Quantcast

എസ്.എസ്.എൽ.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 99.70 % വിജയം, 68,604 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എ പ്ലസ്

കൂടുതൽ വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് നേടിയ വിദ്യാഭ്യാസ ജില്ല മലപ്പുറമാണ്

MediaOne Logo

Web Desk

  • Updated:

    2023-05-19 12:06:25.0

Published:

19 May 2023 9:11 AM GMT

V Sivankutty
X

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു. സെക്രട്ടേറിയേറ്റിലെ പി.ആര്‍ ചേംബറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വിദ്യഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. 417864 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 99.70 % ആണ് ഇത്തവണത്തെ എസ്.എസ്.എല്‍.സി വിജയ ശതമാനം. 68,604 വിദ്യാര്‍ഥികള്‍ ഫുള്‍ എ പ്ലസ് കരസ്ഥമാക്കി. 99.26 ശതമാനം ആയിരുന്നു കഴിഞ്ഞ തവണ. ഏറ്റവും കൂടുതല്‍ വിജയ ശതമാനം കണ്ണൂര്‍ ജില്ലയിലാണ് (99.94 ശതമാനം). കുറവ് വയനാട് (98.41%). കൂടുതൽ വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് നേടിയ വിദ്യാഭ്യാസ ജില്ല മലപ്പുറമാണ്. 4856 വിദ്യാർത്ഥികൾക്കാണ് മലപ്പുറം ജില്ലയില്‍ എ പ്ലസ് കരസ്ഥമാക്കിയത്.

ഗൾഫ് മേഖലയില്‍ 528 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍‍ 504 പേര് ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. ലക്ഷദ്വീപിൽ 8 സെന്‍ററുകളിലായി 288 വിദ്യാർത്ഥികള്‍ പരീക്ഷയെഴുതിയതില്‍ 253 പേര്‍ ഉപരി പഠനത്തിന് യോഗ്യത നേടി. 97.92 ശതമാനമാണ് ലക്ഷദ്വീപിലെ വിജയ ശതമാനം. 951 സർക്കാർ സ്കൂളുകളിലെ മുഴുവൻ വിദ്യാർഥികളും ഉപരിപഠനത്തിന് അർഹത നേടി. മുൻ വർഷത്തേക്കാൾ 191 സ്കൂളുകൾ ഇത്തവണ വർധിച്ചിട്ടുണ്ട്. 1291 എയ്ഡഡ് സ്കൂളുകളും 439 അണ്‍ എയിഡഡ് സ്കൂളുകളും നൂറ് ശതമാനം വിജയം നേടി. പുനർ മൂല്യനിർണയം സൂക്ഷ്മ പരിശോധന എന്നിവയ്ക്കുള്ള അപേക്ഷ ഈമാസം 20 മുതൽ 24 വരെ ഓൺലൈനായി നൽകാം. റഗുലർ വിഭാഗം വിദ്യാർത്ഥികളുടെ സേ പരീക്ഷ ജൂൺ 7 മുതൽ 14 വരെ നടക്കും. ജൂൺ അവസാനം സേ പരീക്ഷകളുടെ ഫലം പ്രഖ്യാപിക്കും. ജൂൺ ആദ്യം മുതൽ വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകൾ ഡിജി ലോക്കറിൽ ലഭ്യമാകും.

165775 വിദ്യാർത്ഥികൾ ഗ്രേസ് മാർക്കിന് അപേക്ഷിച്ചതില്‍ 13,8086 പേർക്ക് ഗ്രേസ് മാർക്ക് അനുവദിച്ചു. 24,422 വിദ്യാർഥികൾ ഗ്രേസ് മാർക്ക് വഴി ഫുൾ എ പ്ലസ് കരസ്ഥമാക്കി. ജൂലൈ അഞ്ചിന് ഒന്നാം വർഷ ഹയർസെക്കൻഡറി ക്ലാസുകൾ ആരംഭിക്കാൻ ശ്രമിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. 2024ലെ എസ്.എസ്.എല്‍.സി പരീക്ഷ മാർച്ച് 4 മുതൽ ആരംഭിക്കാൻ ആലോചിക്കും.

36,0692 ഹയർ സെക്കൻഡറി സീറ്റുകളും 33,030 വൊക്കേഷണൽ ഹയർ സെക്കൻഡറി സീറ്റുകളുമാണ് സംസ്ഥാനത്തുള്ളത്. എല്ലാ മേഖലകളിലുമായി ഉന്നതപഠനത്തിന് ആകെ 46,5141 സീറ്റുകളാണ് സംസ്ഥാനത്തുള്ളത്. 38,5000 കുട്ടികൾ ഹയർസെക്കന്‍ററി പ്രവേശനം നേടുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ച വെച്ചതായും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

4,19,362 റഗുലർ വിദ്യാർത്ഥികളും 192 പ്രൈവറ്റ് വിദ്യാർത്ഥികളുമാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഇതിൽ 2,13,801 പേർ ആൺകുട്ടികളും 2,05,561പേർ പെൺകുട്ടികളുമാണ്. സർക്കാർ മേഖലയിൽ 1170 സെന്‍ററുകളും എയിഡഡ് മേഖലയിൽ 1,421 സെന്‍ററുകളും അൺ എയിഡഡ് മേഖലയിൽ 369 സെന്‍ററുകളും അടക്കം മൊത്തം 2,960 പരീക്ഷാ സെന്‍ററുകളാണ് സജ്ജീകരിച്ചിരുന്നത്. മാർച്ച്‌ 9ന് ആരംഭിച്ച എസ്എസ്എൽസി പരീക്ഷ മാർച്ച് 29നാണ് അവസാനിച്ചത്. നാളെ പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്ന എസ്.എസ്.എൽ.സി ഫലം നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയായതോടെയാണ് ഒരു ദിവസം നേരത്തെ പുറത്തു വരുന്നത്. ഫലപ്രഖ്യാപനത്തിന് മുന്നോടിയായി ഇന്നലെ പരീക്ഷ ബോർഡ് യോഗം ചേർന്ന് ഫലത്തിന് അംഗീകാരം നൽകിയിരുന്നു.

കഴിഞ്ഞ വർഷം ഗ്രേസ് മാർക്ക് ഇല്ലാതെയായിരുന്നു ഫലപ്രഖ്യാപനം എങ്കിൽ ഇത്തവണ അത് പുനസ്ഥാപിച്ചിട്ടുണ്ട്. ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്. എസ്.എല്‍.സി ഹിയറിങ് ഇംപേര്‍ഡ്, എസ്.എസ്.എൽ.സി ഹിയറിങ് ഇംപേര്‍ഡ്, എ.എച്ച്. എസ്.എല്‍.സി പരീക്ഷകളുടെ ഫലവും ഇതോടൊപ്പം പ്രഖ്യാപിക്കും. പ്രഖ്യാപനം കഴിഞ്ഞാൽ ഉടൻ ഫലം വിദ്യാർത്ഥികൾക്ക് ലഭ്യമാകാനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

ഫലം വൈകിട്ട് 4 മുതൽ പി.ആര്‍.ഡി ലൈവ് മൊബൈൽ ആപ്പിലും www.prd.kerala.gov.in, https://results.kerala.gov.in, https://examresults.kerala.gov.in, https://pareekshabhavan.kerala.gov.in, https://results.kite.kerala.gov.in, https://sslcexam.kerala.gov.in സൈറ്റുകളിലും ലഭിക്കും.

TAGS :

Next Story