ഏഴ് നിലയെന്ന് രേഖപ്പെടുത്തി നിർമിച്ചത് 10 നില കെട്ടിടം; കണ്ണൂരിലെ അനധികൃത കെട്ടിടം പൊളിച്ച് തുടങ്ങി
കാല്‍ടെക്‌സിലെ 10 നില കെട്ടിടമാണ് കോര്‍പ്പറേഷന്‍ നിര്‍ദേശത്തെ തുടര്‍ന്ന് പൊളിക്കുന്നത്

കണ്ണൂര്‍: ചട്ടങ്ങള്‍ ലംഘിച്ച് കണ്ണൂര്‍ നഗരമധ്യത്തില്‍ നിര്‍മ്മിച്ച ബഹുനിലക്കെട്ടിടം പൊളിച്ച് നീക്കാന്‍ തുടങ്ങി. കാല്‍ടെക്‌സിലെ 10 നില കെട്ടിടമാണ് കോര്‍പ്പറേഷന്‍ നിര്‍ദേശത്തെ തുടര്‍ന്ന് പൊളിക്കുന്നത്. നിയമലംഘനത്തിന്റെ പേരില്‍ കണ്ണൂര്‍ നഗരത്തില്‍ പൊളിച്ച് നീക്കുന്ന ആദ്യത്തെ കെട്ടിടം കൂടിയാണ് കാല്‍ടെക്‌സിലേത്.
കോര്‍പ്പറേഷനില്‍ നല്‍കിയ പ്ലാനിന് വിരുദ്ധമായി ഒന്നിലേറെ ചട്ടങ്ങള്‍ ലംഘിച്ചു കൊണ്ടാണ് കലക്ട്രേറ്റിന് തൊട്ടു മുന്നില്‍ ബഹുനില കെട്ടിടം പൊങ്ങിയത്. ഏഴു നിലക്ക് മാത്രം ലഭിച്ച അനുമതി ഉപയോഗിച്ച് 10 നില കെട്ടിമാണ് നഗരഹൃദയത്തില്‍ ഉയര്‍ന്നത്.
ഒരു കാര്യത്തില്‍ മാത്രം ഒതുങ്ങിയില്ല ചട്ടലംഘനം. ആവശ്യമായ പാര്‍ക്കിങ്ങോ, സ്ഥലസൗകര്യമോ ഒന്നും പരിഗണിക്കാതെ അടിമുടി നിയമവിരുദ്ധമായാണ് കെട്ടിടം കെട്ടിപൊക്കിയത്. 10 നില പൂര്‍ത്തിയായി 10 വര്‍ഷം കഴിയുന്ന ഘട്ടത്തിലാണ് നഗരമധ്യത്തിലെ പടുകൂറ്റന്‍ കെട്ടിടം പൊളിച്ചു നീക്കാന്‍ കോര്‍പ്പറേഷന്‍ അന്ത്യശാസനം നല്‍കിയത്.
കാല്‍ടെക്‌സിലെ തിരക്കേറിയ സ്ഥലത്ത് പാതി വഴിയില്‍ നിന്നിരുന്ന കെട്ടിടം ഒരാഴ്ച മുന്‍പാണ് പൊളിച്ചു തുടങ്ങിയത്. ആധുനിക സംവിധാനങ്ങള്‍ കെട്ടിടത്തിന് ക്രെയിന്‍ ഉപയോഗിച്ച് എത്തിച്ചാണ് പൊളിക്കല്‍. ജനങ്ങളുടെയും സമീപത്തെ കെട്ടിടങ്ങളുടെയും സുരക്ഷ കൂടി കണക്കിലെടുത്ത് വളരെ ജാഗ്രതയോടെ കെട്ടിടത്തിന്റെ ഓരോ ഭാഗങ്ങളായാണ് പൊളിച്ചു നീക്കുന്നത്. നിയമലംഘനങ്ങള്‍ പരിഹരിച്ച് കെട്ടിടം നിലനിര്‍ത്താന്‍ നടത്തിയ പരിശ്രമങ്ങള്‍ എല്ലാം മറികടന്നാണ് കോര്‍പ്പറേഷന്‍ തീരുമാനമെടുത്തത്.
Adjust Story Font
16

