Quantcast

നാല് പതിറ്റാണ്ടിന് ശേഷം കനത്ത പോളിങ്; പ്രതീക്ഷയിൽ മുന്നണികൾ

85 സീറ്റിനു മുകളിൽ നേടി അധികാരത്തിലെത്തുമെന്നാണ് യുഡിഎഫിന്‍റെ കണക്കുകൂട്ടൽ

MediaOne Logo

Web Desk

  • Published:

    10 April 2026 6:46 AM IST

നാല് പതിറ്റാണ്ടിന് ശേഷം കനത്ത പോളിങ്; പ്രതീക്ഷയിൽ മുന്നണികൾ
X

തിരുവനന്തപുരം: കഴിഞ്ഞ തവണത്തെക്കാൾ പോളിങ് ശതമാനത്തിൽ ഉണ്ടായ ഉയർച്ച തങ്ങൾക്ക് അനുകൂലമാകുമെന്ന അവകാശവാദത്തിലാണ് മുന്നണികൾ. 85 സീറ്റിനു മുകളിൽ നേടി അധികാരത്തിലെത്തുമെന്നാണ് യുഡിഎഫിന്‍റെ കണക്കുകൂട്ടൽ. 83 വരെ സീറ്റുകൾ കിട്ടുമെന്ന് എൽഡിഎഫും പ്രതീക്ഷിക്കുന്നു. കുറഞ്ഞത് മൂന്ന് സീറ്റിലെ വിജയമാണ് ബിജെപിയുടെ അവകാശവാദം.

പോളിങ് ശതമാനം കഴിഞ്ഞതവണത്തേക്കാൾ കൂടിയതിന് കാരണം വോട്ടർ പട്ടിക പരിഷ്കരണവും രാഷ്ട്രീയപാർട്ടികളുടെ പ്രചരണവും ജനങ്ങൾ ഏറ്റെടുത്തതുകൊണ്ടാണെന്നാണ് പൊതു വിലയിരുത്തൽ. എന്നാൽ അവകാശവാദങ്ങൾക്ക് ഒരു കുറവും എൽഡിഎഫും യുഡിഎഫും വരുത്തുന്നില്ല. 75 മുതൽ 83 സീറ്റ് വരെ നേടി അധികാരത്തിൻ്റെ തുടർച്ച ഉണ്ടാകുമെന്നാണ് എൽഡിഎഫിൻ്റെ പ്രാഥമിക വിലയിരുത്തൽ. മതന്യൂനപക്ഷ വോട്ടുകൾ രണ്ടായി വിഭജിച്ചുവെന്നാണ് നേതാക്കൾ കണക്കുകൂട്ടുന്നത്. ഇതിനൊപ്പം ഭൂരിപക്ഷ സമുദായത്തിന്‍റെ ഭൂരിപക്ഷ വോട്ടുകളും കിട്ടിയെന്നും ഇടതു നേതാക്കൾ വിലയിരുത്തുന്നു.

സിറ്റിങ് എംഎൽഎമാരെ കുറിച്ച് നെഗറ്റീവ് അഭിപ്രായങ്ങൾ ഇല്ലാത്തത് ഭരണ വിരുദ്ധ വികാരത്തെ മറികടക്കാൻ സാഹചര്യം ഒരുക്കി എന്നും എൽഡിഎഫ് പ്രതീക്ഷിക്കുന്നുണ്ട്. ബൂത്തടിസ്ഥാനത്തിലുള്ള കണക്കുകൾ ക്രോഡീകരിച്ച് കീഴ്ഘടകങ്ങൾ അടുത്ത ദിവസങ്ങളിൽ തന്നെ സംസ്ഥാന നേതൃത്വത്തിന് കൈമാറും. ഇതിന്‍റെ അടിസ്ഥാനത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ് വിശദമായ വിലയിരുത്തൽ നടത്തും. എന്നാൽ ആത്മവിശ്വാസത്തിന് ഒരു പൊടിപോലും കുറവ് യുഡിഎഫിന്‍റെ നേതാക്കന്മാർക്കില്ല. ഭരണവിരുദ്ധ വികാരം കേരളം ആഞ്ഞടിച്ചു എന്നാണ് യുഡിഎഫ് അവകാശപ്പെടുന്നത്.

മതന്യൂനപക്ഷങ്ങളുടെ വോട്ടുകൾ തങ്ങൾക്ക് അനുകൂലമായി ഏകീകരിക്കപ്പെട്ടുവെന്നും ഇന്ദിരാ ഗ്യാരണ്ടി അടക്കമുള്ള പ്രഖ്യാപനങ്ങൾ ഗുണം ചെയ്തു എന്നും യുഡിഎഫ് നേതാക്കൾ പറയുന്നു. നേതൃത്വത്തിന്റെ വിശദമായ വിലയിരുത്തൽ വരും ദിവസങ്ങളിൽ ഉണ്ടാകും. 5 സീറ്റ് വരെ കിട്ടും എന്ന് ബിജെപി നേതാക്കൾ പറയുന്നുണ്ടെങ്കിലും ഒന്നു മുതൽ മൂന്നു വരെ സീറ്റിലാണ് നേതൃത്വം പ്രതീക്ഷ വച്ച് പുലർത്തുന്നത്. നേമവും കഴക്കൂട്ടവും പാലക്കാടും മഞ്ചേശ്വരവുമെല്ലാം ബിജെപിയുടെ കണക്ക് പുസ്തകത്തിൽ ഉണ്ട്. പ്രതീക്ഷകൾക്കും അവകാശവാദങ്ങൾക്കും മെയ് നാലുവരെ ആയുസ് ഉള്ളതുകൊണ്ട് മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരണം നൽകുന്നതിൽ ഒരു പിശുക്കും നേതാക്കന്മാർ കാണിക്കില്ല.



TAGS :

Next Story