'കീം' ഫലം പ്രഖ്യാപിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 പേര്‍, ഒന്നാം റാങ്ക് റോഷന്‍ രാജുവിന്
ഫാര്‍മസിയില്‍ വിനായക് നാരായണന് ഒന്നാം റാങ്ക്

തിരുവനന്തപുരം: കീം 2026 പരീക്ഷാഫലം ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍ പ്രഖ്യാപിച്ചു. 79,717 വിദ്യാര്‍ഥികള്‍ എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ ഇടംനേടി. ഫാര്‍മസി റാങ്ക് പട്ടികയില്‍ 26,943 വിദ്യാര്‍ഥികളും ഇടംനേടി. അങ്കമാലി സ്വദേശി റോഷന്‍ രാജുവാണ് എന്‍ജിനീയറിങ്ങില്‍ ഒന്നാം റാങ്ക് നേടിയത്. കണ്ണൂര്‍ സ്വദേശി ധ്യാന്‍ തേജ് രണ്ടാം റാങ്കും തൃശൂര്‍ സ്വദേശി വിസ്മയ കെ.ആര്‍ മൂന്നാം റാങ്കും നേടി. ഫാര്‍മസിയില്‍ തൃശൂര്‍ സ്വദേശികളായ വിനായക് നാരായണന് ഒന്നാം റാങ്കും ജെസ്സി ജസ്റ്റിന്‍ രണ്ടാം റാങ്കും നേടി. മലപ്പുറം സ്വദേശി ദിയ ഫാത്തിമ മൂന്നാം റാങ്ക് നേടി.
ഏറെ തയ്യാറെടുപ്പുകളോടെയാണ് പരീക്ഷ നടത്തിയതെന്നും പരാതികളില്ലാതെ സമയബന്ധിതമായി പൂര്‍ത്തിയാക്കാനായെന്നും മന്ത്രി റോജി എം. ജോണ്‍ പറഞ്ഞു. കേരളത്തില്‍ 192 പരീക്ഷാ കേന്ദ്രങ്ങളും സംസ്ഥാനത്തിന് പുറത്തും വിദേശത്തുമായി പരീക്ഷാ കേന്ദ്രങ്ങളും ഒരുക്കിയിരുന്നു. ആകെ 96,750 പേരാണ് എന്‍ജിനീയറിങ് പ്രവേശന പരീക്ഷ എഴുതിയത്. ഇതില്‍ 79,717 പേരാണ് യോഗ്യത നേടിയത്. എന്‍ജിനീയറിങ്ങില്‍ ഒന്നാം റാങ്ക് നേടിയ റോഷന്‍ രാജുവിനെയും രണ്ടാം റാങ്കുകാരന്‍ ധ്യാന്‍ തേജിനെയും മന്ത്രി ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു.
സിബിഎസ്ഇ പുനര്‍മൂല്യനിര്‍ണയ ഫലം വൈകിയതിനാല്‍ ചില വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് ലിസ്റ്റ് അപ്ലോഡ് ചെയ്യാന്‍ കഴിയാതിരുന്നതാണ് ഫലപ്രഖ്യാപനം വൈകാന്‍ കാരണമെന്ന് മന്ത്രി പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് സൗകര്യമൊരുക്കാന്‍ മാര്‍ക്ക് ലിസ്റ്റ് സമര്‍പ്പിക്കാനുള്ള സമയം രണ്ട് തവണ നീട്ടി നല്‍കി. അലോട്‌മെന്റ് സമയബന്ധിതമായി നടത്താനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്നും മന്ത്രി പറഞ്ഞു.
Adjust Story Font
16

