പനി ക്ലിനിക്കുകൾ കോവിഡ് ക്ലിനിക്കുകളാകും; കോവിഡ് ചികിത്സാ മാർഗരേഖ പുതുക്കി
താലൂക്ക് ആശുപത്രികളില്‍ ഓക്‌സിജൻ ബെഡുകൾ ഒരുക്കണം, ഇതര രോഗികള്‍ക്ക് പ്രാധാന്യത്തിനനുസരിച്ചു മാത്രം ചികിത്സ

സംസ്ഥാനത്തെ കോവിഡ് ചികിത്സാ മാർഗരേഖ പുതുക്കി. സംസ്ഥാനത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്ന പശ്ചാത്തലത്തിലാണ് ഈ മാസം 31 വരെ ആരോഗ്യരംഗത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുക ലക്ഷ്യമിട്ട് മാർഗരേഖ പുതുക്കി പുറത്തിറക്കിയത്. കോവിഡ് ചികിത്സയ്ക്ക് പ്രാധാന്യം നൽകാനുള്ള നിർദേശമാണ് പുതിയ മാർഗരേഖയിൽ ആശുപത്രികൾക്കും ആരോഗ്യ പ്രവർത്തകർക്കും നൽകിയിട്ടുള്ളത്.
മെയ് 31 വരെ സർക്കാർ മേഖല കൂടുതൽ കോവിഡ് പ്രതിരോധത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും. എല്ലാ ആശുപത്രികളിലെയും പനി ക്ലിനിക്കുകൾ കോവിഡ് ക്ലിനിക്കുകളാക്കും. കോവിഡുമായി ബന്ധപ്പെട്ട എല്ലാ ചികിത്സയും ഇവിടങ്ങളിൽ ലഭ്യമാക്കണം. ഇതുവഴി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ താഴേതട്ടിലേക്ക് വ്യാപിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. മുഴുവൻ ഗ്രാമീണപ്രദേശങ്ങളിലുമുള്ള പനി ക്ലിനിക്കുകൾ കോവിഡ് ക്ലിനിക്കുകളായി മാറുന്നതോടെ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ പേരിലെത്തിക്കാനാകുമെന്നാണ് കരുതപ്പെടുന്നത്.
താലൂക്ക് ആശുപത്രികളിൽ ഓക്‌സിജൻ ബെഡുകൾ ഒരുക്കാനും നിർദേശമുണ്ട്. സെമി വെന്റിലേറ്റർ സൗകര്യമായ ബൈപാസ് സജ്ജീകരിക്കാൻ കഴിയുന്ന ആശുപത്രികളിലെല്ലാം അത്തരം സജ്ജീകരണങ്ങൾ ഒരുക്കണം. ഓക്‌സിജൻ ക്ഷാമം പരമാവധി കുറയ്ക്കാനാണ് ഇതുവഴി പദ്ധതിയിടുന്നത്. കിടപ്പുരോഗികൾ എവിടെയെങ്കിലും കോവിഡ് പോസിറ്റീവാകുകയാണെങ്കിൽ അവിടേക്കു തന്നെ അത്യാവശ്യമുള്ള ഓക്‌സിജൻ അടക്കമുള്ള സാമഗ്രികൾ എത്തിക്കും. ഇതിനുള്ള ക്രമീകരണങ്ങൾ ആ പ്രദേശങ്ങളിലെ ആരോഗ്യ പ്രവർത്തകർ ഏർപ്പെടുത്തണം. ഇതരരോഗികൾക്ക് പ്രാധാന്യത്തിനനുസരിച്ചു മാത്രം സർക്കാർ ആശുപത്രികളിൽ ചികിത്സ നൽകിയാൽ മതിയെന്നും നിർദേശമുണ്ട്.
മെയ് 15ഓടുകൂടി വലിയ തോതിൽ കോവിഡ് കേസുകൾ ഉയർന്നുവരുമെന്നാണ് സർക്കാർ കണക്കാക്കുന്നത്. ഇതിനുശേഷം കേസുകളിൽ താഴ്ചയുണ്ടാകുമെന്നും കരുതുന്നു. എന്നാലും 31 വരെ ഗുരുതരമായ സ്ഥിതിയിലൂടെയായിരിക്കും സംസ്ഥാനം കടന്നുപോകുക എന്ന വിലയിരുത്തലിനെ തുടർന്നാണ് ഗ്രാമപ്രദേശങ്ങളിലുൾപ്പെടെ ആളുകൾക്ക് സഹായകരമാകുന്ന തരത്തിൽ കോവിഡ് ചികിത്സാ മാർഗരേഖ പുതുക്കിയത്.
Adjust Story Font
16

