ശബരിമലയിലെ ഭക്ത ജനത്തിരക്ക്: സ്വന്തം കെടുകാര്യസ്ഥത മറച്ചുവെക്കുന്നതിനിടെ സര്‍ക്കാര്‍ വരുത്തിവെച്ച പിടിപ്പുകേടെന്ന് കെ.സി വേണുഗോപാല്‍
മുൻകാലങ്ങളെ അപേക്ഷിച്ച് റിവ്യൂ മീറ്റിങുകളൊന്നും ഇത്തവണ നടന്നില്ലെന്നും കെ.സി പറഞ്ഞു

പത്തനംതിട്ട: ശബരിമലയില്‍ സര്‍ക്കാര്‍ ഉത്തരവാദിത്ത ബോധമില്ലാതെ പെരുമാറിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ റിവ്യൂ മീറ്റിങുകളൊന്നും നടന്നില്ല. ചെയ്യേണ്ട കാര്യങ്ങളൊന്നും സര്‍ക്കാര്‍ ചെയ്തില്ല. ഇനിയെങ്കിലും യുദ്ധകാലാടിസ്ഥാനത്തില്‍ തയ്യാറെടുപ്പുകള്‍ നടത്തണമെന്നും കെ.സി വേണുഗോപാല്‍ ആവശ്യപ്പെട്ടു.
'സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണമായ നിരുത്തരവാദപരമായ സമീപനം കാരണമാണ് ഇന്നത്തെ അസാധാരണമായ തിരക്ക്. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നിന്ന് മുഖം രക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ ഇക്കാര്യം ഇവര്‍ പൂര്‍ണമായും അവഗണിക്കുകയായിരുന്നു. മുന്‍കാലങ്ങളിലൊക്കെ എത്ര റിവ്യൂ മീറ്റിങുകള്‍ നടത്താറുണ്ട്. എല്ലാ ഏജന്‍സികളെയും വിളിച്ചുകൂട്ടി സാധാരണ റിവ്യൂ മീറ്റിങുകള്‍ നടത്താറുണ്ട്. എന്നാല്‍, ഇത്തവണ അതൊന്നും കണ്ടില്ല.' കെ.സി പറഞ്ഞു.
തെരഞ്ഞെടുപ്പിനെ കുറ്റം പറഞ്ഞതുകൊണ്ട് മാത്രം ഒന്നും ആയില്ല, സ്വന്തം കെടുകാര്യസ്ഥത മറച്ചുവെക്കാനുള്ള ശ്രമത്തിനിടെ ഉണ്ടാക്കിവെച്ച പിടിപ്പുകേടാണ് ഇന്നത്തെ ശബരിമലയിലെ തിരക്കെന്നും കെ.സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
വൃശ്ചിക പുലരിയില്‍ നിരവധി ഭക്തരാണ് ശബരിമലയിലേക്ക് എത്തിച്ചേര്‍ന്നത്. ഇന്നലെ മാത്രം മല കയറിയത് ഒരു ലക്ഷത്തിലധികം തീര്‍ഥാടകരാണ്. നടപ്പന്തല്‍, അപ്പാച്ചിമേട്, മരക്കൂട്ടം, ശരംകുത്തി, എന്നിവിടങ്ങളില്‍ കനത്ത ക്യൂ തുടരുകയാണ്. തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ കുഴഞ്ഞ് വീണ് മരിച്ചിരുന്നു. കോഴിക്കോട് കൊയിലാണ്ടി സ്വദേശിനിയായ സതിയാണ് മരിച്ചത്. ഇവരുടെ മൃതദേഹം പമ്പ ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റി.
നിലവില്‍ ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും അധികം വൈകാതെ ജനത്തിരക്ക് പരിഹരിക്കുമെന്നും ദേവസ്വം പ്രസിഡന്റ് കെ. ജയകുമാര്‍ അറിയിച്ചു.
Adjust Story Font
16

