കേരള കോൺഗ്രസ് എം സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഇന്ന്
മുന്നണി മാറ്റ അഭ്യൂഹവും പാർലമെന്ററി പാർട്ടിയിലെ ഭിന്നതയും ചർച്ചയായേക്കും

കോട്ടയം: മുന്നണി മാറ്റ ചർച്ചകൾ ചെയർമാൻ ജോസ് കെ മാണി തള്ളിയതിനു പിന്നാലെ കേരള കോൺഗ്രസ് എം സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഇന്ന് ചേരും. മുന്നണി മാറ്റ അഭ്യൂഹവും പാർലമെന്ററി പാർട്ടിയിലെ ഭിന്നതയും ചർച്ചയായേക്കും. മുന്നണി മാറ്റ ചർച്ചകൾ മുന്നണിക്ക് ഉള്ളിൽ പാർട്ടിയെ സംശയ നിഴലിലാക്കിയെന്നും പാർട്ടി നേതൃത്വം വിലയിരുത്തുന്നു. യുഡിഎഫ് വിരിച്ച കെണിയിൽ പാർട്ടി വീണെന്ന നിലപാടിലാണ് ഇടത് മുന്നണിക്ക് ഒപ്പം നിൽക്കണമെന്ന് വാദിക്കുന്ന വിഭാഗം. എന്നാൽ, ഉചിതമായ അവസരം നഷ്ടമാക്കിയെന്നാണ് യുഡിഎഫിന് ഒപ്പം പോകണമെന്ന് ആഗ്രഹിക്കുന്ന താൽപര്യമുള്ള പക്ഷത്തിന്റെ വാദം. അതേസമയം, മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലാണ് കേരള കോൺഗ്രസിന്റെ യുഡിഎഫിലേക്ക് പോവാനുള്ള നീക്കത്തിന് തടയിട്ടതെന്ന വിവരവും ഇതോടെ പുറത്തുവന്നിട്ടുണ്ട്.
കേരള കോൺഗ്രസ് എം യുഡിഎഫ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾ ഏതാനും മാസങ്ങളായി ശക്തമായിരുന്നു. യുഡിഎഫ് നേതൃത്വവുമായി ജോസ് കെ. മാണി ചർച്ച നടത്തി എന്ന വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെയാണ് കേരള കോൺഗ്രസിൽ തർക്കം ഉടലെടുത്തത്. പാർട്ടിയിൽ അഭിപ്രായ ഭിന്നത രൂപപ്പെട്ടതിന് പിന്നാലെ കേരള കോൺഗ്രസ് ഇടതുപക്ഷത്തോടൊപ്പം തന്നെ ഉറച്ച് നിൽക്കുമെന്ന് ചെയർമാൻ ജോസ് കെ. മാണി തന്നെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.- 'മുന്നണിമാറ്റ ചർച്ചകൾ ആരാ നടത്തുന്നതെന്നും തങ്ങളെ ഓർത്ത് ആരും കരയേണ്ടെന്നും ജോസ് കെ. മാണി കോട്ടയത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. വിദേശത്ത് പോയത് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന പിതൃസുഹൃത്തിനെ കാണാനാണെന്നും ജോസ് കെ. മാണി പറഞ്ഞു. എൽഡിഎഫ് പിന്തുണയിൽ പുനരാലോചന ഉണ്ടായിട്ടില്ലെന്നും സോണിയ ഗാന്ധിയുമായി ആശയവിനിമയം നടത്തിയിട്ടില്ലെന്നും പറഞ്ഞ ജോസ് കെ. മാണി താൻ തന്നെ മാധ്യമേഖലാ ജാഥ ക്യാപ്റ്റനാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ബൈബിൾ വചനം ഉദ്ധരിച്ച് മുന്നണികൾക്ക് കേരളാ കോൺഗ്രസ് അനിവാര്യഘടകമെന്ന് ജോസ് കെ. മാണി ആവർത്തിച്ചു. 'ജോസ് കെ. മാണി എന്ത് നിലപാടെടുക്കും എന്നൊക്കെയുള്ള ചർച്ചകൾ കഴിഞ്ഞ കുറച്ചുവർഷങ്ങളായി നടക്കുകയാണ്. എവിടെയെങ്കിലും ഞങ്ങൾ ചർച്ച നടത്തിയിട്ടുണ്ടോ? പിതാവിന്റെ അടുത്ത സുഹൃത്ത് ദുബൈയിലുള്ള ഐസിയുവിൽ ഗുരുതരാവസ്ഥയിൽ കിടക്കുകയാണ്. അദ്ദേഹത്തെ കാണാനാണ് കുടുംബവുമൊത്ത് പോയത്. അതിനാൽ എൽഡിഎഫിന്റെ പരിപാടിയിൽ പങ്കെടുക്കാൻ സാധിച്ചില്ല. ഇക്കാര്യം മുഖ്യമന്ത്രിയെയും മറ്റ് ഉത്തരവാദിത്തപ്പെട്ടവരെയും അറിയിച്ചിരുന്നു. കേരളാ കോൺഗ്രസിന്റെ അഞ്ച് എംഎൽഎമാരും അതിൽ പങ്കെടുത്തിരുന്നു'- ജോസ് കെ. മാണി അന്ന് വ്യക്തമാക്കിയിരുന്നു.
Adjust Story Font
16

