പതിനൊന്നില്‍ എട്ട്; മന്ത്രിസഭയില്‍ കെ.സി വിഭാഗത്തിൻ്റെ അപ്രമാദിത്വം
മുഖ്യമന്ത്രി പദം വി.ഡി സതീശന് വിട്ടുകൊടുക്കേണ്ടിവന്ന കെ.സി പക്ഷം പ്രധാന വകുപ്പുകളും കൂടുതല്‍ മന്ത്രിമാരെയുമാണ് ആവശ്യപ്പെട്ടത്

തിരുവനന്തപുരം: വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് മന്ത്രിസഭയില്‍ അപ്രമാദിത്വം കെ.സി വേണുഗോപാല്‍ വിഭാഗത്തിന്. കോണ്‍ഗ്രസിന് 11 മന്ത്രിമാരാണുള്ളത്. ഇതില്‍ എട്ട് പേരും കെ.സി വിഭാഗത്തില്‍ നിന്നുള്ളതാണ്. സ്പീക്കറും കെ.സിക്ക് ഒപ്പം. മുഖ്യമന്ത്രി പദവിക്കായുള്ള കടുത്ത മത്സരത്തില്‍ ഒടുവില്‍ കെ.സി വേണുഗോപാലിന് പിന്‍വാങ്ങേണ്ടിവന്നെങ്കിലും മന്ത്രിമാരുടെ കാര്യത്തില്‍ സമ്പൂര്‍ണ നിയന്ത്രണം നേടാനായി.
മുഖ്യമന്ത്രി പദം വി.ഡി സതീശന് വിട്ടുകൊടുക്കേണ്ടിവന്ന കെ.സി പക്ഷം പ്രധാന വകുപ്പുകളും കൂടുതല്‍ മന്ത്രിമാരെയുമാണ് ആവശ്യപ്പെട്ടത്. ഇതോടെയാണ് പ്രധാന വകുപ്പുകളിലെല്ലാം കെ.സിയെ പിന്തുണക്കുന്നവരെത്തിയത്. വി.ഡി പക്ഷത്തായിരുന്ന ഷാനിമോള്‍ ഉസ്മാന് മന്ത്രിസ്ഥാനം നല്‍കാതെ ഡെപ്യൂട്ടി സ്പീക്കര്‍ പദവിയിലേക്ക് മാറ്റാനും സാധിച്ചു. അതേസമയം, ഷാനിമോള്‍ ഉസ്മാനെക്കാള്‍ ജൂനിയറായ ബിന്ദുകൃഷ്ണക്ക് മന്ത്രിസ്ഥാനം ലഭിച്ചു. വി.ടി ബല്‍റാം, ചാണ്ടി ഉമ്മന്‍ തുടങ്ങിയവര്‍ പുറത്തായ മന്ത്രിസഭയില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഒ.ജെ ജനീഷ് ഉള്‍പ്പെട്ടതും കെ.സി വിഭാഗത്തിന്റെ ഇടപെടലിലൂടെയാണ്.
കെ. മുരളീധരന്‍ ആരോഗ്യവകുപ്പിനായി സമ്മര്‍ദം ചെലുത്തിയെങ്കിലും കെ.സി പക്ഷത്തെ എ.പി അനില്‍കുമാര്‍ കൊണ്ടുപോയി. മുരളീധന് വൈദ്യുതി വകുപ്പാണ് ലഭിച്ചത്. ടി. സിദ്ദിഖിനെയും മന്ത്രിപദവിയിലേക്ക് കൊണ്ടുവരാന്‍ മറുപക്ഷത്തിനായി. ഇതുകൂടാതെ സണ്ണി ജോസഫ്, റോജി എം. ജോണ്‍, പി.സി വിഷ്ണുനാഥ്, എം. ലിജു എന്നിവരാണ് കെസി വിഭാഗത്തില്‍ നിന്നും മന്ത്രിയായത്. കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണയുള്ളതാണ് കെ.സി വിഭാഗത്തിന് കരുത്തായത്.
Adjust Story Font
16

