അടൂർ പ്രകാശിനെ തള്ളി കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ്; മാണി ഗ്രൂപ്പിനെ സ്വാഗതം ചെയ്തത് അദ്ദേഹത്തിൻെറ വ്യക്തിപരമായ അഭിപ്രായം
കേരള കോൺഗ്രസുകളുടെ യോജിപ്പിനുള്ള രാഷ്ട്രീയ സാഹചര്യമില്ല- മോൻസ് ജോസഫ്

കോഴിക്കോട്: കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത അടൂർപ്രകാശിനെ തള്ളി കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ്. മാണി ഗ്രൂപ്പിനെ സ്വാഗതം ചെയ്തത് അദ്ദേഹത്തിൻെറ വ്യക്തിപരമായ അഭിപ്രായമാണെന്നും ഞങ്ങളുമായി ചർച്ച ചെയ്തിട്ടില്ലെന്നും കേരള കോൺഗ്രസ് ജോസഫ് വിഭാഗം എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് പറഞ്ഞു. 'ആരെങ്കിലും വരുന്നോ എന്ന് ചോദിച്ച് നിൽക്കാൻ ഞങ്ങളില്ല, യുഡിഎഫിന് ഒറ്റക്ക് നിൽക്കാൻ ശക്തിയുണ്ട്, നിലമ്പൂർ തെരഞ്ഞെടുപ്പ് അതിനു ഉദാഹരണമാണ്, ആരുടെയും പുറകെ പോയി വരുന്നുണ്ടോ എന്ന് ചോദിക്കേണ്ട ആവശ്യമില്ല' എന്നും മോൻസ് ജോസഫ് പറഞ്ഞു.
'കേരള കോൺഗ്രസിൻെറ യോജിപ്പിന് വേണ്ടി മന്ത്രിസ്ഥാനം രാജിവെച്ചവരാണ് ഞങ്ങൾ, പിജെ ജോസഫി്ന് പാർലമെൻ്റ് സീറ്റ് നിഷേധിച്ചപ്പോൾ പോലും പാർട്ടി പിളർന്നില്ല, മാണിയുടെ മരണ ശേഷമാണ് ഒറ്റക്ക് പോകാൻ അവർ തീരുമാനിച്ചത്, കെഎം മാണി യുഡിഎഫിൽ തുടരണമെന്ന നിലപാട് സ്വീകരിച്ചു. ആ നിലപാടാണ് ഞങ്ങളിപ്പോഴും തുടരുന്നതെന്നും മോൻസ് ജോസഫ് പറഞ്ഞു. കേരള കോൺഗ്രസുകളുടെ യോജിപ്പിനുള്ള രാഷ്ട്രീയ സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. അർഹമായ സീറ്റ് തെരഞ്ഞെടുപ്പിൽ ഞങ്ങൾ ആവശ്യപ്പെടും. അർഹമായ പരിഗണന ഇപ്പോൾ കിട്ടുന്നുണ്ടെന്നും മോൻസ് ജോസഫ് പറഞ്ഞു.
Adjust Story Font
16

