Quantcast

എംഎല്‍എമാര്‍ക്ക് 1.05 ലക്ഷം, മന്ത്രിമാര്‍ക്ക് 1.30 ലക്ഷം; ശമ്പള പരിഷ്‌കരണം മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയ്ക്ക്

2018ലാണ് എംഎല്‍എമാരുടെയും മന്ത്രിമാരുടെയും ശമ്പളം അവസാനമായി പരിഷ്‌കരിച്ചത്

MediaOne Logo

Web Desk

  • Updated:

    2026-10-28 06:00:11

Published:

28 Oct 2026 10:45 AM IST

എംഎല്‍എമാര്‍ക്ക് 1.05 ലക്ഷം, മന്ത്രിമാര്‍ക്ക് 1.30 ലക്ഷം; ശമ്പള പരിഷ്‌കരണം മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയ്ക്ക്
X

തിരുവനന്തപുരം: എംഎല്‍എമാരുടെയും മന്ത്രിമാരുടെയും ശമ്പളവും അലവന്‍സും 35 ശതമാനം വര്‍ധിപ്പിക്കുന്ന വിഷയം ഇന്ന് മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും. ഇതുസംബന്ധിച്ച് നാളെ നിയമസഭാ സമ്മേളനത്തില്‍ ബില്‍ പാസാക്കാനും തീരുമാനിച്ചിട്ടുണ്ട്. 2018ലാണ് എംഎല്‍എമാരുടെയും മന്ത്രിമാരുടെയും അലവന്‍സ് അവസാനമായി പരിഷ്‌കരിച്ചത്.

2022ല്‍ ശമ്പള പരിഷ്‌കരണത്തിന് ശിപാര്‍ശ ലഭിച്ചെങ്കിലും നടപ്പാക്കിയില്ല. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ശിപാര്‍ശ മാറ്റിവെക്കുകയായിരുന്നു. നിലവില്‍ ഭരണ-പ്രതിപക്ഷ ഒറ്റക്കെട്ടായി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ തിടുക്കത്തിലുള്ള നടപടികള്‍.

നിലവില്‍ എംഎല്‍എമാര്‍ക്ക് കോണ്‍സ്റ്റിറ്റിയുന്‍സി അലവന്‍സും ടെലിഫോണ്‍ അലവന്‍സും യാത്ര അലവന്‍സുമടക്കം 70,000 രൂപയാണ് ശമ്പളമായി ലഭിക്കുന്നത്. ശമ്പള പരിഷ്‌കരണം നടപ്പിലായാല്‍ ഇത് 1,05,000 ആയി വര്‍ധിക്കും. മന്ത്രിമാരുടെ ശമ്പളം ഒരു ലക്ഷത്തില്‍ നിന്ന് 1,30,000 ആകുകയും ചെയ്യും.

എട്ട് വര്‍ഷത്തിന് ശേഷമുള്ള ശമ്പള പരിഷ്‌കരണത്തില്‍ കാലാനുസൃതമായ വര്‍ധനവാണ് ഉണ്ടാകുന്നത്. ഈ ബില്‍ ഉടന്‍ പാസായാല്‍ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ഫയലുകള്‍ അതിവേഗത്തില്‍ മുന്നോട്ടുപോകുന്നുവെന്ന പൊതുജന വിമര്‍ശനത്തിന് സാധ്യതയുണ്ട്.

അതേസമയം പിഎസ്‌സി പിരിച്ചുവിടാനുള്ള ഗവര്‍ണറുടെ ശിപാര്‍ശ ചട്ടം 130 അനുസരിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നോട്ടീസ് നല്‍കി. നോട്ടീസ് അനുവദിച്ചാല്‍ സഭയില്‍ പ്രത്യേക ചര്‍ച്ച നടക്കും. അതേസമയം സംസ്ഥാന ആസൂത്രണ ബോര്‍ഡ് ചീഫ് തസ്തികളിലെ പരീക്ഷാ ക്രമക്കേട് പരാതിയില്‍ പിഎസ്‌സി ചെയര്‍മാന്‍ എം.ആര്‍ ബൈജുവിനെ അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്യും.

ക്രൈംബ്രാഞ്ച് ഓഫീസില്‍ നേരിട്ട് ഹാജരാവാനാണ് എസ്‌ഐടി ആവശ്യപ്പെട്ടിരിക്കുന്നത്. പരീക്ഷാക്രമക്കേടില്‍ ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിന്റെ ഭാഗമായിട്ടാണ് പിഎസ്സി ചെയര്‍മാനെയും അംഗങ്ങളെയും ചോദ്യം ചെയ്യുന്നത്.

പിഎസ്സിയിലെ മൂന്ന് അംഗങ്ങളെ കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യം ചെയ്തിരുന്നു. ചെയര്‍മാന്റെ ഇടപെടലിനെകുറിച്ച് അംഗങ്ങള്‍ മൊഴി നല്‍കിയിട്ടുണ്ട്. നേരത്തെ ചോദ്യംചെയ്യലിന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടും ബൈജു തയ്യാറായിരുന്നില്ല. ഹൈക്കോടതി നിലപാട് കടുപ്പിച്ചതോടെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പിഎസ്സി ചെയര്‍മാനും നിര്‍ബന്ധിതനായത്.

കൂടാതെ, കിഫ്ബിക്കെതിരായ നീക്കം ചര്‍ച്ച ചെയ്യുന്നതിനായി പ്രതിപക്ഷം ഇന്ന് സഭയില്‍ അടിയന്തര പ്രമേയം കൊണ്ടുവരും. കെ.എന്‍ ബാലഗോപാല്‍ നോട്ടീസ് നല്‍കും.

കേരളത്തിന്റെ അടിസ്ഥാന വികസന രംഗത്ത് വലിയ മുന്നേറ്റങ്ങള്‍ ഉണ്ടാക്കാന്‍ കിഫ്ബിക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നത്. കേന്ദ്രത്തില്‍ നിന്നുള്ള വിഹിതം കുറയുകയും വായ്പയെടുക്കുന്ന തുക വെട്ടിക്കുറയ്ക്കുകയും ചെയ്ത പ്രതിസന്ധി ഘട്ടത്തിലാണ് കിഫ്ബി വഴി വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയത്.

എന്നാല്‍ വിദഗ്ധ സമിതി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇതിനകം വിശദീകരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ധനവിനിയോഗ ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചയിലും മുഖ്യമന്ത്രി കിഫ്പിയെക്കുറിച്ചുള്ള കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. അതിനാല്‍ ഈ അടിയന്തര പ്രമേയത്തിന് അനുമതി ലഭിക്കാനുള്ള സാധ്യത കുറവാണ്.

TAGS :

Next Story