'113 വണ്ടിയും മേയര്‍ക്ക് തിരികെ കൊടുക്കാം,ഞങ്ങളുടെ സ്റ്റാന്‍ഡും സ്റ്റാഫും വര്‍ക്ക്ഷോപ്പും ഉപയോഗിക്കരുത്': സിറ്റി ബസ് വിവാദത്തിൽ തിരുവനന്തപുരം മേയർക്ക് മറുപടിയുമായി കെ. ബി ഗണേഷ് കുമാർ
മേയർ കത്ത് നൽകിയാൽ 113 വണ്ടികളും കോർപ്പറേഷന് തിരികെ നൽകുമെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം: സിറ്റി ബസ് വിവാദത്തിൽ തിരുവനന്തപുരം മേയർ വി.വി രാജേഷിന് മറുപടിയുമായി ഗതാഗതമന്ത്രി കെബി ഗണേഷ് കുമാർ. കെഎസ്ആർടിസിക്ക് നൽകിയ ഇലക്ട്രിക് ബസുകൾ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് എഴുതിതന്നാൽ 24 മണിക്കൂറിനുള്ളിൽ 113 വണ്ടികളും കോർപ്പറേഷന് തിരികെ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കോർപ്പറേഷന് അത് കൊണ്ടുപോയി ഇഷ്ടമുള്ള സ്ഥലത്തിടാം. കെഎസ്ആർടിസിയുടെ ഡിപ്പോയിലൊന്നും ഇടാൻ പറ്റില്ല. സ്മാർട്ട് സിറ്റി പദ്ധതിയിലുള്ളത് 113 ബസുകളാണ്. മറ്റ് 50 ബസുകൾ കെഎസ്ആർടിസിയുടേതാണ്. ബസുകൾ തിരുവനന്തപുരം കോർപ്പറേഷൻ വാങ്ങിതന്നു എന്ന് പറയാൻ സാധിക്കില്ല. സ്മാർട്ട് സിറ്റി പദ്ധതിയുടെ സെൻ്ട്രൽ ഷെയർ 500 കോടിയാണ്. സ്റ്റേറ്റ് ഷെയർ 500 കോടി രൂപയാണ്. കോർപ്പറേഷന്റേതായി 135.7 കോടി രൂപയാണ് ചെലവഴിച്ചത്. 60% തുകയും സംസ്ഥാന സർക്കാരിൻ്റേതാണ്. ഇതിൽ നിന്ന് വാങ്ങിയതാണ് ബസുകൾ. കോർപറേഷന്റെ തനതു ഫണ്ടോ പ്ലാൻ ഫണ്ടോ ആകാം. അതും സംസ്ഥാന ഖജനാവിൽനിന്നു വരുന്നതാണ്. താൻ അധികാരത്തിൽ വരുമ്പോൾ 2500 രൂപയായിരുന്നു ബസുകളുടെ പ്രതിദിന വരുമാനം. ഇപ്പോൾ അത് 9000 രൂപ വരെയാക്കിയിട്ടുണ്ട്. വണ്ടികളുടെ നവീകരണമടക്കം കെഎസ്ആർടിസിയാണ് ചെയ്യേണ്ടതെന്നും ഗണേഷ് കുമാർ പറഞ്ഞു.
ഈ വണ്ടി ഓടിയിട്ടല്ല കെഎസ്ആർടിസി ലാഭത്തിലായത്. സിറ്റി ബസുകളിൽ ഒന്നും തിരുവനന്തപുരത്തിന് പുറത്ത് ഓടുന്നില്ല. മറ്റു ബസുകളുടെ ടയർ 60,000 കി.മീ വരെ പോകുമ്പോൾ ഇതിന് 30,000 കി.മീ വരെയേ കിട്ടുകയുള്ളു. ഇത്തരം ബസുകളുടെ മെയിൻ്റയൻസിന് ഭയങ്കര ചെലവാണ്. വണ്ടിയുടെ ബാറ്ററി മാറാൻ 28 ലക്ഷം രൂപ വേണം. ഈ രൂപയ്ക്ക് ഒരു ഡീസൽ മിനി ബസ് കിട്ടും.
മേയർ കത്ത് നൽകിയാൽ 113 വണ്ടികളും തിരിച്ചു നൽകും. കെഎസ്ആർടിസി 150 എണ്ണം പുറത്തുനിന്ന് കൊണ്ടുവന്ന് ഓടിക്കും. നെയ്യാറ്റിൻകരയ്ക്കും ആറ്റിങ്ങലിനും ഓടുന്നത് തങ്ങളുടെ വണ്ടികളാണ്. ആ വണ്ടികൾ ഓടിക്കാൻ ആരുടെയും അനുവാദം ആവശ്യമില്ല. നഗരത്തിനു പുറത്തുനിന്നുള്ളവരെ ബസിൽ കയറ്റാൻ പറ്റില്ലെന്ന് സർക്കാരിനു പറയാൻ കഴിയില്ല. പീക്ക് അവേഴ്‌സിൽ സിറ്റിക്കകത്ത് ഓടിയതിനുശേഷം സബർബനിലുള്ള യാത്രക്കാരെ കൂടി സിറ്റിയിലേക്ക് കൊണ്ടുവരണം എന്ന് കരാറിൽ പറഞ്ഞിട്ടുണ്ട്. മേയറെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്. കരാർ വായിച്ച് പഠിച്ചിട്ട് മറുപടി പറയണമെന്നും മന്ത്രി പറഞ്ഞു. സ്മാർട് സിറ്റിയുടെ ഭാഗമായി കോർപ്പറേഷൻ കെഎസ്ആർടിസിക്കു നൽകിയ 113 ഇലക്ട്രിക് ബസുകളെ നഗരത്തിനുള്ളിൽതന്നെ സർവീസ് നടത്തായാൽ മതി എന്നായിരുന്നു രാജേഷ് പറഞ്ഞത്.
Adjust Story Font
16

