Quantcast

സ്പീക്കറുടെ ഡയസിലേക്ക് ചാടിക്കയറി പ്രതിപക്ഷ എംഎൽഎമാര്‍; സഭയിൽ ഉന്തും തള്ളും

സഭ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്

MediaOne Logo

Web Desk

  • Updated:

    2026-02-03 06:26:19.0

Published:

3 Feb 2026 10:02 AM IST

സ്പീക്കറുടെ ഡയസിലേക്ക് ചാടിക്കയറി പ്രതിപക്ഷ എംഎൽഎമാര്‍; സഭയിൽ ഉന്തും തള്ളും
X

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിലെ പ്രതിപക്ഷ പ്രതിഷേധത്തിനിടെ നിയമസഭയിൽ നാടകീയ രംഗങ്ങൾ. അൻവർ സാദത്തും മാത്യു കുഴൽനാടനും സ്പീക്കറുടെ ഡയസിലേക്ക് ചാടിക്കയറി. പ്രതിപക്ഷ എംഎൽഎമാരുടെ ബാനർ വാച്ച് ആൻഡ് വാർഡ് പിടിച്ചു വാങ്ങി.

തുടർച്ചയായ പ്രതിഷേധത്തെ തുടർന്ന് രണ്ട് തവണ സഭ നിർത്തിവെച്ചു. പ്രതിപക്ഷ നീക്കത്തിൽ ക്ഷുഭിതനായ സ്പീക്കർ, സ്പീക്കർക്കും അവകാശങ്ങൾ ഉണ്ടെന്ന് പറഞ്ഞു. പ്രതിപക്ഷ സമരത്തെ സ്പീക്കർ വെല്ലുവിളിക്കുകയാണെന്നും ജനാധിപത്യപരമായാണ് പ്രതിഷേധിച്ചതെന്നും വി.ഡി സതീശൻ പറഞ്ഞു. ബാനറിന്‍റെ വടി ഉപയോഗിച്ച് വാച്ച് ആൻഡ് വാർഡൻമാരെ പ്രതിപക്ഷ അംഗങ്ങൾ തല്ലിയെന്ന് മുഖ്യമന്ത്രി ആരോപിച്ചു. കോടതിയിൽ നിന്ന് ശക്തമായ തിരിച്ചടിയേറ്റപ്പോൾ സഭയിൽ ബഹളം ഉണ്ടാക്കാനാണ് പ്രതിപക്ഷം ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് പുറത്തിറങ്ങി.

ശരണം വിളിച്ചും പ്ലക്കാര്‍ഡ് ഉയര്‍ത്തിയുമായിരുന്നു പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം. സഭ ആരംഭിച്ച അന്നുമുതൽ സ്വർണ്ണം കട്ടത് ആരപ്പാ എന്ന് ചോദിച്ചു മുദ്രാവാക്യം വിളിക്കുകയാണെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. 'യഥാർഥത്തിൽ സ്വർണം കട്ടത് ആരപ്പാ കോൺഗ്രസ് ആണ് അയ്യപ്പ സന്ദർശിക്കുന്നത് ആരെ സോണിയാഗാന്ധിയെ അയ്യപ്പാ' ആണെന്നും മന്ത്രി പരിഹസിച്ചു. കഴിഞ്ഞ ഒരാഴ്ചയായി നടത്തുന്ന സമരത്തിന് ഒരു പ്രാധാന്യവും മാധ്യമങ്ങളിലൂടെ കിട്ടുന്നില്ല. അതുകൊണ്ടാണ് ഇന്നിപ്പോൾ ഇങ്ങനെ ഒരു സമരവുമായി എത്തിയിരിക്കുന്നതെന്നും ശിവൻകുട്ടി കൂട്ടിച്ചേര്‍ത്തു. സഭയിൽ പ്രതിപക്ഷ പേക്കൂത്ത് കാണിക്കുകയാണെന്ന് എൽഡിഎഫ് കൺവീനര്‍ ടി.പി രാമകൃഷ്ണൻ പറഞ്ഞു.

യഥാർഥ അന്വേഷണത്തെ അട്ടിമറിക്കാനാണ് പ്രതിപക്ഷ സമരമെന്ന് മന്ത്രി പി.രാജീവ് കുറ്റപ്പെടുത്തി. ഹൈക്കോടതിക്കല്ലാതെ ഇത് സംബന്ധിച്ച് മറ്റാർക്കും റിപ്പോർട്ട് ചെയ്യാൻ കഴിയില്ല. തെറ്റായ വഴിയിലൂടെ അന്വേഷണത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്ന് ഹൈക്കോടതി പറയുന്നത് പ്രതിപക്ഷത്തെ പറ്റിയാണ്. തെറ്റായ കാര്യങ്ങൾ ബോധപൂർവ്വം പ്രതിപക്ഷം സൃഷ്ടിക്കുന്നു. ഇക്കാര്യം കോടതിയടക്കം വ്യക്തമാക്കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് തെറ്റായ ആക്ഷേപം ഉന്നയിക്കുന്നതായി ഹൈക്കോടതി തന്നെ പറഞ്ഞിട്ടുണ്ട്. സ്വർണം കാണാനില്ലെന്ന പരാതിയുമായി ആദ്യം എത്തിയത് ഉണ്ണികൃഷ്ണൻ പോറ്റിയാണ്. അത് പ്രതിപക്ഷത്തിന് വേണ്ടിയായിരുന്നു. തങ്ങളുമായി അയാൾ ബന്ധപ്പെട്ടിട്ടുണ്ടെന്ന് പ്രതിപക്ഷനേതാവ് അന്ന് പറഞ്ഞിരുന്നു. പീഠം കണ്ടെത്തിയത് ഉണ്ണി കൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ വീട്ടിൽ നിന്നാണെന്നും രാജീവ് പറഞ്ഞു.



TAGS :

Next Story