നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം; മെഗാ ഇവന്റ് അവാർഡ് ‘മാധ്യമം’ ഹാർമോണിയസ് കേരളക്ക്
ഗൾഫ് നാടുകളിലും കേരളത്തിലും മാനവികതയുടെ ആഘോഷമായി മാറിയ മാധ്യമം ഹാർമോണിയസ് കേരളക്കാണ് പുരസ്കാരം

തിരുവനന്തപുരം: കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പിനോടനുബന്ധിച്ച് ജനുവരി 7 മുതൽ 13 വരെ നടന്ന മെഗാഷോ ഇവന്റുകളിൽ മികച്ച ഷോയ്ക്കുള്ള മെഗാ ഇവന്റ് അവാർഡ് ‘മാധ്യമ’ത്തിന്.ഗൾഫ് നാടുകളിലും കേരളത്തിലും മാനവികതയുടെ ആഘോഷമായി മാറിയ മാധ്യമം ഹാർമോണിയസ് കേരളക്കാണ് പുരസ്കാരം.
ലെജിസ്ലേച്ചർ കാർണിവൽ അവതരിപ്പിച്ച റിപ്പോർട്ടർ ചാനൽ രണ്ടാമതും ഈണം മെഗാ ഇവന്റ് അവതരിപ്പിച്ച കൈരളി ചാനലിനെ മൂന്നാം സ്ഥാനത്തേയ്ക്കും തെരഞ്ഞെടുത്തു. പ്രമോദ് പയ്യന്നൂർ, ഡോ. നീന പ്രസാദ്, ഷാജി സി ബേബി എന്നിവർ ഉൾപ്പെട്ട ജൂറി ആണ് അവാർഡ് ജേതാക്കളെ തീരുമാനിച്ചത്.
2018 പ്രളയത്തിൽ കേരളം വിറങ്ങലിച്ചുനിന്നപ്പോൾ അതിജീവനത്തിന്റെ നെടുന്തൂണായി മാറിയ പ്രവാസി മലയാളികളെ ചേർത്തുപിടിച്ചുകൊണ്ടാണ് മാധ്യമം, ‘ഹാർമോണിയസ് കേരള’ എന്ന പ്രവാസലോകത്തെ കൂട്ടായ്മയുടെ ആഘോഷത്തിന് തുടക്കമിടുന്നത്. പിന്നീട് ഗൾഫ് നാടുകളിലോരാന്നിലും മലയാളികൾ നെഞ്ചോടുചേർത്ത ആഘോഷമായി അത് മാറി. വെറുമൊരു ആഘോഷം എന്നതിനപ്പുറം കേരളവും പ്രവാസ മണ്ണും ഒന്നുചേരുന്ന അസുലഭ മുഹൂർത്തങ്ങളായിരുന്നു ഹാർമോണിയസ് കേരളയുടെ ഓരോ സീസണും. ലോകമറിയുന്ന താരനിര ഒരുപാട് ഹാർമോണിയസ് കേരളയുടെ വേദികളിൽ അണിനിരന്നിരുന്നു.
വിശ്വമാനവികതയുടെ സന്ദേശം ഉയർത്തിപ്പിടിച്ച് ഗൾഫ് രാജ്യങ്ങളിൽ കേരളത്തിന്റെ മഹോത്സവമായി മാറിയ ‘ഹാർമോണിയസ് കേരള’യുടെ കേരളത്തിലെ രണ്ടാംസീസണാണ് തിരുവനന്തപുരത്ത് അരങ്ങേറിയത്. ഐക്യത്തിന്റെയും സാഹോദര്യത്തിന്റെ വിളംബരമായി പ്രേക്ഷകമനസ്സുകളിൽ ഇതിനോടകം ഹാർമോണിയസ് കേരള ഇടംപിടിച്ചുകഴിഞ്ഞു. ഹാർമോണിയസ് കേരളയുടെ ആദ്യ കേരള സീസൺ മലപ്പുറത്തിന്റെ മണ്ണിലാണ് അരങ്ങേറിയത്.
Adjust Story Font
16

