Quantcast

ബംഗ്ലാദേശിന്‍റെ ആദ്യ വനിത പ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചു

ദീര്‍ഘകാലമായി അസുഖബാധിതയായി ചികിത്സയിലായിരുന്നു

MediaOne Logo

Web Desk

  • Updated:

    2025-12-30 03:30:22.0

Published:

30 Dec 2025 7:58 AM IST

ബംഗ്ലാദേശിന്‍റെ ആദ്യ വനിത പ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചു
X

ധാക്ക: ബംഗ്ലാദേശിന്റെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചു. 80 വയസായിരുന്നു. ദീര്‍ഘകാലമായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. സ്ഥാനഭ്രഷ്ടയാക്കപ്പെട്ട ഷെയ്ഖ് ഹസീനയുടെ എതിരാളിയായ ഖാലിദ സിയ, ബംഗ്ലാദേശ് നാഷനലിസ്റ്റ് പാര്‍ട്ടി അധ്യക്ഷയാണ്. മൂന്ന് തവണ ബംഗ്ലാദേശ് പ്രധാനമന്ത്രിയായ ഖാലിദ സിയയെ 2018ല്‍ അഴിമതിക്കേസില്‍ ശിക്ഷിച്ചിരുന്നു.

നേരത്തെ, ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് രണ്ട് ആഴ്ചകള്‍ക്ക് മുന്‍പ് ഇവരെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. ശരീരത്തില്‍ ഓക്‌സിജന്‍ അളവ് കുറയുകയും കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് കൂടുകയും ചെയ്തതായി ഡോക്ടര്‍മാര്‍ നിരീക്ഷിച്ചിരുന്നു.

ബംഗ്ലാദേശ് നാഷനിസ്റ്റ് പാര്‍ട്ടി ചെയര്‍പേഴ്‌സന്‍ കൂടിയായ ഖാലിദയെ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് നവംബര്‍ 23നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയമിടിപ്പില്‍ താളപ്പിഴ കണ്ടെത്തിയതിന് പിന്നാലെ നാല് ദിവസത്തിന് ശേഷം കാര്‍ഡിയാക് ഐസിയുവിലേക്കും പിന്നീട് വെന്റിലേറ്ററിലേക്കും മാറ്റി. അണുബാധ ഹൃദയത്തെയും ശ്വാസകോശത്തേയും ബാധിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

1991 മുതല്‍ 1996 വരെയും 2001 മുതല്‍ 2006 വരെയും ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയായിരുന്നു ബീഗം ഖാലിദ സിയ. 1991 ല്‍ അധികാരത്തെത്തിയപ്പോള്‍ രാഷ്ട്രത്തിന്റെ ചരിത്രത്തില്‍ ഒരു ജനാധിപത്യ ഭരണകൂടത്തിന്റെ തലപ്പത്തെത്തുന്ന ആദ്യ സ്ത്രീയായി ഇവര്‍ മാറി. ഖാലിദയുടെ ഭര്‍ത്താവായിരുന്ന പ്രസിഡന്റ് സിയാവൂര്‍ റഹ്മാന്‍ 1970കളുടെ അവസാനമാണ് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി സ്ഥാപിച്ചത്.

ഖാലിദ സിയയുടെ ആരോഗ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കടുത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നു. സാധ്യമായ എല്ലാ സഹായങ്ങളും നല്‍കാന്‍ ഇന്ത്യ തയ്യാറാണെന്ന് മോദി പ്രതികരിച്ചിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി ഇവരെ ലണ്ടനിലെത്തിക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ഇത് നടക്കാതെ പോവുകയായിരുന്നു.

TAGS :

Next Story