തുഷാരഗിരിയിലെ ആശങ്ക; ഭൂമി വനംവകുപ്പ് പണം കൊടുത്ത് വാങ്ങിയേക്കും
ഈ മാസം 16ന് മന്ത്രി എ.കെ ശശീന്ദ്രന്‍റെ നേതൃത്വത്തിലുള്ള സംഘം തുഷാരഗിരി സന്ദർശിക്കും.

കോഴിക്കോട് തുഷാരഗിരി വിനോദസഞ്ചാര കേന്ദ്രത്തിന്‍റെ ഭാവി അനിശ്ചിതത്വത്തില്‍. വെള്ളച്ചാട്ടം ഉള്‍പ്പെടുന്ന 24 ഏക്കര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് വിട്ടുകൊടുക്കാനുള്ള സുപ്രിംകോടതി ഉത്തരവാണ് പ്രതിസന്ധിയായത്. സ്വകാര്യ വ്യക്തികളില്‍ നിന്ന് ഭൂമി വിലക്ക് വാങ്ങി തുഷാരഗിരി സംരക്ഷിക്കാനാണ് വനംവകുപ്പിന്‍റെ നീക്കം.
അതീവ പരിസ്ഥിതി ലോല പ്രദേശമായ ജീരകപ്പാറ വനമേഖലയില്‍ വന്‍ തോതില്‍ മരം കൊള്ള നടന്നതിനെ തുടര്‍ന്ന് നടത്തിയ പോരാട്ടത്തിനൊടുവിലാണ് രണ്ട് പതിറ്റാണ്ട് മുമ്പ് ഈ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തത്. എന്നാല്‍ ഭൂ ഉടമകളില്‍ ചിലര്‍ കോടതിയെ സമീപീക്കുകയും 24 ഏക്കര്‍ ഭൂമി മൂന്നുപേര്‍ക്ക് വിട്ടുകൊടുക്കാന്‍ സുപ്രിംകോടതി ഉത്തരവിടുകയായിരുന്നു. വെള്ളച്ചാട്ടങ്ങള്‍ക്കു പുറമെ വിനോദ സഞ്ചാര കേന്ദ്രത്തിന്റെ കവാടം ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ കൂടി സ്വകാര്യ വ്യക്തികളുടെ കയ്യിലാവുന്നതോടെ ഇവിടുത്തെ വിനോദ സഞ്ചാര സാധ്യതകളും ഇല്ലാതാവും.
സാഹചര്യം വിലയിരുത്താന്‍ കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ നിന്നുള്ള എം.എല്‍.എമാരും വനംമന്ത്രി എ.കെ ശശീന്ദ്രനും തിരുവനന്തപുരത്ത് യോഗം ചേർന്നിരുന്നു. ഭൂ ഉടമകളില്‍ നിന്ന് ഭൂമി വിലക്കു വാങ്ങുന്നതിന്‍റെ സാധ്യതകളും ചർച്ചയായി. ഈ മാസം 16ന് മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം തുഷാരഗിരി സന്ദർശിക്കും.
Adjust Story Font
16

