Quantcast

കെനിയ വാഹനാപകടം; മരിച്ച അഞ്ചുപേരുടെ മൃതദേഹം ഇന്ന് രാവിലെ കൊച്ചിയിലെത്തിക്കും

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മന്ത്രി പി.രാജീവ് മൃതദേഹം ഏറ്റുവാങ്ങും

MediaOne Logo

Web Desk

  • Published:

    15 Jun 2025 7:00 AM IST

കെനിയ വാഹനാപകടം; മരിച്ച അഞ്ചുപേരുടെ മൃതദേഹം ഇന്ന് രാവിലെ കൊച്ചിയിലെത്തിക്കും
X

കൊച്ചി: കെനിയയിലെ വാഹനാപകടത്തിൽ മരിച്ച അഞ്ചുമലയാളികളുടെ മൃതദേഹം ഇന്ന് രാവിലെ എട്ടരയോടെ കൊച്ചിയിൽ എത്തിക്കും. എറണാകുളം മൂവാറ്റുപുഴ സ്വദേശിനി ജസ്ന (29), മകൾ റൂഹി മെഹ്റിൻ ( ഒന്നര വയസ്), മാവേലിക്കര ചെറുകോൽ സ്വദേശിനി ഗീത ഷോജി ഐസക്ക് (58), പാലക്കാട് മണ്ണൂർ സ്വദേശിനി റിയ ആൻ (41), മകൾ ടൈറ റോഡ്രിഗസ് (ഏഴ്) എന്നിവരുടെ മൃതദേഹങ്ങളാണ് എത്തിക്കുക.

അപകടത്തിൽ പരിക്കേറ്റ ബന്ധുക്കളും അതേ വിമാനത്തിൽ നാട്ടിലെത്തും. മന്ത്രി പി.രാജീവ് നെടുമ്പാശ്ശേരിയിൽ മൃതദേഹങ്ങൾ ഏറ്റുവാങ്ങും. മൃതദേഹത്തെ അനുഗമിക്കുന്നവർക്ക് യെല്ലോ വാക്സിൻ നിർബന്ധം എന്ന വ്യവസ്ഥയിൽ ഇളവ് നൽകി. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് ഇളവ് നൽകിയത്.

കെനിയയിൽ നിന്നു ഖത്തറിലേക്കു വിമാനം പുറപ്പെടുന്നതിന് ഏതാനും മണിക്കൂർ മുൻപ് മാത്രമാണ് യെല്ലോ ഫിവർ വാക്സിൻ സർട്ടിഫിക്കറ്റ് അനിവശ്യമാണെന്ന് ട്രാവൽ ഏജൻസി അധികൃതർ വ്യക്തമാക്കിയത്. ഇതോടെ ഭൗതിക ശരീരങ്ങൾ നാട്ടിലെത്തിക്കുന്നത് വൈകുമെന്ന ആശങ്ക ഉയർന്നു. കെനിയയിലെ ലോക കേരള സഭാംഗങ്ങൾ അടിയന്തിര ഇടപെടൽ തേടി നോർക്ക റൂട്ട്സിനെ വിവരം അറിയിച്ചു. ഉടൻ തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രശ്നത്തിൽ ഇടപെട്ടു. നോർക്ക റൂട്ട്സും സംസ്ഥാന ആരോഗ്യ വകുപ്പും കേന്ദ്ര സർക്കാരുമായി ഇടപെടൽ നടത്തി. ഇതേത്തുടർന്ന് യെല്ലോ ഫിവർ വാക്സിൻ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന പ്രത്യേക സാഹചര്യം പരിഗണിച്ച് ഒഴിവാക്കി നൽകുകയായിരുന്നു.

ജൂണ്‍ ഒന്‍പതിന് ഇന്ത്യന്‍ സമയം വൈകിട്ട് എഴു മണിയോടെയാണ് (കെനിയന്‍ സമയം വൈകിട്ട് 4.30ന്) വിനോദസഞ്ചാരത്തിനെത്തിയ 28 പേരടങ്ങുന്ന ഇന്ത്യന്‍സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തില്‍ പെട്ടത്. ഖത്തറില്‍ നിന്നും വിനോദസഞ്ചാരത്തിനായി എത്തിയതായിരുന്നു ഇവർ. നെയ്റോബിയില്‍ നിന്നും 150 കിലോമീറ്റര്‍ അകലെ നെഹ്റൂറുവിലായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച ബസ് താഴ്ചയിലേയ്ക്ക് കീഴ്മേല്‍ മറിയുകയായിരുന്നു.


TAGS :

Next Story