Quantcast

കല്ലുവാതുക്കൽ വിഷമദ്യ ദുരന്തക്കേസ്: മുദ്രവച്ച കവർ നിരസിച്ച് സുപ്രീംകോടതി

കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ഏഴാം പ്രതി മണിച്ചന്റെ ഭാര്യ ഉഷ സമർപ്പിച്ച ഹരജിയിലാണ് സംസ്ഥാന സർക്കാരിന്റെ നീക്കം കോടതി തടഞ്ഞത്

MediaOne Logo

Web Desk

  • Updated:

    2022-05-06 09:09:36.0

Published:

6 May 2022 9:04 AM GMT

കല്ലുവാതുക്കൽ വിഷമദ്യ ദുരന്തക്കേസ്: മുദ്രവച്ച കവർ നിരസിച്ച് സുപ്രീംകോടതി
X

ന്യൂഡൽഹി: കല്ലുവാതുക്കൽ വിഷമദ്യ ദുരന്തക്കേസുമായി ബന്ധപ്പെട്ട് മുദ്രവച്ച കവറിൽ റിപ്പോർട്ട് നൽകാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമം തള്ളി സുപ്രീംകോടതി. കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ഏഴാം പ്രതി മണിച്ചന്റെ ഭാര്യ അദ്ദേഹത്തിന്റെ മോചനം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിലാണ് കോടതിയുടെ നടപടി.

വിഷമദ്യ ദുരന്തക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മണിച്ചൻ 20 വർഷമായി ജയിലിൽ കഴിയുകയാണ്. ഇതു ചൂണ്ടിക്കാട്ടിയാണ് ഭാര്യ ഉഷ ശിക്ഷയിൽ ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ എ.എം ഖാൻവിൽക്കർ, അഭയ് എസ് ഓക എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. മണിച്ചന്റെ ഭാര്യയുടെ ആവശ്യത്തിൽ മൂന്നു മാസത്തിനുള്ളിൽ തീരുമാനം കൈക്കൊള്ളണമെന്ന് സംസ്ഥാന ജയിൽ ഉപദേശക സമിതിയോട് സുപ്രീംകോടതി കഴിഞ്ഞ ഫെബ്രുവരിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിൽ സമിതി കൈക്കൊണ്ട നിലപാട് വിലയിരുത്താൻ ഇന്ന് കോടതി ഹരജി വീണ്ടും പരിഗണിക്കുകയായിരുന്നു.

ഇതിനിടയിലാണ് സംസ്ഥാന സർക്കാരിന്റെ സ്റ്റാൻഡിങ് കോൺസൽ ഹർഷദ് ഹമീദ് മുദ്രവച്ച കവറിൽ രേഖകൾ കൈമാറാൻ ശ്രമിച്ചത്. എന്നാൽ, കേസുമായി ബന്ധപ്പെട്ട് രഹസ്യമായി ഒന്നുമില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി മുദ്രവച്ച കവർ തള്ളുകയായിരുന്നു. സർക്കാരിന് പറയാനുള്ളത് സത്യവാങ്മൂലമായി സമർപ്പിക്കാമെന്നും കോടതി വ്യക്തമാക്കി.

ഇതിനുശേഷവും കേസുമായി ബന്ധപ്പെട്ട് രഹസ്യവിവരങ്ങളുണ്ടെന്നും ഇതിനാൽ മുദ്രവച്ച കവറിൽ രേഖകൾ കൈമാറാൻ അനുവദിക്കണമെന്നും കോൺസൽ ആവശ്യപ്പെട്ടു. അങ്ങനെയെങ്കിൽ സർക്കാർ പ്രത്യേകം അപേക്ഷ നൽകണമെന്ന് കോടതി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് സർക്കാരിന് ഒരാഴ്ച സമയം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ഒരാഴ്ചയ്ക്കുശേഷം കേസ് വീണ്ടും പരിഗണിക്കും.

2000 ഒക്ടോബർ 21നാണ് 31 പേരുടെ ജീവനെടുത്ത കല്ലുവാതുക്കൽ വിഷമദ്യ ദുരന്തമുണ്ടായത്. കേസിലെ ഏഴാം പ്രതിയായ മണിച്ചന്റെ ഗോഡൗണിൽനിന്ന് മുഖ്യപ്രതിയായ താത്ത എന്നറിയപ്പെടുന്ന ഹൈറുന്നിസയുടെ വീട്ടിലെത്തിച്ച് വിതരണം ചെയ്ത മദ്യം കഴിച്ചാണ് കല്ലുവാതുക്കൽ, പട്ടാഴി, പള്ളിപ്പുറം തുടങ്ങിയ സ്ഥലങ്ങളിലെ ആളുകൾ മരിച്ചത്.

Summary: Supreme Court rejects sealed cover submitted by Kerala government in Kalluvathukkal hooch tragedy case

TAGS :

Next Story