Quantcast

ഏഴ് മണിക്ക് രണ്ട് മിനിറ്റ് സൈറൺ മുഴങ്ങും; കുട്ടികളുടെ സ്ക്രീൻ ടൈം കുറയ്ക്കാൻ പദ്ധതിയുമായൊരു കന്നഡ ഗ്രാമം

കുട്ടികളെ മത്സരക്ഷമതയുള്ളവരാക്കി മാറ്റുകയും ഉന്നത വിദ്യാഭ്യാസത്തിനുള്ള വാതിലുകൾ തുറക്കുകയും ചെയ്യുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് പ്രദേശവാസികൾ പറയുന്നു

MediaOne Logo

ലാൽകുമാർ

  • Updated:

    2026-01-06 11:02:58.0

Published:

6 Jan 2026 4:31 PM IST

ഏഴ് മണിക്ക് രണ്ട് മിനിറ്റ് സൈറൺ മുഴങ്ങും; കുട്ടികളുടെ സ്ക്രീൻ ടൈം കുറയ്ക്കാൻ പദ്ധതിയുമായൊരു കന്നഡ ഗ്രാമം
X

ബം​ഗളൂരു: പുതിയ തലമുറയ്ക്ക് മൊബൈൽ ഒരു ലഹരിയായി മാറിയിരിക്കുകയാണ്. പ്രായ വ്യത്യാസമില്ലാതെ അവയിൽ അടിമകളായിപ്പോവുന്നതായി കാണാം. കുട്ടികളുടെ പഠനത്തെ മുതൽ മാനസിക ആരോ​ഗ്യത്തെ വരെ പലപ്പോഴും സ്ക്രീൻ ടൈം തകർക്കുന്നു. പഠന സമയത്തെയും കൂട്ടുകാരോടൊപ്പമുള്ള ഇടവേളകളെയും അവ കവരുന്നു.

എന്നാൽ, ഇതിനൊരു പരിഹാരമായി രംഗത്തെത്തിയിരിക്കുകയാണ് വടക്കൻ കർണാടകയിലെ ഒരു ​ഗ്രാമം. ബെലഗാവി ജില്ലയിലെ ഹലഗ ഗ്രാമത്തിൽ എല്ലാ വൈകുന്നേരവും ഏഴ് മണിക്ക് ശിവാജി സ്മാരകത്തിന്റെ മുകളിലായി രണ്ട് മിനിറ്റ് സൈറൺ മുഴങ്ങും.

അതോടുകൂടി തെരുവുകളിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികൾ വീട്ടിലേക്ക് ഓടാൻ തുടങ്ങുന്നു. അടുത്ത രണ്ട് മണിക്കൂർ അവർ തടസ്സമില്ലാതെ പഠിക്കും. ഓരോ മൊബൈലും അടുത്തുള്ള പോലീസ് സ്റ്റേഷനുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും വീഡിയോകൾ കാണുകയോ ഗെയിമുകൾ കളിക്കുകയോ ചെയ്യുന്ന കുട്ടിയെ പൊലീസ് പിടികൂടുമെന്നും തങ്ങൾ അവരോട് പറഞ്ഞിട്ടുള്ളതായി പ്രദേശവാസികൾ പറയുന്നു. വൈകുന്നേരം 7 നും രാത്രി 9 നും ഇടയിൽ കുറഞ്ഞത് 70% ടിവികളും ഓഫാണെന്നും മൊബൈലുകൾ ഉപയോഗിക്കുന്നില്ലെന്നും കാണാൻ കഴിയുന്നതായും പ്രദേശവാസികൾ പറയുന്നു.

കുട്ടികൾക്ക് വൈകുന്നേരം രണ്ട് മണിക്കൂർ നിർബന്ധിത പഠന സമയം പ്രഖ്യാപിച്ചതിലൂടെ ഹലഗ ഗ്രാമം വാർത്തകളിൽ ഇടം നേടിയിത്. ഈ സമയത്ത് ടിവിയും മൊബൈൽ ഫോണുകളും ഓഫ് ചെയ്യാൻ ഗ്രാമത്തിലെ മുതിർന്നവർ മാതാപിതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

യുവാക്കളിൽ വർദ്ധിച്ചുവരുന്ന സ്‌ക്രീൻ സമയത്തെപറ്റി ഗ്രാമപഞ്ചായത്ത് ആശങ്കരാണെന്ന് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് സദാനന്ദ് ബസ്വന്ത് ബിൽഗോജി പറയുന്നു. 2021ൽ, കോവിഡ് വൈറസിനെ പരാജയപ്പെടുത്താൻ കഴിഞ്ഞതായും, എന്നാൽ അത് ബാക്കിയാക്കിയ സ്‌ക്രീൻ ആസക്തി എന്ന വൈറസ് അവതരിച്ചതായും അദ്ദേഹം പറയുന്നു. മൊബൈൽ ഫോണുകൾ ഉപയോഗിച്ച് പഠിക്കാൻ അവരെ നിർബന്ധിച്ചു. എന്നാൽ എളുപ്പത്തിൽ പരിഹരിക്കാൻ കഴിയാത്ത ഒരു പ്രശ്നമായി അത് മാറി. മഹാരാഷ്ട്രയിലെ സാംഗ്ലിയിലെ ധുലേഗാവിൽ നടപ്പിലാക്കിയ മൊബൈൽ നിരോധനത്തിൽ നിന്നാണ് പ്രചോദനം. ഗ്രാമപഞ്ചായത്തിൽ ഒരു പ്രമേയം പാസാക്കി. ഒരു സൈറൺ വാങ്ങി, ഡിസംബർ 17 മുതൽ പരീക്ഷണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

ഗാഡ്‌ജെറ്റുകളിലും ടെലിവിഷനിലും ആകൃഷ്ടരായ വിദ്യാർഥികളിൽ പഠനശീലം വളർത്തിയെടുക്കുന്നതിനായി മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ പാർലി തെഹ്‌സിലിലെ നാഗപൂർ ഗ്രാമം പദ്ധതി ആരംഭിച്ചിരുന്നു. 'സൈറൺ ബ്ലോസ് ഫോർ സ്റ്റഡി കാമ്പെയ്‌ൻ' എന്ന പേരിൽ, ഗ്രാമത്തിലുടനീളമുള്ള വിദ്യാർഥികൾ എല്ലാ വൈകുന്നേരവും രണ്ട് മണിക്കൂർ പഠനത്തിനായി മാറ്റിവെയ്ക്കുന്നതായിരുന്നു പദ്ധതി. ഗ്രാമപഞ്ചായത്ത് അംഗങ്ങളും സന്നദ്ധപ്രവർത്തകരും ആഴ്ചയിൽ രണ്ടുതവണ വീടുകൾ സന്ദർശിച്ച് പുരോഗതി നിരീക്ഷിക്കും. കുട്ടികളെ മത്സരക്ഷമതയുള്ളവരാക്കി മാറ്റുകയും ഉന്നത വിദ്യാഭ്യാസത്തിനുള്ള വാതിലുകൾ തുറക്കുകയും ചെയ്യുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് പ്രദേശവാസികൾ പറയുന്നു.

TAGS :

Next Story