Quantcast

'ശരണ്യ സേഫ്'; കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ മലയാളി യുവതിയെ കണ്ടെത്തി

ശരണ്യയെ കണ്ടെത്തിയത് നാലാം നാൾ

MediaOne Logo

Web Desk

  • Updated:

    2026-04-05 14:51:44.0

Published:

5 April 2026 6:32 PM IST

ശരണ്യ സേഫ്; കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ മലയാളി യുവതിയെ കണ്ടെത്തി
X

കോഴിക്കോട്: കുടകില്‍ ട്രക്കിങ്ങിനിടെ കാണാതായ നാദാപുരം സ്വദേശി ശരണ്യയെ കണ്ടെത്തി. നാല് ദിവസത്തിന് ശേഷം വനമേഖലയില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. തടിയന്റമോള്‍കുന്നില്‍ കൂടുകാര്‍ക്കൊപ്പം കാടുകയറിയ ശരണ്യയെ കൂട്ടംതെറ്റി കാണാതാവുകയായിരുന്നു. ശരണ്യയുടെ ആരോഗ്യനില തൃപ്തികരമാണ്.

എറണാകുളത്ത് സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ ശരണ്യ വ്യാഴാഴ്ചയാണ് ട്രക്കിങ്ങിനായി കുടകിലെത്തിയത്. കൂട്ടുകാരോടൊപ്പം ഹോംസ്‌റ്റേയില്‍ താമസിച്ച ശേഷം ട്രക്കിങ്ങിന് പുറപ്പെടുകയായിരുന്നു. ഇതിനെടെയാണ് വഴിതെറ്റിയത്. കാണാതായതിനെ തുടര്‍ന്ന് കര്‍ണാടക വനംവകുപ്പും പൊലീസും ചേര്‍ന്ന് ഇവരെ കണ്ടെത്താനായി തെരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. പിന്നാലെയാണ് യുവതിയെ കണ്ടെത്താനായത്. വല്ലാതെ ആശങ്കപ്പെട്ടെന്നും കണ്ടെത്തിയ വാർത്ത അറിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും ശരണ്യയുടെ പിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു.

വന്യജീവികള്‍ ധാരാളമായുള്ള കൊടുങ്കാട്ടില്‍ രക്ഷാപ്രവര്‍ത്തനദൗത്യങ്ങള്‍ക്ക് നേരത്തെ തിരിച്ചടിയേറ്റത് വലിയ ആശങ്കകള്‍ക്കിടയാക്കിയിരുന്നു. ശരണ്യയുടെ ഫോണ്‍ ട്രാക്ക് ചെയ്യാന്‍ സാധിക്കാത്തതും തിരിച്ചടിയായിരുന്നു. എങ്കിലും കര്‍ണാടക വനംവകുപ്പിന്റെയും ആദിവാസി വിഭാഗങ്ങളുടെയും സഹകരണത്തോടെ പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയതോടെയാണ് കണ്ടെത്താനായത്. കാണാതായി നാല് ദിവസമായിട്ടും കുട്ടിയെ ആരോഗ്യവതിയായി കണ്ടെത്താനായതിന്റെ ആശ്വാസത്തിലാണ് കുടുംബവും നാടും.

തനിക്ക് വഴി തെറ്റിപ്പോയെന്നും ഫോണ്‍ ഓഫായതിനാല്‍ ആരെയും ബന്ധപ്പെടാന്‍ സാധിച്ചില്ലെന്നും ശരണ്യ പ്രതികരിച്ചു. 'തനിക്ക് ചെറുതായി വഴി തെറ്റിപ്പോയതാണ്. സുഹൃത്തിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ ഓഫായതിനാല്‍ സാധിച്ചില്ല. കയ്യിലുണ്ടായിരുന്നത് 500 മില്ലി വെള്ളം മാത്രം. രണ്ട് ദിവസം മാത്രം നടന്നുനോക്കി. മഴ പെയ്തുണ്ടായ വഴുക്കല്‍ കാരണം അധികം മുന്നോട്ടുപോയില്ല'. ശരണ്യ മാധ്യമങ്ങളോട് പ്രതികരിച്ചു.

യാത്രാസംഘത്തോടൊപ്പമാണ് ശരണ്യ ട്രക്കിങ്ങിന് പോയത്. എന്നാല്‍ ട്രക്കിങ് കഴിഞ്ഞ് തിരിച്ചുവരുന്ന വഴിക്കാണ് ശരണ്യയെ കാണാതായെന്ന് മനസിലാകുന്നത്. വഴി തെറ്റിയെന്ന് രണ്ടാംതീയതി താമസസ്ഥലത്തേക്ക് ശരണ്യ വിളിച്ചുപറഞ്ഞിരുന്നു. ശരണ്യ നേരത്തെയും ട്രക്കിങ്ങിന് പോയിരുന്നു.

TAGS :

Next Story