Quantcast

ഇനിയും കാത്തിരിക്കണം, കേരള മുഖ്യമന്ത്രി തീരുമാനം വൈകുന്നു

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കർണാടകയിൽ തങ്ങുന്നതിനാലാണ് തീരുമാനം വൈകുന്നത്

MediaOne Logo

Web Desk

  • Updated:

    2026-05-11 04:11:02.0

Published:

11 May 2026 6:46 AM IST

ഇനിയും കാത്തിരിക്കണം, കേരള മുഖ്യമന്ത്രി തീരുമാനം വൈകുന്നു
X

തിരുവനന്തപുരം: കേരളത്തിൽ മുഖ്യമന്ത്രി ആരാണെന്നറിയാൻ ഇനിയും കാത്തിരിക്കണം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കർണാടകയിൽ തുടരുന്നതിനാലാണ് തീരുമാനം വൈകുന്നത്. മുതിർന്ന നേതാക്കളായ കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവർ മുഖ്യമന്ത്രി സ്ഥാനത്തിനായി ഉറച്ചുനിൽക്കുന്നത് പാർട്ടിക്കുള്ളിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. എംഎൽഎമാരുടെ പിന്തുണ കെ.സി. വേണുഗോപാലിനാണെങ്കിലും, സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം പരിഗണിച്ച് വി.ഡി. സതീശനെ പിന്തുണയ്ക്കുന്ന നിലപാടാണ് മുസ്‌ലിം ലീഗ് സ്വീകരിച്ചിരിക്കുന്നത്.

ഹൈക്കമാൻഡ് നിർദേശിച്ച പല ഒത്തുതീർപ്പ് ഫോർമുലകളും നിലവിൽ ഫലം കണ്ടിട്ടില്ല. കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയാവുകയും മറ്റുള്ളവർക്ക് പ്രധാന വകുപ്പുകൾ നൽകുകയും ചെയ്യുക എന്നതായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ പ്ലാൻ. എന്നാൽ, വേണുഗോപാൽ മുഖ്യമന്ത്രിയായാൽ ഉണ്ടാകുന്ന ഉപതെരഞ്ഞെടുപ്പുകളിൽ സഹകരിക്കില്ലെന്ന് മുസ്‌ലിം ലീഗ് വ്യക്തമാക്കിയത് കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. പ്രത്യേകിച്ചും പ്രിയങ്ക ഗാന്ധിയുടെ വിജയത്തിൽ ലീഗിന്റെ വോട്ടുകൾ നിർണായകമായ സാഹചര്യത്തിൽ അവരെ പിണക്കിക്കൊണ്ടുള്ള ഒരു നീക്കത്തിന് ഹൈക്കമാൻഡ് മുതിരാൻ സാധ്യത കുറവാണ്.

തെരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ച പിന്നിട്ടിട്ടും തീരുമാനമാകാത്തതിൽ ഘടകകക്ഷികൾക്കിടയിലും അണികൾക്കിടയിലും കടുത്ത അതൃപ്തി നിലനിൽക്കുന്നുണ്ട്. എന്നാൽ മൂന്ന് മുതിർന്ന നേതാക്കളും ഇപ്പോഴും ശുഭപ്രതീക്ഷയിലാണ്. വി.ഡി. സതീശൻ തന്റെ ഭരണപരിചയത്തിലും ഉപതെരഞ്ഞെടുപ്പുകളിലെ വിജയങ്ങളിലും ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോൾ, ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണ തനിക്കാണെന്ന് കെ.സി. വേണുഗോപാൽ വിശ്വസിക്കുന്നു. മുതിർന്ന നേതാവ് എന്ന പരിഗണന ലഭിക്കുമെന്ന പ്രതീക്ഷയിലാണ് രമേശ് ചെന്നിത്തല. എങ്കിലും 15-ാം കേരള നിയമസഭയുടെ കാലാവധി അവസാനിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ എന്നതിനാൽ അടിയന്തരമായി ഒരു തീരുമാനത്തിൽ എത്തേണ്ടത് അനിവാര്യമാണ്.

ദേശീയതലത്തിൽ ഈ കാലതാമസം പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുന്നു എന്ന വിലയിരുത്തലിലാണ് ഹൈക്കമാൻഡ്. തമിഴ്‌നാട്ടിലും ബംഗാളിലും ഭരണം സുഗമമായി മുന്നോട്ട് പോകുമ്പോൾ കേരളത്തിൽ മാത്രം തീരുമാനമാകാത്തതിനെ നരേന്ദ്ര മോദി ഉൾപ്പെടെയുള്ള എതിരാളികൾ പരിഹസിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ, അച്ചടക്ക ലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്ന് ഹൈക്കമാൻഡ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് വൈകിട്ടോ നാളെയോ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചർച്ച ചെയ്ത് ഒരു അന്തിമ പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം, ഹൈക്കമാൻഡ് പ്രഖ്യാപിക്കുന്ന ഏതൊരു തീരുമാനത്തെയും എല്ലാവരും ഒരുപോലെ അംഗീകരിക്കുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. നിലവിൽ ഹൈക്കമാൻഡിന്റെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും, ഇതുമായി ബന്ധപ്പെട്ട ചർച്ചകളെല്ലാം പൂർത്തിയായതിനാൽ ഇനി കൂടുതൽ ചർച്ചകളുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഘടകകക്ഷികളുമായുള്ള ചർച്ചകളും അവസാനിച്ച സാഹചര്യത്തിൽ തീരുമാനം പറയേണ്ടത് ഇനി ഹൈക്കമാൻഡാണ്. ഇതിനിടയിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന അനാവശ്യമായ ചർച്ചകൾ ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story