി ഇടപെടലിനെ തുടർന്ന് നടത്തിയ അന്വേഷണമാണ് കേസിൽ വഴിത്തിരിവായത്.
Adjust Story Font
16

