തദ്ദേശ തെരഞ്ഞെടുപ്പ് വിഭജനം; രമ്യമായി പരിഹരിക്കാൻ യുഡിഎഫ്
അഭിപ്രായ വ്യത്യാസങ്ങൾ പ്രാദേശികമായി പരിഹരിക്കപ്പെടുമെന്ന് ചീഫ് കോഡിനേറ്റർ അപ്പു ജോൺ ജോസഫ് മീഡിയവണിനോട് പറഞ്ഞു

ഇടുക്കി: യുഡിഎഫ് സീറ്റ് വിഭജനത്തിൽ വിട്ടുവീഴ്ചയ്ക്ക് കേരള കോൺഗ്രസ്. അഭിപ്രായ വ്യത്യാസങ്ങൾ പ്രാദേശികമായി പരിഹരിക്കപ്പെടുമെന്ന് ചീഫ് കോഡിനേറ്റർ അപ്പു ജോൺ ജോസഫ് മീഡിയവണിനോട് പറഞ്ഞു. തൊടുപുഴയിൽ പി.ജെ ജോസഫിന് പകരമായി ഇത്തവണ മത്സരിക്കുമോ എന്ന ചോദ്യത്തിന് പാർട്ടി തീരുമാനിക്കുമെന്നായിരുന്നു മറുപടി.
'യുഡിഎഫിനകത്തെ പ്രശ്നങ്ങളും അസ്വാരസ്യങ്ങളും പ്രാദേശികമായി ചർച്ച ചെയ്തുകൊണ്ട് പരിഹരിക്കാൻ സന്നദ്ധമാണെന്നാണ് ചീഫ് കോർഡിനേറ്റർ അപു ജോൺ ജോസഫ് പ്രതികരിച്ചത്. യുഡിഎഫിനെ സംബന്ധിച്ചിടത്തോളം വരാനിരിക്കുന്ന രണ്ട് തെരഞ്ഞെടുപ്പുകളും വളരെ നിർണായകമാണ്.' വിജയം ഉറപ്പുവരുത്തുന്നതിനായി ഏത് തരത്തിലുമുള്ള വിട്ടുവീഴ്ചകൾക്കും തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമീപകാലത്ത് സർക്കാർ നടത്തിയിട്ടുള്ള പ്രഖ്യാപനങ്ങളെല്ലാം തന്നെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടിയുള്ളതാണ്. ഒരു ലയനം ഈ ഘട്ടത്തിൽ സാധ്യമല്ലെങ്കിലും കോൺഗ്രസുമായി സഹകരിച്ചുമുന്നോട്ട് പോകാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. തൊടുപുഴയിൽ ആരോഗ്യപ്രശ്നങ്ങൾ കാരണം മാറിനിൽക്കുന്ന പി.ജെ ജോസഫിന് പകരമായി ഇത്തവണ മത്സരിക്കുമോയെന്ന ചോദ്യത്തിന് പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്നും അത് എന്തുതന്നെയായാലും അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16

