Quantcast

കരുവന്നൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്; 13 സീറ്റുകളിലും എല്‍ഡിഎഫിന് ജയം

പത്തുവർഷത്തിന് ശേഷമാണ് ബാങ്കിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്

MediaOne Logo

Web Desk

  • Published:

    22 Feb 2026 5:14 PM IST

കരുവന്നൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്; 13 സീറ്റുകളിലും എല്‍ഡിഎഫിന് ജയം
X

തൃശൂര്‍: കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ സിപിഎം പാനലിന് ജയം. 11 സീറ്റുകളിലേക്ക് സിപിഎം ജയമുറപ്പിച്ചു. നേരത്തെ രണ്ട് സീറ്റുകളില്‍ എതിരില്ലാതെ എല്‍ഡിഎഫ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിലാണ് കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ഭരണസമിതി സിപിഎം പിടിച്ചെടുത്തിരിക്കുന്നത്. ആകെയുണ്ടായിരുന്ന 13 സീറ്റിലും സിപിഎം വിജയിച്ചു. നേരത്തെ, രണ്ട് സീറ്റുകളിലേക്ക് എല്‍ഡിഎഫ് പ്രതിനിധികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പതിനായിരത്തിലധികം വോട്ടുകളുണ്ടായിരുന്നിട്ടും 3033 വോട്ടുകളാണ് തെരഞ്ഞെടുപ്പില്‍ ഇത്തവണ രേഖപ്പെടുത്തപ്പെട്ടത്.

വിജയം തങ്ങളെ ഉന്മത്തരാക്കുകയില്ലെന്നും കരുവന്നൂരിലെ സഹകാരികളോട് നന്ദി രേഖപ്പെടുത്തുകയാണെന്നും ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി മനോജ് കുമാര്‍ പ്രതികരിച്ചു. 'ഈ വിജയം ഞങ്ങളെ കൂടുതല്‍ ഉത്തരവാദിത്തമുള്ളവരാക്കി മാറ്റുകയാണ്. കരുവന്നൂര്‍ ബാങ്കിനെ സംബന്ധിച്ചിടത്തോളം ചില ഉദ്യോഗസ്ഥന്മാര്‍ നടത്തിയ ക്രമക്കേട് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേയും ഇടതുപക്ഷത്തിന്റേയും തോളില്‍ വെച്ചുകെട്ടാനാണ് വലതുപക്ഷ രാഷ്ട്രീയം ശ്രമിച്ചത്. എത്രയും പെട്ടെന്ന് തന്നെ ചുമതലയേല്‍ക്കാനാകുമെന്നാണ് കരുതുന്നത്'. അദ്ദേഹം വ്യക്തമാക്കി.

സഹകരണ ബാങ്ക് തട്ടിപ്പിന് പിന്നാലെ കരുവന്നൂരില്‍ ഇതുവരെ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയിരിക്കുകയായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ ബാങ്കിലെ പുതിയ ഭരണസമിതിയെ കണ്ടെത്തി വിഷയം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചിരുന്നു.

പത്തുവര്‍ഷത്തിന് ശേഷമാണ് ബാങ്കിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. കാലങ്ങളായി സിപിഎം ഭരിച്ചിരുന്ന ബാങ്ക് 2020 മുതല്‍ അഡ്മിനിസ്‌ട്രേറ്റീവ് സമിതിയുടെ നിയന്ത്രണത്തിലാണ്. ക്രമക്കേടും തട്ടിപ്പും കണ്ടെത്തി ബാങ്ക് സെക്രട്ടറി പരാതി നല്‍കി പൊലീസ് കേസെടുത്തതോടെ ഭരണസമിതിയെ പിരിച്ചുവിട്ടു. മൊത്തമുള്ള 15,000 അംഗങ്ങളില്‍ ഭൂരിപക്ഷവും സിപിഎം അനുഭാവികളാണ്.

TAGS :

Next Story