Quantcast

കെ.എച്ച് നാസറിനെ നിരുപാധികം വിട്ടയക്കുക; ആർഎസ്എസ് അനുകൂല നയങ്ങളിൽ നിന്ന് സർക്കാർ പിൻവാങ്ങുക: സംയുക്ത പ്രസ്താവന

''സിപിഎം നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാർ കൂടുതൽ കൂടുതൽ ജനാധിപത്യ വിരുദ്ധമാവുകയും ജനങ്ങൾ നൽകിയ അധികാരം ദുരുപയോഗം ചെയ്യുന്നുവെന്നതും ശരിക്കും ഞെട്ടിപ്പിക്കുന്നതാണ്''

MediaOne Logo

Web Desk

  • Published:

    5 Jun 2022 10:59 AM GMT

കെ.എച്ച് നാസറിനെ നിരുപാധികം വിട്ടയക്കുക; ആർഎസ്എസ് അനുകൂല നയങ്ങളിൽ നിന്ന് സർക്കാർ പിൻവാങ്ങുക: സംയുക്ത പ്രസ്താവന
X

കോഴിക്കോട്: ആലപ്പുഴയിലെ പോപുലർ ഫ്രണ്ട് റാലിയിൽ കുട്ടി മുദ്രാവാക്യം വിളിച്ചതുമായി ബന്ധപ്പെട്ട കേസിൽ പൊലിസ് അറസ്റ്റ് ചെയ്ത പോപുലർ ഫ്രണ്ട് സംസ്ഥാന ട്രഷറർ കെ.എച്ച് നാസറിനെ വിട്ടയക്കണമെന്ന് രാഷ്ട്രീയ സാമൂഹികരംഗത്തെ പ്രമുഖർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ആർഎസ്എസ് അനുകൂല സമീപനം കേരള സർക്കാർ തിരുത്തണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

പ്രസ്താവനയുടെ പൂർണരൂപം:

രാജ്യത്തെമ്പാടും സംഘപരിവാരവും അവരുടെ പോഷകസംഘടനകളും മുസ്ലിം വംശഹത്യാ നീക്കവുമായി മുന്നോട്ടുതന്നെയാണ്. ഹരിദ്വാറിലെ ധർമസൻസദിൽ നിന്ന് തുടങ്ങിവച്ച മുസ്ലിം വംശഹത്യാ സമ്മേളനങ്ങൾ അവസാനിച്ചത്, നമ്മളേവരും കൊട്ടിഘോഷിക്കുന്ന മതേതര കേരളത്തിലാണ്. തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിലൂടെ മുസ്ലിം വംശഹത്യാരാഷ്ട്രീയം സംഘപരിവാരം ഒന്നുകൂടി ഊട്ടിയുറപ്പിച്ചു. എന്നാൽ തിരുവനന്തപുരത്തെ പച്ചയായ വംശഹത്യാ ആഹ്വാനത്തോട് കണ്ണടച്ചിരുന്ന കേരളത്തിലെ ഇടത് സർക്കാരും അവരുടെ പൊലിസും ആലപ്പുഴയിൽ പോപുലർ ഫ്രണ്ട് സംഘടിപ്പിച്ച ജനമഹാ സമ്മേളന ബഹുജന റാലിയിൽ ഒരു കുട്ടി വിളിച്ച ആർഎസ്എസ് വിരുദ്ധ മുദ്രാവാക്യത്തിന്റെ പേരിൽ ഇതുവരെ 27 പേരെയാണ് അറസ്റ്റ് ചെയ്തത്.

ഈ അറസ്റ്റ് പരമ്പരയിലെ ഏറ്റവുമൊടുവിലത്തേതാണ് പോപുലർ ഫ്രണ്ട് സംസ്ഥാന ട്രഷററും തേജസ് ന്യൂസ് മാനേജിങ് എഡിറ്ററുമായ കെ.എച്ച് നാസറിന്റേത്. മുസ്ലിം സമുദായത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ സംഘാടനങ്ങൾക്ക് നേരെയുള്ള കടന്നാക്രമണങ്ങൾ ഇതാദ്യമായല്ല. ഒരേസമയം കേന്ദ്രസർക്കാർ പോപുലർ ഫ്രണ്ടിന്റെ സന്നദ്ധ സംഘടനയെ സംശയത്തിന്റെ നിഴലിൽ നിർത്തി അക്കൗണ്ടുകൾ മരവിപ്പിക്കുമ്പോൾ ഇവിടെ കേരളത്തിൽ ആർഎസ്എസിനെതിരേ വിളിച്ച മുദ്രാവാക്യത്തെ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കുമെതിരേയുള്ള വിദ്വേഷപരാമർശമാണെന്ന ആർഎസ്എസ് ചാനലിന്റെ വാദം പോലിസും സർക്കാരും ഏറ്റുപാടുകയാണ്. അതിന്റെ പേരിൽ വ്യാപകമായ അറസ്റ്റും മറ്റു നടപടികളും ഇന്നും തുടരുകയാണ്. മുസ്ലിം വേട്ടയിൽ കേന്ദ്ര സർക്കാരും കേരള സർക്കാരും ഒരേ തൂവൽപക്ഷികളാണെന്ന് വ്യക്തമാക്കുന്നതാണ് കെ.എച്ച് നാസറിന്റെ അറസ്റ്റ്. ജനാധിപത്യത്തെ കാർന്നുതിന്നുന്ന പൊലീസ് രാജിലേക്ക് സംസ്ഥാനത്തെ കൊണ്ടുപോകുന്ന പ്രവണതയുടെയും ലക്ഷണമാണ് ഇത്.

സിപിഎം നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാർ കൂടുതൽ കൂടുതൽ ജനാധിപത്യ വിരുദ്ധമാവുകയും ജനങ്ങൾ നൽകിയ അധികാരം ദുരുപയോഗം ചെയ്യുന്നുവെന്നതും ശരിക്കും ഞെട്ടിപ്പിക്കുന്നതാണ്. ആർഎസ്എസ് ഉൾപ്പെടെയുള്ള വിദ്വേഷ കുറ്റകൃത്യങ്ങളുടെ മൊത്തവ്യാപാരികളോട് ഇതേ സർക്കാർ സംവിധാനങ്ങൾ മൃദുസമീപനം കൈക്കൊള്ളുകയും ചെയ്യുന്നു. ആലപ്പുഴയിൽ നടന്ന പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ റാലിയിലെ മുദ്രാവാക്യം വിവാദമായ സംഭവത്തിൽ ആ സംഘടനയുടെ പ്രവർത്തകർക്കെതിരേ നടക്കുന്ന പോലിസ് വേട്ടയുടെ ഒടുവിലത്തെ ഇരയാണ് അതിന്റെ സംസ്ഥാന ട്രഷററും തേജസ് മാധ്യമത്തിന്റെ പത്രാധിപരുമായ കെ.എച്ച് നാസറിന്റെ അറസ്റ്റ്. ആർഎസ്എസ് ഉൾപ്പെടെയുള്ള വിദ്വേഷ കുറ്റകൃത്യങ്ങളുടെ മൊത്തവ്യാപാരികളോട് ഈ സർക്കാർ സംവിധാനങ്ങൾ മൃദുസമീപനം കൈക്കൊള്ളുകയും ചെയ്യുമ്പോഴാണ് ഇത് നടക്കുന്നത്. പക്ഷപാതപരമായ ഈ നടപടി മതേതരത്വമല്ല, സംഘപരിവാറിന്റെ മുസ്ലിം വിരുദ്ധതയ്ക്കും ഫാസിസ്റ്റ് അജണ്ടയ്ക്കുമുളള മൗനാനുവാദമാണ്. ഞങ്ങൾ ഇതിനെ അസന്നിഗ്ദ്ധമായി അപലപിക്കുന്നു. കെ എച്ച് നാസറിനെ നിരുപാധികം വിട്ടയക്കാൻ തയ്യാറാകുന്നതിനൊപ്പം ആർഎസ്എസ് അനുകൂല സമീപനം കേരള സർക്കാർ തിരുത്തണമെന്നും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

ജി ഗോമതി, സി.പി നഹാസ്, കെ.കെ ബാബുരാജ്, റെനി ഐലിൻ, ഡോ. പി.ജി ഹരി, തുളസിധരൻ പള്ളിക്കൽ, അംബിക ഹരി, നഹാസ് മാള, വിളയോടി ശിവൻകുട്ടി, അഡ്വ. അമീൻ ഹസൻ, ഷാന്റോ ലാൽ, ഗോപാൽ മേനോൻ, എ. എം നദ്വി, എം ഗീതാനന്ദൻ, അഡ്വ. കെ.എസ് നിസാർ, ബി.എസ് ബാബുരാജ്, അഡ്വ. ഷൈന പി.എ, അഫ്താബ് ഇല്ലത്ത്, റഷാദ് പി.ടി, അജയൻ മണ്ണൂർ, സ്വപ്നേഷ് ബാബു, ഷെഫി കബീർ, അഭിലാഷ് പി, രൂപേഷ് കുമാർ, സുദേഷ് എം രഘു, മുഹമ്മദ് അഷ്റഫ്, കമാൽ വേങ്ങര, ശ്രേയസ് കണാരൻ, വിപിൻ ദാസ്, ബിനോജ് നായർ, പ്രശാന്ത് സുബ്രഹ്‌മണ്യൻ, ടി.കെ ആറ്റക്കോയ, മാലിക്ക് വീട്ടിക്കുന്ന്, ജിഷ അബ്ദുൽ മജീദ, രാജേഷ് ആർ.എസ്, ഹനീൻ ഫൈസൽ, എം.ബി ഫസറുദ്ദീൻ, മുഹമ്മദ് ഷാൻ, അബ്ദു മുഹമ്മദ്, അനീസ് സി.പി, തൻസീർ ടി.എ, സഫർ സി.എൽ, ഇ.എം റിയാസ്, മുഹമ്മദ് ഷഫീഖ് തങ്ങൾ, സിക്കിന്ദർ കെ.എസ്, ഉമർ ഫർഹാന്, അമ്മിണി കെ വയനാട്.

TAGS :

Next Story