ആറ്റുകാൽ പൊങ്കാല ഡ്യൂട്ടികളുമായി സഹകരിക്കും: കെജിഎംഒഎ
ആരോഗ്യമന്ത്രി വീണാ ജോർജുമായും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുമായും കെജിഎംഒഎ സംസ്ഥാന നേതൃത്വം നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ഡ്യൂട്ടികളുമായി പൂർണമായും സഹകരിക്കുമെന്ന് കേരളം ഗവർമെന്റ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ (കെജിഎംഒഎ) തിരുവനന്തപുരം ജില്ലാ ഘടകം അറിയിച്ചു.
ആരോഗ്യമന്ത്രി വീണാ ജോർജുമായും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുമായും കെജിഎംഒഎ സംസ്ഥാന നേതൃത്വം നടത്തിയ ചർച്ചകളുടേയും, അക്രമ സംഭവത്തിൽ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്ത സാഹചര്യത്തിലുമാണ് ഈ തീരുമാനം. നാളെ മുതൽ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഔട്ട്‌പേഷ്യന്റ് സേവനങ്ങൾ പുനരാരംഭിക്കും.
അതേസമയം, ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടർക്ക് നേരെ നടന്ന ആക്രമണത്തെ സംഘടന ശക്തമായി അപലപിച്ചു. ആരോഗ്യപ്രവർത്തകർക്കെതിരായ അതിക്രമങ്ങളോട് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും വിദഗ്ധ സമിതിയുടെ റിപ്പോർട്ട് പോലും പരിഗണിക്കാതെ ഡോക്ടറെ സസ്പെൻഡ് ചെയ്ത സർക്കാർ നടപടി അംഗീകരിക്കാനാവില്ലെന്നും കെജിഎംഒഎ പ്രസ്താവനയിൽ പറഞ്ഞു.
ഈ സാഹചര്യത്തിൽ ജില്ലയിൽ തുടരുന്ന നിസഹകരണ സമരം ശക്തമായി തന്നെ മുന്നോട്ടു കൊണ്ടുപോകുമെന്നും സംഘടന അറിയിച്ചു. ആശുപത്രി ആക്രമണത്തിന് ഉത്തരവാദികളായ ബാക്കി കുറ്റവാളികളെക്കൂടി ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ, വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കുമെന്നും പ്രസ്താവന കൂട്ടിച്ചേർത്തു.
Adjust Story Font
16

