വഖഫ് ബില്ലിനെതിരെ കോടതിയെ സമീപിക്കും: സമസ്ത കാന്തപുരം വിഭാഗം
രാജ്യത്തെ പൗരൻമാർക്കിടയിൽ വിഭാഗീയത സൃഷ്ടിക്കുകയാണ് ബില്ലിന്റെ ലക്ഷ്യമെന്ന് സമസ്ത മുശാവറ അഭിപ്രായപ്പെട്ടു.

കോഴിക്കോട്: രാജ്യത്തിന്റെ മതേതര മൂല്യങ്ങളും ന്യൂനപക്ഷ അവകാശങ്ങളും കവർന്നെടുക്കുന്ന ഭരണഘടനാ വിരുദ്ധമായ വഖഫ് ഭേദഗതി ബില്ലിനെതിരെ കോടതിയെ സമീപിക്കുമെന്ന് സമസ്ത കാന്തപുരം വിഭാഗം. പ്രസിഡന്റ് ഇ. സുലൈമാൻ മുസ്‌ലിയാരുടെ അധ്യക്ഷതയിൽ ചേർന്ന സമസ്ത മുശാവറ യോഗത്തിലാണ് തീരുമാനം. ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ യോഗം ഉദ്ഘാടനം ചെയ്തു.
എല്ലാ മതവിഭാഗങ്ങളെയും തുല്യമായി കാണുന്നതിന് പകരം അവർക്കിടയിൽ വിഭാഗീയതയാണ് ഈ ബില്ല് സൃഷ്ടിക്കുക. ഇന്ത്യൻ ഭരണഘടന രാജ്യത്തെ പൗരൻമാർക്ക് നൽകുന്ന മൗലികാവകാശങ്ങൾ ഹനിക്കുന്നതാണ് ഈ ബില്ല്. വഖഫ് സ്വത്തുക്കളെ ഇല്ലായ്മ ചെയ്യാനുമുള്ള നീക്കമാണ് ഈ ബില്ലിന് പിന്നിൽ. പാർലമെന്റിൽ മതേതര രാഷ്ട്രീയപ്പാർട്ടികൾ ഉന്നയിച്ച പല ചോദ്യങ്ങൾക്കും സർക്കാറിന് കൃത്യമായ ഉത്തരം നൽകാൻ കഴിഞ്ഞിട്ടില്ല. ഈ പ്രതിസന്ധി ഘട്ടത്തിൽ നീതിപീഠത്തെ സമീപിക്കുക മാത്രമേ വഴിയുള്ളൂ എന്ന് സമസ്ത മുശാവറ അഭിപ്രായപ്പെട്ടു.
സയ്യിദ് അലി ബാഫഖി, സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരി, പേരോട് അബ്ദുറഹ്മാൻ സഖാഫി, കെ.പി മുഹമ്മദ് മുസ്ലിയാർ കൊമ്പം, സി. മുഹമ്മദ് ഫൈസി പന്നൂർ, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
Adjust Story Font
16

