Quantcast

സാമൂഹ്യക്ഷേമ പെൻഷൻ വിതരണം അട്ടിമറിക്കാൻ യുഡിഎഫ് സർക്കാർ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

പുതിയ ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്നും, ആവശ്യമുള്ള എല്ലാ ഗുണഭോക്താക്കൾക്കും സഹകരണ സംഘങ്ങൾ വഴി വീട്ടുപടിക്കൽ പെൻഷൻ എത്തിക്കുന്ന പഴയ സംവിധാനം പുനഃസ്ഥാപിക്കണമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Published:

    7 Aug 2026 12:59 PM IST

സാമൂഹ്യക്ഷേമ പെൻഷൻ വിതരണം അട്ടിമറിക്കാൻ യുഡിഎഫ് സർക്കാർ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
X

തിരുവനന്തപുരം: സാമൂഹ്യക്ഷേമ പെൻഷൻ വിതരണം ബാങ്ക് അക്കൗണ്ടുകൾ വഴി മാത്രമാക്കാനുള്ള സർക്കാർ തീരുമാനം ജനകീയ പെൻഷൻ വിതരണ സംവിധാനത്തെ തകർക്കാനുള്ള നീക്കമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. സഹകരണ സംഘങ്ങൾ വഴി വീട്ടുപടിക്കൽ പെൻഷൻ എത്തിക്കുന്ന രീതി അവസാനിപ്പിക്കുന്നത് പെൻഷൻ പദ്ധതി തന്നെ ദുർബലമാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ ആദ്യപടിയാണെന്നും അദ്ദേഹം പറഞ്ഞു.

പത്ത് വർഷമായി ഡിബിടി തിരഞ്ഞെടുക്കാത്ത ഗുണഭോക്താക്കളിൽ പകുതിയോളം പേർക്ക് വീടുകളിൽ നേരിട്ട് പെൻഷൻ ലഭിച്ചിരുന്ന സംവിധാനമാണ് പുതിയ ഉത്തരവിലൂടെ ഇല്ലാതാക്കുന്നതെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. കിടപ്പുരോഗികൾ ഒഴികെയുള്ള മുഴുവൻ ഗുണഭോക്താക്കൾക്കും ആധാർ ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിലൂടെ മാത്രം പെൻഷൻ നൽകാനുള്ള തീരുമാനം വയോജനങ്ങളെയും ഭിന്നശേഷിക്കാരെയും ഉൾപ്പെടെയുള്ള സാധാരണക്കാരെ വലിയ പ്രതിസന്ധിയിലാക്കുമെന്നും അദ്ദേഹം വിമർശിച്ചു.

കേന്ദ്ര നിർദേശങ്ങൾ പാലിക്കാത്തതിനാൽ സാമ്പത്തിക സഹായം നഷ്ടമാകുമെന്ന വാദം സർക്കാർ ഉയർത്തുന്നുണ്ടെങ്കിലും, കേരളത്തിൽ വിതരണം ചെയ്യുന്ന സാമൂഹ്യക്ഷേമ പെൻഷൻ തുകയിൽ കേന്ദ്ര വിഹിതം വളരെ ചെറിയ പങ്ക് മാത്രമാണെന്നും, ഭൂരിഭാഗം തുകയും സംസ്ഥാന സർക്കാർ തന്നെയാണ് നൽകുന്നതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

പുതിയ ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്നും, ആവശ്യമുള്ള എല്ലാ ഗുണഭോക്താക്കൾക്കും സഹകരണ സംഘങ്ങൾ വഴി വീട്ടുപടിക്കൽ പെൻഷൻ എത്തിക്കുന്ന പഴയ സംവിധാനം പുനഃസ്ഥാപിക്കണമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആവശ്യപ്പെട്ടു.

TAGS :

Next Story