Quantcast

ഓക്‌സിജൻ സിലിണ്ടറിനായി പൊതുജനങ്ങളോട് സഹായം അഭ്യർത്ഥിച്ച് കലക്ടർ; പ്രതിഷേധവുമായി ജനങ്ങൾ

വാക്‌സിൻ വാങ്ങാനും പിരിവ്, ഓക്‌സിജൻ വാങ്ങാനും പിരിവ്, നികുതി വാങ്ങാൻ വേണ്ടി മാത്രം ഒരു ഭരണകൂടം ഇവിടെ ആവശ്യമുണ്ടോ ?

MediaOne Logo

Web Desk

  • Published:

    12 May 2021 11:16 AM GMT

ഓക്‌സിജൻ സിലിണ്ടറിനായി പൊതുജനങ്ങളോട് സഹായം അഭ്യർത്ഥിച്ച് കലക്ടർ; പ്രതിഷേധവുമായി ജനങ്ങൾ
X

കാസർകോട് ജില്ലയിലെ ആശുപത്രികളിൽ ഓക്‌സിജൻ ക്ഷാമം തുടരുന്നതിനിടെ ജില്ലാ ഭരണകൂടത്തിനെതിരേ പ്രതിഷേധവുമായി ജനങ്ങൾ. ജില്ലയിൽ ഓക്‌സിജൻ സിലണ്ടറിന് ക്ഷാമം നേരിടുന്നത് കണക്കിലെടുത്ത് ജില്ലാ കലക്ടർ ഫേസ്ബുക്കിൽ ഓക്‌സിജൻ സിലിണ്ടർ ചലഞ്ചുമായി രംഗത്ത് വന്നിരുന്നു.

സാമൂഹിക സാംസ്‌കാരിക വ്യാവസായിക സന്നദ്ധ സേവന രംഗത്തെ ആളുകളും കൂട്ടായ്മകളും ആരോഗ്യ - വ്യാവസായിക ആവശ്യത്തിനും മറ്റും ഉപയോഗിക്കുന്ന ഡി-ടൈപ്പ് സിലിണ്ടറുകൾ ജില്ലയ്ക്കുവേണ്ടി സംഭാവന ചെയ്ത് ജില്ലയുടെ സിലിണ്ടർ ചലഞ്ചിൽ പങ്കാളികളാവണം എന്നാണ് ജില്ലാ കളക്ടറുടെ അഭ്യർത്ഥന.

ഈ പോസ്റ്റിനു താഴെയാണ് ജനങ്ങൾ പ്രതിഷേധവുമായി എത്തിയത്. കോവിഡ് ഒന്നാം വരവിൽ തന്നെ ജില്ലയിലെ ആരോഗ്യമേഖല പ്രതിസന്ധി നേരിടാൻ പര്യാപതമല്ലെന്ന് മനസിലാക്കിയിട്ടും രണ്ടാം വരവ് നേരിടാൻ യാതൊരു മുന്നൊരുക്കവും നടത്തിയില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം. കഴിഞ്ഞ പ്രാവശ്യം കൊട്ടിഘോഷിച്ച് തുറന്നുകൊടുത്ത മെഡിക്കൽ കോളജിന്റെയും ടാറ്റാ കോവിഡ് ആശുപത്രിയുടെയും ഇന്നത്തെ അവസ്ഥയും ജനങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്. ' ഇങ്ങനെ എല്ലാത്തിനും ചലഞ്ച് നടത്താനാണെങ്കിൽ എന്തിനാണ് ഇവിടെയൊരു ജില്ലാ ഭരണകൂടവും സർക്കാറുമെന്നും ചിലർ ചോദിക്കുന്നുണ്ട്.

കേരളത്തിൽ സർപ്ലസ് ഓക്‌സിജൻ ഉണ്ടെന്ന് അവകാശപെട്ടിട്ടും ജില്ലയോട് കാണിക്കുന്ന അവഗണനക്കെതിരേയും ശക്തമായ പ്രതിഷേധം പോസ്റ്റിനു താഴെ വരുന്നുണ്ട്. വാക്‌സിൻ വാങ്ങാനും പിരിവ്, ഓക്‌സിജൻ വാങ്ങാനും പിരിവ്, നികുതി വാങ്ങാൻ വേണ്ടി മാത്രം ഒരു ഭരണകൂടം ഇവിടെ ആവശ്യമുണ്ടോ എന്നും ചിലർ ചോദിക്കുന്നു.

ചിലർ കലക്ടറെ പിന്തുണച്ചും രംഗത്ത് വന്നിട്ടുണ്ട്. പ്രതിസന്ധി ഘട്ടത്തിലല്ല നമ്മൾ പ്രതിഷേധിക്കേണ്ടതെന്നാണ് അവരുടെ വാദം.

അതേസമയം ഓക്സിജൻ ആവശ്യമുള്ള രോഗികളെ പ്രവേശിപ്പിക്കുന്നത് ചില സ്വകാര്യ ആശുപത്രികൾ താൽക്കാലികമായി നിർത്തി. ചികിത്സയിലുള്ള രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. തിങ്കളാഴ്ച മുതലാണ് ജില്ലയിൽ ഓക്സജിൻ ക്ഷാമം രൂക്ഷമാകാൻ തുടങ്ങിയത്. ശനിയാഴ്ച മുതൽ മംഗളൂരുവിൽ നിന്ന് കാസർകോട്ടേക്കുള്ള ഓക്സിജൻ വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ് പ്രതിസന്ധി ആരംഭിച്ചത്. കണ്ണൂരിൽ നിന്ന് കാസർകോട്ടേക്ക് ഓക്സിജൻ സിലിണ്ടർ എത്തിക്കുന്നുണ്ടെങ്കിലും കണ്ണൂരിൽ ഓക്സജിൻ ഉത്പാദിപ്പിക്കുന്ന കമ്പനിയായ ബാൽകോയുടെ ഉത്പാദനം ജില്ലയുടെ ആവശ്യങ്ങൾക്ക് മതിയാകുന്നില്ല. ദിനംപ്രതി 500 ഓളം ഓക്സിജൻ സിലിണ്ടറുകളാണ് ജില്ലയിലെ എല്ലാ ആശുപത്രികളിലുമായി ആവശ്യമുള്ളത്. പക്ഷേ ഇതിന്റെ പകുതി പോലും ഇപ്പോൾ ലഭിക്കുന്നില്ല. 200 സിലണ്ടറുകൾ മാത്രമാണ് ഇപ്പോൾ ലഭിക്കുന്നത്.

*കാസർകോടിനായി* *#ഓക്സിജൻ സിലിണ്ടർ ചലഞ്ച്*

നമ്മുടെ ജില്ലയിലെ പൊതു സ്വകാര്യ ആശുപത്രികളിൽ അനുഭവപ്പെട്ടെക്കാവുന്ന ഓക്സിജൻ...

Posted by District Collector Kasaragod on Tuesday, 11 May 2021








TAGS :

Next Story