Quantcast

കേരളത്തിൽ കുരങ്ങുവസൂരി സ്ഥിരീകരിച്ചു; രാജ്യത്ത് ആദ്യ കേസ്

12ന് യു.എ.ഇയിൽനിന്ന് എത്തിയ കൊല്ലം സ്വദേശിയിലാണ് രോഗം സ്ഥിരീകരിച്ചത്

MediaOne Logo

Web Desk

  • Updated:

    2022-07-14 16:19:04.0

Published:

14 July 2022 2:02 PM GMT

കേരളത്തിൽ കുരങ്ങുവസൂരി സ്ഥിരീകരിച്ചു; രാജ്യത്ത് ആദ്യ കേസ്
X

തിരുവനന്തപുരം: കേരളത്തിൽ കുരുങ്ങുവസൂരി സ്ഥിരീകരിച്ചു. 12ന് യു.എ.ഇയിൽനിന്ന് എത്തിയ കൊല്ലം സ്വദേശിയിലാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ ആദ്യത്തെ കേസാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആരോഗ്യ മന്ത്രി വീണാ ജോർജാണ് വിവരം വാർത്താസമ്മേളനത്തിലൂടെ ഇക്കാര്യം അറിയിച്ചത്.

രോഗിയുമായി സമ്പർക്കം പുലർത്തിയവരെയെല്ലാം കണ്ടെത്തിയതായി മന്ത്രി അറിയിച്ചു. അച്ഛൻ, അമ്മ, ടാക്‌സി ഡ്രൈവർ, ഓട്ടോ ഡ്രൈവർ, വിമാനത്തിൽ അടുത്ത് സമ്പർക്കം പുലർത്തിയ 11 പേർ എന്നിങ്ങനെയാണ് കണ്ടെത്തിയിട്ടുള്ളത്. ആശങ്ക വേണ്ടെന്നും വേണ്ട എല്ലാ നടപടിക്രമങ്ങളും സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

രോഗി വന്ന ദിവസം തന്നെ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് വീട്ടിലെത്തിയ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിലെത്തുകയായിരുന്നു. ഇവിടെനിന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തത്. മെഡിക്കൽ കോളജിൽനിന്നാണ് കുരങ്ങുവസൂരിയാണെന്ന് സംശയിച്ച് സാംപിളെടുത്ത് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചത്.

കുരങ്ങുവസൂരി ഭീതിക്കിടെ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാര്‍ ജാഗ്രതാ നിർദേശം നല്‍കിയിരുന്നു. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറി, പ്രിൻസിപ്പൽ സെക്രട്ടറി, ആരോഗ്യ സെക്രട്ടറി എന്നിവർക്ക് കത്തെഴുതിയാണ് ഇക്കാര്യം അറിയിച്ചത്. ഡോക്ടർമാരെയും മറ്റ് ആരോഗ്യ പ്രവർത്തകരെയും കുരങ്ങുവസൂരിയുടെ ലക്ഷണങ്ങളെ കുറിച്ച് അവബോധമുണ്ടാക്കാനും രോഗലക്ഷണങ്ങൾ ഉള്ളവരിൽ കർശന പരിശോധന നടത്താനും കേന്ദ്രം നിർദേശിച്ചു. രോഗം സ്ഥിരീകരിച്ചാൽ രോഗിയെ ഉടന്‍ ഐസൊലേഷനിലേക്ക് മാറ്റണമെന്നും ഇതിനായി ആശുപത്രികൾ സജ്ജമാക്കണമെന്നും ആവശ്യപ്പെട്ടു.

എന്താണ് മങ്കിപോക്സ്?

മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്സ് അഥവാ കുരങ്ങുവസൂരി. തീവ്രത കുറവാണെങ്കിലും 1980ൽ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓർത്തോപോക്സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി കുരങ്ങുവസൂരിയുടെ ലക്ഷണങ്ങൾക്ക് സാദൃശ്യമുണ്ട്. പ്രധാനമായും മധ്യ, പടിഞ്ഞാറൻ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെടുന്നത്. 1958ലാണ് ആദ്യമായി കുരങ്ങുകളിൽ രോഗം സ്ഥിരീകരിച്ചത്. 1970ൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ഒന്‍പത് വയസുള്ള ആൺകുട്ടിയിലാണ് മനുഷ്യരിൽ കുരങ്ങുവസൂരി ആദ്യമായി കണ്ടെത്തിയത്.

രോഗപ്പകർച്ച

രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങൾ എന്നിവ വഴി നേരിട്ടുള്ള സമ്പർക്കത്തിലൂടെ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് കുരങ്ങുവസൂരി പകരാം. അണ്ണാൻ, എലികൾ, വിവിധ ഇനം കുരങ്ങുകൾ എന്നിവയുൾപ്പെടെ നിരവധി മൃഗങ്ങളിൽ വാനര വസൂരി വൈറസ് അണുബാധയുടെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. വനമേഖലയിലോ സമീപത്തോ താമസിക്കുന്ന ആളുകൾക്ക് രോഗബാധിതരായ മൃഗങ്ങളുമായുള്ള സമ്പർക്കമുണ്ടായാൽ രോഗബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്. രോഗബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയാണ് മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്. ക്ഷതങ്ങൾ, ശരീര സ്രവങ്ങൾ, ശ്വസന തുള്ളികൾ, കിടക്ക പോലുള്ള വസ്തുക്കൾ എന്നിവയുമായുള്ള അടുത്ത സമ്പർക്കം, രോഗം ബാധിച്ചയാളുമായുള്ള ലൈംഗിക ബന്ധം എന്നിവയിലൂടെ കുരങ്ങുവസൂരി വൈറസ് ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് പകരുന്നത്.

പ്ലാസന്റ വഴി അമ്മയിൽനിന്ന് കുഞ്ഞിലേക്കോ അല്ലെങ്കിൽ ജനനസമയത്തോ, അതിനുശേഷമോ കുഞ്ഞുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയും രോഗസംക്രമണം സംഭവിക്കാം. ലോകമെമ്പാടും വസൂരിക്കുള്ള വാക്സിനേഷൻ നിർത്തലാക്കിയതിനാൽ പൊതുജനങ്ങളിൽ വസൂരിക്കെതിരെയുള്ള പ്രതിരോധശേഷി കുറയുന്നത് കുരങ്ങുവസൂരിക്കെതിരെയുള്ള പ്രതിരോധശേഷി കുറയ്ക്കുന്നതിനും കാരണമായേക്കാം.

ലക്ഷണങ്ങൾ

സാധാരണഗതിയിൽ കുരങ്ങുവസൂരിയുടെ ഇൻകുബേഷൻ കാലയളവ് ആറുമുതൽ 13 ദിവസം വരെയാണ്. എന്നാൽ ചില സമയത്ത് ഇത് അഞ്ചു മുതൽ 21 ദിവസം വരെയാകാം. രണ്ടു മുതൽ നാല് ആഴ്ച വരെ ലക്ഷണങ്ങൾ നീണ്ടുനിൽക്കാറുണ്ട്. മരണനിരക്ക് പൊതുവെ കുറവാണ്. പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശിവേദന, ഊർജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ.

പനി വന്ന് 13 ദിവസത്തിനുള്ളിൽ ദേഹത്ത് കുമിളകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങും. മുഖത്തും കൈകാലുകളിലുമാണ് കൂടുതൽ കുമിളകൾ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കൺജങ്ക്റ്റിവ, കോർണിയ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.

Summary: Kerala reports first monkeypox case

TAGS :
Next Story