Quantcast

ധാതുസമ്പത്ത് കൊള്ളയടിക്കാനെന്ന് പ്രതിപക്ഷം, സര്‍ക്കാരിന് ഗ്രേസ് കിട്ടുമോയെന്ന് പ്രതിപക്ഷത്തിന് പേടിയെന്ന് മുഖ്യമന്ത്രി; മാരിടൈം ബോര്‍ഡ് ബിൽ പാസാക്കി

സ്വപ്ന പദ്ധതിയാണ് മിഷൻ സമുദ്രയെന്നും, പ്രതിപക്ഷത്തിന്റെ ബഹിഷ്കരണം ഒരു വിസ്മയവും ഉണ്ടാക്കുന്നില്ലെന്നും മുഖ്യമന്ത്രി

MediaOne Logo

Web Desk

  • Published:

    28 Oct 2026 6:21 PM IST

ധാതുസമ്പത്ത് കൊള്ളയടിക്കാനെന്ന് പ്രതിപക്ഷം, സര്‍ക്കാരിന് ഗ്രേസ് കിട്ടുമോയെന്ന് പ്രതിപക്ഷത്തിന് പേടിയെന്ന് മുഖ്യമന്ത്രി; മാരിടൈം ബോര്‍ഡ് ബിൽ പാസാക്കി
X

തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധത്തിനിടെ കേരള മാരിടൈം ബോർഡ് ബിൽ നിയമസഭ പാസാക്കി. തീരദേശത്തെ കോർപറേറ്റ് മാഫിയക്ക് തീറെഴുതുന്ന സമ്മതപത്രമാണിതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ധാതു സമ്പത്ത് കൊള്ളയടിക്കലാണ് ലക്ഷ്യമെന്നും പിണറായി വിജയൻ പറഞ്ഞു. സ്വപ്ന പദ്ധതിയാണ് മിഷൻ സമുദ്രയെന്നും, പ്രതിപക്ഷത്തിന്റെ ബഹിഷ്കരണം ഒരു വിസ്മയവും ഉണ്ടാക്കുന്നില്ലെന്നും മുഖ്യമന്ത്രി മറുപടി നൽകി.

കേരളത്തിന്റെ 600 കിലോമീറ്ററോളം വരുന്ന തീരദേശവും തുറമുഖങ്ങളും കേന്ദ്രീകരിച്ച് വൻ വ്യവസായ-തൊഴിൽ സാധ്യതകൾ ലക്ഷ്യമിടുന്ന 'മിഷൻ സമുദ്ര' പദ്ധതിയുടെ ഭാഗമായാണ് ബിൽ. തുറമുഖ വികസനത്തിനും അനുബന്ധ വ്യവസായങ്ങൾക്കുമായി സർക്കാർ ഭൂമി ഒന്നിച്ച് ചേർത്ത് ഒരു 'സ്റ്റേറ്റ് മാരിടൈം ലാൻഡ് ബാങ്ക്' രൂപീകരിക്കും.

മത്സ്യത്തൊഴിലാളികളുടെ തൊഴിൽ-ജീവിത സാഹചര്യം ഇല്ലാതെയാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. പിന്നാലെ നിയമസഭയിൽ നിന്ന് പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. എല്ലാ ഘട്ടത്തിലും എൽഡിഎഫ് ഈ പദ്ധതിയെ എതിർത്തതാണെന്നും കേരളത്തിന്‍റെ തീരദേശം നഷ്ടപ്പെടാൻ പോകുകയാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു.

'യുഡിഎഫ് അജണ്ട നടപ്പാക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോകുകയാണ്. കേരളതീരത്ത് സമ്പുഷ്ടമായ ധാതുമണൽ ഉണ്ട്. ഈ ധാതുമണലിനെ കോർപറേറ്റ് ഭീമന്മാർ ലക്ഷ്യമിടുകയാണ്. യുഡിഎഫ് സർക്കാരിന്‍റെ കോർപറേറ്റ് സേവ നടപ്പാക്കാൻ സമ്മതിക്കില്ല. രണ്ട് ലക്ഷം മത്സ്യത്തൊഴിലാളികളുടെ ജീവിതം ഇല്ലാതാക്കാനാണ് സർക്കാരിന്‍റെ ശ്രമം. തുടർന്നുള്ള പ്രക്ഷോഭം എൽഡിഎഫ് ആലോചിക്കും'. പിണറായി കൂട്ടിച്ചേർത്തു.

കേരളത്തിന്‍റെ സ്വപ്ന പദ്ധതിയാണ് മിഷൻ സമുദ്രയെന്നും പ്രതിപക്ഷത്തിന്‍റെ ബഹിഷ്കരണം ഒരു വിസ്മയവും ഉണ്ടാക്കുന്നില്ലെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു. വിഴിഞ്ഞം തുറമുഖത്തിനെ കടൽക്കൊള്ളയെന്ന് പറഞ്ഞയാളാണ് പിണറായി വിജയനെന്നും മത്സ്യത്തൊഴിലാളികളുടെ മണ്ണെണ്ണ സബ്സിഡി പോലും കൂട്ടാതിരുന്നവരാണ് പുതിയ പദ്ധതിക്കെതിരെ സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

'മത്സ്യത്തൊഴിലാളികളുടെ മക്കൾ ഈ തുറമുഖ നഗരത്തിന്‍റെ ഭാഗമാകും. അവർ കുടുംബത്തിൽ മാറ്റമുണ്ടാക്കും. എഡിബിക്കെതിരെ കരിഓയിൽ ഒഴിച്ചിട്ട് അവരുടെ പുറകെ പോയവരാണ് ഇപ്പോൾ കോർപറേറ്റ്വൽക്കരണമെന്ന് പറഞ്ഞുവരുന്നത്. എല്ലാ മാറ്റത്തിന്‍റെയും വഴിമുടക്കി നിന്നവരാണ് പ്രതിപക്ഷം.' മിഷൻ സമുദ്ര വഴി സർക്കാരിന് ഗ്രേസ് മാർക്ക് കിട്ടുമോയെന്നുള്ള പേടിയാണ് പ്രതിപക്ഷത്തിനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബില്ലിലെ വ്യവസ്ഥ പ്രകാരം ബോർഡിന്റെ ചെയർപേഴ്സൺ മുഖ്യമന്ത്രിയും തുറമുഖ മന്ത്രിയുമായിരിക്കും.

TAGS :

Next Story