'ഞങ്ങൾ ഒരുപാട് തവണ മുഖ്യമന്ത്രിയെ കാണാൻ ശ്രമിച്ചു, കഴിഞ്ഞില്ല' ; ഒന്നാം റാങ്ക് കിട്ടിയിട്ടും ജോലി ലഭിക്കാത്ത ഉദ്യോഗാർഥികളെ നേരിട്ട് വിളിച്ച് കെ.സി വേണുഗോപാൽ
'ഉന്നത വിദ്യാഭ്യാസ മന്ത്രി അടക്കമുള്ളവരുടെ വീടുകളിൽ നേരിട്ട് പോയി കണ്ടിട്ടും ഫലമുണ്ടായില്ല '- ഉദ്യോഗാർത്ഥികൾ

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയിട്ടും നിയമനം ലഭിക്കാത്ത ഉദ്യോഗാർഥികളെ വിഡിയോ കോളിൽ വിളിച്ച് എഐസിസി സംഘടന ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. 'ഞങ്ങൾ ഒരുപാട് തവണ മുഖ്യമന്ത്രിയെ കാണാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി അടക്കമുള്ളവരുടെ വീടുകളിൽ നേരിട്ട് പോയി കണ്ടു എന്നും ഉദ്യോഗാർഥികൾ കെ.സി വേണുഗോപാലിനോട് പറഞ്ഞു. പിഎസ്‌സി പരീക്ഷയിൽ ഒന്നാം റാങ്ക് ലഭിച്ചിട്ടും നിയമനം ലഭിക്കത്ത റഷീദ, മമത, സരസ്വതി എന്നിവരെയാണ് വിഡിയോ കോളിൽ വിളിച്ചത്. കെ.സി വേണുഗോപാൽ തന്നെയാണ് വിവരം ഫേസ്ബുക്കിൽ പങ്കുവെച്ചത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഞങ്ങൾ ഒരുപാട് തവണ മുഖ്യമന്ത്രിയെ കാണാൻ ശ്രമിച്ചു, പക്ഷേ കഴിഞ്ഞില്ല. ഉന്നത വിദ്യാഭ്യാസ മന്ത്രിയടക്കമുള്ളവരുടെ വീടുകളിൽ നേരിട്ടുപോയി, തിരുവനന്തപുരത്തേക്ക് വണ്ടികയറിയതിന് കണക്കില്ല, PSC ഓഫീസിലും കയറിയിറങ്ങി. ഞങ്ങളുടെ മുഖം തന്നെ അവർക്ക് സുപരിചിതമായിട്ടുണ്ടാകും. എന്നിട്ടും ഞങ്ങൾക്ക് നീതി കിട്ടിയില്ല...'
PSC റാങ്ക് ലിസ്റ്റിൽ ഒന്നാം റാങ്ക് നേടിയിട്ടും നിയമനം ലഭിക്കാതെ പോയ റഷീദയുടെയും സരസ്വതിയുടെയും മമതയുടെയും ഈ വാക്കുകൾ കേരളത്തിലെ ഓരോ ഉദ്യോഗാർത്ഥിയുടെയും ഉള്ളുനീറ്റുന്നതാണ്. മനോരമയിലെ വാർത്തയിലൂടെയാണ് ഇവരുടെ ദയനീയാവസ്ഥ ഞാൻ ശ്രദ്ധിക്കുന്നത്. തുടർന്ന് ഇവരെ നേരിട്ട് വിളിച്ചപ്പോൾ കേട്ടത് മെറിറ്റിനെ അപ്പാടെ തഴയുന്ന സർക്കാരിന്റെ ജനവിരുദ്ധതയുടെ, തൊഴിൽവിരുദ്ധതയുടെ നേർച്ചിത്രമായിരുന്നു. റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരുന്നതിന് തൊട്ടുമുമ്പ് പോലും തെരുവിലിറങ്ങേണ്ടി വരുന്ന ഈ കുട്ടികളുടെ അവസ്ഥ കേരളത്തിന് അപമാനമാണ്. പിൻവാതിൽ നിയമനങ്ങൾക്കും ധൂർത്തിനും പിആർ വർക്കുകൾക്കും കോടികൾ ഒഴുക്കുന്ന സർക്കാർ, അർഹരായ ഇവർക്ക് നിയമനം നൽകാൻ മാത്രം സാമ്പത്തിക പ്രതിസന്ധി പറയുന്നത് യുവതലമുറയോടുള്ള കൊടും വഞ്ചനയാണ്. അർഹരായവർക്ക് നീതി ലഭിക്കാൻ ഏതറ്റം വരെയും ഇവർക്കൊപ്പമുണ്ടാകും.
Adjust Story Font
16

