മരിച്ചത് 469 മത്സ്യത്തൊഴിലാളികൾ, കാണാതായത് 160 പേരെ; കഴിഞ്ഞ 10 വർഷത്തിനിടെ മരിച്ച മത്സ്യത്തൊഴിലാളികളുടെ കണക്ക് പുറത്തുവിട്ട് സര്ക്കാര്
മത്സ്യ തൊഴിലാളികൾക്കായുള്ള തിരച്ചിൽ കാര്യക്ഷമമല്ലെന്ന ആക്ഷേപത്തിനിടെയാണ് വിശദീകരണം

തിരുവനന്തപുരം: വിവാദങ്ങൾക്കിടെ കഴിഞ്ഞ 10 വർഷം മരിച്ച മത്സ്യത്തൊഴിലാളികളുടെ കണക്ക് പുറത്തുവിട്ട് സർക്കാർ. പത്തു വർഷത്തിനിടെ മരിച്ചത് 469 പേരും കടലിൽ കാണാതായത് 160 മത്സ്യത്തൊഴിലാളികളെയുമാണ്. കടലിൽ നിന്ന് രക്ഷപ്പെടുത്തിയത് 47,773 മത്സ്യത്തൊഴിലാളികളെയാണ്.
2017-18 വർഷത്തിൽ മാത്രം 79 മരണവും 29 പേരെ കാണാതായിട്ടുണ്ട്. 10 വർഷത്തിനിടെ നടത്തിയത് 5,072 കടൽ രക്ഷാപ്രവർത്തനങ്ങളും 23,000 പട്രോളിംഗുകളുമാണ്. ഏറ്റവും കൂടുതൽ മത്സ്യതൊഴിലാളികളെ (6,556 പേർ) രക്ഷപ്പെടുത്തിയത് 2025-26 വർഷത്തിലാണ്. 2020-21ലാണ് ഏറ്റവും കുറവ് (1,998 പേർ) രേഖപ്പെടുത്തിയത്. 2017-18 വർഷത്തിലാണ് ഏറ്റവും ഉയർന്ന മരണസംഖ്യ (79 പേർ) രേഖപ്പെടുത്തിയിരിക്കുന്നത്. വർഷത്തിൽ ശരാശരി 300 മുതൽ 600 വരെയുള്ള സീ റെസ്ക്യൂ ഓപ്പറേഷനുകൾ നടക്കുന്നതായും ഫിഷറീസ് വകുപ്പ് അറിയിച്ചു. മത്സ്യ തൊഴിലാളികൾക്കായുള്ള തിരച്ചിൽ കാര്യക്ഷമമല്ലെന്ന ആക്ഷേപത്തിനിടെയാണ് ഫിഷറീസ് വകുപ്പ് കുറിപ്പിലൂടെ വിശദീകരണം നടത്തിയിരിക്കുന്നത്.
അതേസമയം, തിരുവനന്തപുരത്തും കൊല്ലത്തും കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും ഫിഷറീസ് വകുപ്പ് അറിയിച്ചു. മുതലപ്പൊഴി, വിഴിഞ്ഞം, നീണ്ടകര മേഖലകളിൽ കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിനായി സംസ്ഥാന മത്സ്യ വകുപ്പ്, മറൈൻ എൻഫോഴ്സ്മെന്റ്, ഇന്ത്യൻ കോസ്റ്റ് ഗാർഡ്, കോസ്റ്റൽ പൊലീസ്, ജില്ലാ ഭരണകൂടം എന്നിവയുടെ നേതൃത്വത്തിൽ തീവ്രമായ തിരച്ചിൽ-രക്ഷാപ്രവർത്തനങ്ങൾ തുടരുന്നുണ്ട്. കോസ്റ്റ് ഗാർഡിന്റെ കപ്പൽ, ഡോണിയർ വിമാനം, മറൈൻ എൻഫോഴ്സ്മെന്റ് ബോട്ട്, മത്സ്യത്തൊഴിലാളികളുടെ ബോട്ടുകൾ എന്നിവ ഉപയോഗിച്ച് വിപുലമായ തിരച്ചിൽ നടത്തുകയാണെന്നും ഫിഷറീസ് വകുപ്പ് പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കുന്നു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 25,000 രൂപ വീതം അടിയന്തര ധനസഹായം കൈമാറിയെന്നും വ്യക്തമാക്കി.
തിരച്ചിൽ കാര്യക്ഷമമല്ലെന്ന് ആരോപിച്ച് കോസ്റ്റൽ പൊലീസ് സ്റ്റേഷൻ അടക്കം ഉപരോധിച്ചുകൊണ്ട് കുടുംബങ്ങളും പ്രതിപക്ഷവും വലിയ രീതിയിൽ പ്രതിഷേധിച്ചതിന് പിന്നാലെയാണ് സർക്കാർ സ്വീകരിച്ച നടപടികൾ വിശദീകരിച്ച് ഫിഷറീസ് വകുപ്പ് പത്രക്കുറുപ്പ് ഇറക്കിയത്.
Adjust Story Font
16

