Quantcast

'കാമ്പസിലെ ഏക സംഘടനാവാദികൾക്ക് എങ്ങനെ മോദിയെ ചെറുക്കാനാകും'; എസ്എഫ്‌ഐക്കെതിരെ ഒളിയമ്പെയ്ത് കാനം

"അവർ വിശ്വസിക്കുന്നത് ജനാധിപത്യത്തിലോ, സ്വേച്ഛാധിപത്യത്തിലോ? അവരാണ് മറുപടി പറയേണ്ടത്."

MediaOne Logo

Web Desk

  • Published:

    19 April 2022 6:11 AM GMT

കാമ്പസിലെ ഏക സംഘടനാവാദികൾക്ക് എങ്ങനെ മോദിയെ ചെറുക്കാനാകും; എസ്എഫ്‌ഐക്കെതിരെ ഒളിയമ്പെയ്ത് കാനം
X

ആലപ്പുഴ: എഐഎസ്എഫ് സംസ്ഥാന സമ്മേളനത്തിൽ സിപിഎം വിദ്യാർത്ഥി സംഘടന എസ്എഫ്ഐയെ പരോക്ഷമായി വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. 'ചില സംഘടനകൾ ഏക സംഘടനയിലേക്ക് വിദ്യാർത്ഥികളുടെ ജനാധിപത്യ അവകാശങ്ങൾ കൊണ്ടുവരാൻ വേണ്ടി പരിശ്രമിക്കുകയാണെന്ന' കാനം വിമർശിച്ചു. ഇങ്ങനെ പോയാൽ എങ്ങനെയാണ് മോദിയുടെ ഏകാധിപത്യ എതിർക്കാൻ പോകുന്നതെന്നും അദ്ദേഹം ചോദിച്ചു. ആലപ്പുഴ ടി.വി. തോമസ് സ്മാരക ടൗൺഹാളിൽ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കാനം.

'നമ്മൾ ജീവിക്കുന്നത് ജനാധിപത്യ സംവിധാനത്തിലാണ്. പാർലമെന്റും നിയമസഭയും ജനാധിപത്യത്തിന്റെ മഹത്തായ മാതൃകകളാണ്. അതെല്ലാം എത്രകാലം ഇങ്ങനെ നിലനിൽക്കും എന്നത് സംശയകരമാണ്. ചില സംഘടനകൾ ഏകധ്രുവ ലോകം എന്നെല്ലാം പറയുന്നതു പോലെ, ഏക സംഘടനയിലേക്ക് വിദ്യാർത്ഥികളുടെ ജനാധിപത്യ അവകാശങ്ങൾ കൊണ്ടുവരാൻ വേണ്ടി പരിശ്രമിക്കുകയാണ്. അവർ വിശ്വസിക്കുന്നത് ജനാധിപത്യത്തിലോ, സ്വേച്ഛാധിപത്യത്തിലോ? അവരാണ് മറുപടി പറയേണ്ടത്. ഞാനൊരു പുതിയ ആരോപണം ഉന്നയിക്കുകയല്ല. വിദ്യാർത്ഥികളിൽ ജനാധിപത്യ വിശ്വാസം വളർത്തിയെടുക്കാതെ, രാഷ്ട്രീയത്തെ കുറിച്ച് അവർക്ക് ധാരണകൾ നൽകാതെ മുമ്പോട്ടു പോയാൽ എങ്ങനെയാണ് നമ്മൾ നരേന്ദ്രമോദിയുടെ സ്വേച്ഛാധിപത്യത്തെയും ഏകാധിപത്യത്തെയും എതിർക്കാൻ പോകുന്നത്?' - അദ്ദേഹം ചോദിച്ചു.

യൂണിവേഴ്‌സിറ്റികൾ ഹിന്ദുത്വവാദം അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രങ്ങളായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 'ഡൽഹി ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിൽ കഴിഞ്ഞ ദിവസം ഉണ്ടായ സംഘർഷം ഏതെങ്കിലും ഒരു വിദ്യാഭ്യാസ പ്രശ്‌നത്തിന് വേണ്ടിയായിരുന്നില്ല. രാമനവമിക്ക് സസ്യാഹാരമാണോ മാംസാഹാരമാണോ കഴിക്കേണ്ടത് എന്ന പ്രശ്‌നമാണ് അവിടെ ചർച്ച ചെയ്തത്. ആശയസംവാദത്തിന്റെ കേന്ദ്രമായിരുന്ന യൂണിവേഴ്‌സിറ്റികൾ ഇന്ന് ഹിന്ദുത്വവാദം അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രങ്ങളായി മാറി. മതരാഷ്ട്ര സങ്കൽപ്പത്തിലേക്ക് രാജ്യത്തെ നയിക്കാനാണ് സവർണ ഫാസിസ്റ്റുകൾ പരിശ്രമിച്ചു കൊണ്ടിരിക്കുന്നത്.' - കാനം ചൂണ്ടിക്കാട്ടി.

'ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതകൾ ഒരേ പോലെ അപടകരമാണ്. ഇവ രണ്ടും ഏറ്റുമുട്ടുമ്പോൾ നമുക്ക് കാഴ്ചക്കാരായി നോക്കിനിൽക്കാൻ കഴിയില്ല. പുതുതലമുറയിൽ മതനിരപേക്ഷത വളർത്തിക്കൊണ്ടു വരണം. രാജ്യത്തിന്റെ പൊതുകാര്യങ്ങളിൽ വർഗീയ സംഘടനകളെ ഒഴിവാക്കി നിർത്തണം. സാമൂഹ്യമാറ്റത്തിന് വേണ്ടി വിദ്യാഭ്യാസത്തെ ഉപയോഗപ്പെടുത്തണം. ദൈർഘ്യമേറിയ സ്വാതന്ത്ര്യ സമരത്തിൽ സജീവമായ പങ്കാളിത്തമാകാൻ എഐഎസ്എഫിന് മാത്രമാണ് സാധിച്ചിട്ടുള്ളത്. ബ്രിട്ടീഷുകാർക്കെതിരായ സമരത്തിൽ നമ്മുടെ ക്യാമ്പസുകളെ ഇളക്കിമറിക്കാനും വിദ്യാർത്ഥികളെ അതിന്റെ ഭാഗമാക്കി മാറ്റാനും എഐഎസ്എഫിന് മുമ്പ് കഴിഞ്ഞിട്ടുണ്ട്. രാജ്യം വിഭജിക്കുന്നതിന് മുമ്പ് കന്യാകുമാരി മുതൽ വടക്കോട്ട് എല്ലാ ക്യാമ്പസുകളിലും സംഘടനയുടെ സാന്നിധ്യമുണ്ടായിരുന്നു.' - അദ്ദേഹം പറഞ്ഞു.

Sumamry: Alappuzha: CPI state secretary Kanam Rajendran indirectly criticized the CPM student body SFI at the AISF state conference. "Some organizations are trying to bring the democratic rights of students into a single organization," he said.

TAGS :

Next Story