തദ്ദേശ തെരഞ്ഞെടുപ്പ്; കേരളാ കോൺഗ്രസ് എം കൂടുതൽ സീറ്റുകൾ ആവശ്യപ്പെടും
ജില്ലാ പഞ്ചായത്തിൽ പുതുതായി രൂപീകരിച്ച തലപ്പലം ഡിവിഷനിലും കേരളാ കോൺഗ്രസിന് കണ്ണുണ്ട്

Photo| MediaOne
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് എം കൂടുതൽ സീറ്റുകൾ ആവശ്യപ്പെടും. പുനർനിർണയം വഴി കൂടിയ സീറ്റുകൾക്ക് അനുപാതികമായി പ്രാതിനിധ്യം വേണമെന്നാണ് കേരളാ കോൺഗ്രസ് നിലപാട്. ജില്ലാ പഞ്ചായത്തിൽ പുതുതായി രൂപീകരിച്ച തലപ്പലം ഡിവിഷനിലും കേരളാ കോൺഗ്രസിന് കണ്ണുണ്ട്.
2020 ലെ തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയത്ത് എൽഡിഎഫ് മുന്നേറ്റത്തിന് കേരളാ കോൺഗ്രസ് എമ്മിന് നിർണായക പങ്കുണ്ടെന്നാണ് പാർട്ടി നേതൃത്വത്തിൻ്റെ അവകാശവാദം. കിട്ടാക്കാനിയായ ജില്ലാ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തുകളിലും ഭരണം പിടിച്ചു. നഗരസഭകളിലും പഞ്ചായത്തുകളിലും കേരളാ കോൺഗ്രസിൻ്റെ ബലത്തിൽ എൽഡിഎഫ് മുന്നേറി. ഈ കണക്കുകൾ ചൂണ്ടിക്കാട്ടിയാണ് കേരളാ കോൺഗ്രസിൻ്റെ വിലപേശൽ . കൂടുതൽ സീറ്റുകളിൽ മത്സരിക്കുന്നതിനെ കുറിച്ച് പാർട്ടി ചെയർമാൻ ജോസ് കെ. മാണി ഇങ്ങനെയാണ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്.
അതേസമയം സീറ്റ് ചർച്ചകളിലേക്ക് കടന്നിട്ടില്ലെന്ന് സിപിഎം നേതൃത്വം പ്രതികരിച്ചു . വാർഡ് നറുക്കെടുപ്പ് അടക്കമുള്ള നടപടിക്രമങ്ങൾക്ക് ശേഷം മാത്രമെ ചർച്ച നടക്കൂ. സീറ്റുകളുടെ കാര്യത്തിൽ എല്ലാ കക്ഷികൾക്കും അവകാശവാദം ഉന്നയിക്കാമെന്നും പാർട്ടി നേതൃത്വം വ്യക്തമാക്കി.
Adjust Story Font
16

