കൊടുംചൂട് കൂടുന്നു; യുവി ഇൻഡക്സ് തോത് അപകടകരമായ നിലയിലെത്തിയെന്ന് കാലാവസ്ഥ വകുപ്പ്
കോട്ടയം,കൊല്ലം ജില്ലകളിൽ ഇന്നലെ യുവി ഇൻഡക്സ് തോത് 7 ന് മുകളിലെത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നതിനിടെ , സൂര്യരശ്മികളില്‍ നിന്നുള്ള അള്‍ട്രാവലയറ്റ് കിരണങ്ങളുടെ തോത് അപകടകരമായ നിലയിലെത്തിയെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. രാവിലെ 10നും മൂന്നിനും ഇടയില്‍ വെയില്‍ കൊള്ളുന്ന സഹാചര്യം ഒഴിവാക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോട്ടയം,കൊല്ലം ജില്ലകളിൽ ഇന്നലെ യുവി ഇൻഡക്സ് തോത് 7 ന് മുകളിലെത്തി.
സൂര്യരശ്മികളിലെ അള്‍ട്രാവയലറ്റ് കിരണങ്ങളുടെ തോത് നിശ്ചയിക്കുന്നത് യു.വി.ഇന്‍ഡക്സിലാണ്. പൂജ്യത്തിനും 12 നും ഇടയിലാണ് ഇത് രേഖപ്പെടുത്തുന്നത്. യുവി ഇന്‍ഡക്സ് മൂന്നുവരെ മനുഷ്യര്‍ക്ക് പ്രശ്നമുണ്ടാക്കില്ല. 9 വരെയുള്ള യുവി ഇന്‍ഡക്സില്‍ ഒരു മണിക്കൂർ വെയിലേറ്റാല്‍ പൊള്ളലേല്‍ക്കും. 9ന് മുകളിലായാല്‍ പത്തു മിനിറ്റ് വെയിലേറ്റാല്‍ ഗുരുതര ആരോഗ്യപ്രശ്നമുണ്ടാകും. സൂര്യാതപത്തിനും സൂര്യാഘാതത്തിനും ഇത് ഇടയാക്കും. കൊല്ലം കൊട്ടാരക്കരയിൽ ഇന്നലെ രേഖപ്പെടുത്തിയ യുവി ഇൻഡക്സ് തോത് 10 ആണ്. കോട്ടയം ചങ്ങനാശേരിയിൽ എട്ടും രേഖപ്പെടുത്തി. പത്തനംതിട്ട,ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ,പാലക്കാട്, മലപ്പുറം ജില്ലകളിൽ 6നും 7 നും ഇടയിലാണ് യുവി ഇൻഡക്സ് തോത്.
അന്തരീക്ഷത്തിലെ ഓസോണ്‍ പാളികളാണ് അള്‍ട്രാവയലറ്റ് രശ്മികളുടെ തീവ്രത കുറക്കുന്നത്. എന്നാൽ ഓസോണ്‍ പാളികളുടെ കനം കുറഞ്ഞതും വിളളലുകളുണ്ടായതുമാണ് നിലവിൽ യുവി ഇന്‍ഡകസ് ഉയരാൻ കാരണം. ഈ സാഹചര്യത്തിൽ സൂര്യരശ്മികളെ നേരിട്ട് ഭൂമിയില്‍ പതിക്കുന്ന രാവിലെ 10നും 3നും ഇടയില്‍ വെയില്‍ കൊള്ളുന്നത് ഒഴിവാക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു.
Adjust Story Font
16

