പത്തനാപുരത്ത് യുഡിഎഫ് - ബിജെപി ഡീൽ ആരോപണവുമായി കെ.ബി ഗണേഷ് കുമാർ; കണക്കുകൾ നിരത്തി ഫേസ്ബുക്ക് പോസ്റ്റ്
'പത്തനാപുരത്ത് എൻഡിഎ സ്ഥാനാർഥിക്ക് ലഭിച്ചത് 7031 വോട്ട് മാത്രം'

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ പത്തനാപുരത്ത് യുഡിഎഫ് -ബിജെപി ഡീൽ നടന്നുവെന്ന് കെ.ബി ഗണേഷ് കുമാർ. പത്തനാപുരത്ത് എൻഡിഎ സ്ഥാനാർഥിക്ക് ലഭിച്ചത് 7031 വോട്ട് മാത്രം. 2016ൽ 11,700ഉം 2021ൽ 12,398ഉം വോട്ട് ലഭിച്ച സ്ഥാനത്താണ് ഈ കുറവ് വന്നത്. ഈ കണക്കുകളിൽ നിന്നും ഡീൽ വ്യക്തമെന്നും ഗണേഷ് കുമാർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
പത്തനാപുരത്ത് ഗണേഷ് കുമാർ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെ വോട്ട് ശതമാനത്തിലുണ്ടായ വലിയ ഇടിവ് സംഭവിക്കാനുണ്ടായ കാരണമെന്താണെന്നത് സംബന്ധിച്ച് കേരള കോൺഗ്രസ് (ബി)യുടെ നേതൃത്വത്തിൽ പരിശോധന നടത്തിയിരുന്നു. അതിന് പിന്നാലെയാണ് യുഡിഎഫ് - ബിജെപി ഡീൽ നടന്നതായുള്ള ആരോപണവുമായി ഗണേഷ് കുമാർ രംഗത്തെത്തിയത്.
2016ൽ ഭീമൻ രഘു മത്സരിച്ചപ്പോൾ 11,700 വോട്ടുകളും, 2021ൽ ബിജെപി സ്ഥാനാർഥിക്ക് 12,398 വോട്ടുകളും ലഭിച്ചിരുന്നു. അവിടെ നിന്നാണ് ഇത്തവണ വോട്ടുകൾ മൂന്നക്ക സംഖ്യയിലേക്ക് താഴ്ന്നത്. തന്നെ പരാജയപ്പെടുത്താൻ വേണ്ടി ബിജെപിയും കോൺഗ്രസും ചേർന്ന് ഒരു സഖ്യം ഉണ്ടാക്കിയെന്നാണ് ആരോപണം. പത്തനാപുരത്ത് ജ്യോതികുമാർ ചാമക്കാല വിജയിച്ചത് 8,310 വോട്ടുകൾക്കാണ്. ബിജെപിയുടെ കാണാതായ വോട്ടുകൾ യുഡിഎഫിലേക്ക് മറിഞ്ഞുവെന്നാണ് ഗണേഷ് കുമാറിന്റെ പക്ഷം.
ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം:
പത്തനാപുരത്തും യുഡിഎഫ് -ബിജെപി ഡീൽ
.................................
2016ൽ ബിജെപി സ്ഥാനാർഥി ഭീമൻ രഘുവിന് ലഭിച്ച വോട്ട് 11,700.
2021ൽ ബിജെപി സ്ഥാനാർഥിയ്ക്ക് ലഭിച്ച വോട്ട് 12,398.
2025 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് മാത്രം നിയോജക മണ്ഡലത്തിൽ നിന്നും ലഭിച്ചത് 23,000 ഓളം വോട്ടുകളാണ്...
ആ സ്ഥാനത്താണ് സംസ്ഥാനത്ത് ഇപ്രാവശ്യം 3 സീറ്റുകളിൽ ജയിച്ച ബിജെപിയ്ക്ക് പത്തനാപുരത്ത് ലഭിച്ചത് ആകെ 7,031 മാത്രം...അതും ബിജെപിയ്ക്ക് വേണ്ടി മത്സരിച്ചത് പത്തനാപുരത്ത് പ്രാതിനിധ്യമില്ലാത്ത ട്വൻറി ട്വൻറി പാർട്ടിയും. തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി ജയിച്ച പല പഞ്ചായത്ത് വാർഡുകളിൽ പോലും വോട്ടുകൾ രണ്ടക്കം കടക്കുവാൻ ബിജെപിയ്ക്ക് കഴിഞ്ഞിട്ടില്ല.ഇതിൽ നിന്നുതന്നെ കാര്യം വ്യക്തമാണ്. പ്രചാരണ രംഗത്ത് പോലും സജീവമായി എൻഡിഎ മുന്നണി ഇല്ലായിരുന്നു..യുഡിഎഫ് -ബിജെപി ഡീലിന്റെ ഭാഗമായാണ് പത്തനാപുരം മണ്ഡലത്തിലും ഇരു കൂട്ടരും എൽഡിഎഫിന് എതിരെ പ്രവർത്തിച്ചത്. ഇവിടെ ചക്ക ചിഹ്നത്തിൽ ടെന്റി ടെന്റി യ്ക്ക് സീറ്റ് നൽകിയത് വഴി അവരുടെ ഡീൽ ആരംഭിച്ചു.സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇത്തരം ഡീലുകൾ ഉണ്ടായിരുന്നു.പാർട്ടികൾക്ക് കിട്ടിയ വോട്ട് ഷെയറുകൾ നോക്കിയാൽ മനസിലാകും. സംസ്ഥാനത്ത് തന്നെ ബിജെപി ജയിച്ച മൂന്ന് മണ്ഡലങ്ങളിലും രണ്ടാം സ്ഥാനത്ത് എത്തിയത് എൽഡിഎഫ്ആണ്, വളരെ കുറഞ്ഞ വോട്ടുകൾക്കാണ് മൂന്ന് സ്ഥലത്തും ബിജെപിയ്ക്ക് ജയിക്കാൻ കഴിഞ്ഞത് . മൂന്ന് സ്ഥലത്തും കോൺഗ്രസ് മൂന്നാം സ്ഥാനത്താണ്.. ആ സ്ഥലങ്ങളിൽ കഴിഞ്ഞ പാർലമെന്റ്,തദ്ദേശ തെരഞ്ഞെടുപ്പുകളിലെ വോട്ടുകൾ പോലും കോൺഗ്രസിനു ലഭിച്ചില്ല..
Adjust Story Font
16

