കലാച്ചി- സിൻ വിവാദം; പ്രശ്നം വഷളാക്കിയത് രാധികയും പി.കെ രാജശേഖരനുമെന്ന് ഹരിത സാവിത്രി
ഈ വിവാദത്തിന് പിന്നിൽ തന്നോടുള്ള വ്യക്തമായ വെറുപ്പാണെന്നാണ് കരുതുന്നതെന്ന് ഹരിത മീഡിയവണിനോട് പറഞ്ഞു

കോഴിക്കോട്: കെ.ആർ മീരയുടെ 'കലാച്ചി'യും തന്റെ നോവലായ 'സിന്നും' തമ്മിലുള്ള പ്രമേയ സാമ്യ വിവാദം വഷളാക്കിയത് നിരൂപകൻ പി.കെ രാജശേഖരനും ഭാര്യ രാധിക സി. നായരുമാണെന്ന് എഴുത്തുകാരി ഹരിത സാവിത്രി. ഈ വിവാദത്തിന് പിന്നിൽ തന്നോടുള്ള വ്യക്തമായ വെറുപ്പാണെന്നാണ് കരുതുന്നതെന്ന് ഹരിത മീഡിയവണിനോട് പറഞ്ഞു. ഇന്ത്യയിലും സ്പെയിനിലുമായി ജീവിക്കുന്ന താൻ നാട്ടിലെ സാഹിത്യ വൃത്തങ്ങളിൽ സജീവമല്ലാത്തതിനാൽ എളുപ്പത്തിൽ ആക്രമിക്കാമെന്ന് അവർ കരുതിയിട്ടുണ്ടാകാമെന്നും ഹരിത കൂട്ടിച്ചേർത്തു.
പുസ്തകമോഷണത്തെക്കുറിച്ച് ആരുടെയും പേരെടുത്ത് പറയാതെ താൻ ഫേസ്ബുക്കിൽ ഇട്ട ഒരു പൊതുവായ പോസ്റ്റിൽ നിന്നാണ് യഥാർഥത്തിൽ പ്രശ്നങ്ങൾ തുടങ്ങുന്നത്. ബിജി ഡാനിയൽ എന്ന വ്യക്തി ഇതിനെക്കുറിച്ച് പോസ്റ്റിട്ടിരുന്നെങ്കിലും ആരും അത് കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ രാധിക സി. നായർ ഈ വിഷയം ഏറ്റെടുക്കുകയും തന്നെ ആക്രമിക്കാനുള്ള ഒരു വടിയായി ഇതിനെ മാറ്റുകയുമായിരുന്നു. ഈ വിവാദം ഇത്രത്തോളം വഷളാക്കിയതിന് പിന്നിൽ കെ.ആർ മീരയോ താനോ അല്ലെന്നും, പി.കെ രാജശേഖരനും രാധികയുമാണെന്ന് ഹരിത ആരോപിക്കുന്നു.
2026 ജനുവരിയിലാണ് കെ.ആർ മീരയുടെ കലാച്ചി താൻ വായിക്കാൻ തുടങ്ങുന്നത്. വായന പുരോഗമിക്കവേ അതിലെ ഫിദയുടെ യാത്രയ്ക്ക് സിൻ എന്ന നോവലിലെ സീതയുടെ യാത്രയുമായി സാമ്യമുണ്ടെന്ന് അനുഭവപ്പെട്ടെങ്കിലും താനത് ആരോടും പറഞ്ഞിരുന്നില്ല. എന്നാൽ, 2020ൽ ഇറങ്ങിയ കലാച്ചിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് 2022ൽ താൻ സിൻ എഴുതിയത് എന്ന തരത്തിലുള്ള രാധിക സി നായരുടെ പോസ്റ്റിനെ അടിസ്ഥാനമാക്കിയാണ് കെ.ആർ മീര ഇപ്പോൾ പ്രതികരിച്ചിരിക്കുന്നതെന്നും അവർ ചൂണ്ടിക്കാണിച്ചു.
തുർക്കിയിലെ കുർദുകൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന വംശഹത്യയും ദുരിതങ്ങളുമാണ് സിൻ എന്ന നോവൽ എഴുതാൻ തന്നെ പ്രേരിപ്പിച്ച പ്രധാന ഘടകമെന്ന് ഹരിത വിശദീകരിച്ചു. അതേസമയം, സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനങ്ങൾ ഉന്നയിക്കുമ്പോൾ ഉപയോഗിക്കുന്ന മോശം ഭാഷയെ അവർ നിശിതമായി വിമർശിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ എന്ന വ്യക്തിയെപ്പോലും ലൈംഗികാതിക്രമം നടത്തുന്ന ഒരാളെയെന്ന പോലെ ഉപമിക്കുന്ന തരത്തിലുള്ള ഭാഷ ഒരു നിരൂപകന്റെ ഭാഗത്ത് നിന്നും ഉണ്ടാകാൻ പാടില്ലാത്തതാണെന്നും, എം. കൃഷ്ണൻ നായരെപ്പോലുള്ള പഴയകാല നിരൂപകർ നിശിതമായി വിമർശിച്ചിരുന്നെങ്കിലും ഇത്തരം തരംതാണ ഭാഷ ഉപയോഗിച്ചിരുന്നില്ലെന്നും അവർ ഓർമിപ്പിച്ചു.
രാധിക സി നായരുടെ ഭാഗത്തുനിന്നുണ്ടായ പ്രകോപനപരമായ പരാമർശങ്ങൾ കൊണ്ടാണ് തനിക്ക് ഇപ്പോൾ പ്രതികരിക്കേണ്ടി വന്നതെന്ന് ഹരിത സാവിത്രി വ്യക്തമാക്കി. കെ.ആർ മീര അവരുടെ ഭാഗം വിശദീകരിച്ചു കഴിഞ്ഞു, താൻ തന്റെ ഭാഗവും വ്യക്തമാക്കി. ഈ വിവാദം ഇനിയും നീട്ടിക്കൊണ്ടുപോകാൻ തനിക്ക് ഒട്ടും താല്പര്യമില്ലെന്നും, സമാധാനപരമായി ജീവിക്കാനും ബാക്കിയുള്ള കാലം എഴുതാനുമാണ് താൻ ആഗ്രഹിക്കുന്നതെന്നും ഹരിത പറഞ്ഞു.
Adjust Story Font
16

