കുഞ്ഞ് മാലാഖക്ക് കേരളത്തിന്‍റെ ആദരം; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവാണ് ആലിൻ ഷെറിൻ

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രായം കുറഞ്ഞ അവയവദാതാവായ ആലിൻ ഷെറിൻ എബ്രഹാമിന്‍റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് നിർദേശം നൽകിയത്. ആലിന്‍റെ സംസ്കാര ചടങ്ങുകള്‍ നാളെ നെടുങ്ങാടപ്പള്ളി സെന്‍റ് തോമസ് സിഎസ്ഐ പള്ളിയില്‍ നടക്കും. ആലിൻ ഷെറിന്‍റെ മാതാപിതാക്കൾ അവയവദാന രംഗത്ത് കേരളസമൂഹത്തിന് മുന്നിലായി വലിയൊരു മാതൃകയാണ് സൃഷ്ടിച്ചെതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം പത്തു മാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിന്‍റെ കരൾ മാറ്റിവെച്ച ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. ഇന്നലെ രാത്രി ആരംഭിച്ച ശസ്ത്രക്രിയ ഇന്ന് രാവിലെയാണ് പൂർത്തിയായത്. കരൾ സ്വീകരിച്ച ധ്രിയയുടെ ആരോഗ്യനില തൃപ്തികരമാണ്.
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവാണ് ആലിൻ ഷെറിൻ.10 മാസമുള്ള ഏക മകളുടെ അവയവങ്ങള്‍ എറണാകുളം അമൃത ആശുപത്രിയിൽ അച്ഛൻ അരുൺ എബ്രഹാമും അമ്മ ഷെറിൻ ആൻ ജോണുമാണ് ദാനം ചെയ്തത്. മസ്തിഷ്ക മരണം സംഭവിച്ച ആലിന്‍റെ കരൾ, രണ്ട് വൃക്ക, ഹൃദയവാൽവ്, രണ്ട് നേത്ര പടലങ്ങൾ എന്നിവയാണ് ദാനം ചെയ്തത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്എടി ആശുപത്രിയില്‍ ചികിത്സയിലുള്ള 10 വയസുള്ള കുട്ടിക്കാണ് രണ്ട് വൃക്കകൾ നൽകുന്നത്.
ഫെബ്രുവരി 5ന് ഉച്ചയ്ക്ക് റോഡപകടത്തെ തുടര്‍ന്നാണ് പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ 10 മാസം പ്രായമുള്ള മകള്‍ക്ക് മസ്തിഷ്ക മരണം സംഭവിച്ചത്. കോട്ടയത്ത് നിന്നും തിരുവല്ലയിലേക്ക് എംസി റോഡ് വഴി കാറിൽ യാത്ര ചെയ്യുന്നതിനിടെ, പള്ളം ബോർമ കവല ജംഗ്ഷന് സമീപം എതിർദിശയിൽ നിന്നുവന്ന കാർ വാഹനത്തിലേക്ക് ഇടിച്ചുകയറി അപകടം സംഭവിക്കുക ആയിരുന്നു. കുട്ടിയ്ക്ക് ഗുരുതമായി പരിക്കേൽക്കുകയും കൂടെയുണ്ടായിരുന്ന കുട്ടിയുടെ അമ്മയ്ക്കും മാതാവിന്‍റെ മാതാപിതാക്കൾക്കും സാരമായ പരിക്കുകൾ സംഭവിക്കുകയും ചെയ്തു.
അപകടം നടന്ന ഉടൻ തന്നെ കുഞ്ഞിനെ ചങ്ങനാശ്ശേരിയിലേയും തിരുവല്ലയിലേയും ആശുപത്രികളിലേക്കും പിന്നീട് ഫെബ്രുവരി 7ന് കൊച്ചിയിലെ അമൃത ആശുപത്രിയിലേക്കും പ്രവേശിപ്പിച്ചു. ഫെബ്രുവരി 13ന് കുട്ടിയ്ക്ക് മസ്തിഷ്ക മരണം സംഭവിക്കുകയും കുടുംബാംഗങ്ങൾ അവയവദാനത്തിന് സമ്മതം നൽകുകയുമായിരുന്നു.
Adjust Story Font
16

