Quantcast

കിഫ്ബിയിലെ നീക്കിയിരിപ്പ്: വി.ഡി. സതീശന്റെ കണക്ക് തള്ളി തോമസ് ഐസക്; അക്കൗണ്ടിൽ 10,000 കോടി

കിഫ്ബിയെ തള്ളിക്കളയുന്നതിനു മുമ്പ് ബദൽ മാർഗങ്ങൾ അവതരിപ്പിക്കണമെന്ന് തോമസ് ഐസക്

MediaOne Logo

Web Desk

  • Published:

    17 Oct 2026 4:33 PM IST

കിഫ്ബിയിലെ നീക്കിയിരിപ്പ്: വി.ഡി. സതീശന്റെ കണക്ക് തള്ളി തോമസ് ഐസക്; അക്കൗണ്ടിൽ 10,000 കോടി
X

കണ്ണൂർ: വികസന കാഴ്ചപ്പാടോടെയാണ് കണ്ണൂരിൽ ഭൂമി ഏറ്റെടുത്തതെന്നും കിഫ്ബിയുടെ സാമ്പത്തിക നിലയെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുൻ ധനമന്ത്രി തോമസ് ഐസക്.കണ്ണൂർ വിമാനത്താവളം, അഴീക്കൽ തുറമുഖ വികസനം, കൊച്ചി–മംഗളൂരു വ്യവസായ ഇടനാഴി തുടങ്ങിയ പദ്ധതികൾ മുന്നിൽക്കണ്ടാണ് ഭൂമി ഏറ്റെടുത്തത്. കിഫ്ബി വഴി ഭൂമി ഏറ്റെടുത്തതിൽ ക്രമക്കേടുണ്ടെന്ന തരത്തിലുള്ള വാർത്തകൾക്കിടെയാണ് തോമസ് ഐസക്കിന്റെ പ്രതികരണം.

ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ സർക്കാരിന്റേതാണ്. കിഫ്ബി സർക്കാരിന്റെ തീരുമാനങ്ങൾ നടപ്പാക്കുകയാണ് ചെയ്യുന്നത്. ഭൂമിക്ക് നഷ്ടപരിഹാരം നിശ്ചയിക്കുന്നത് നിയമപ്രകാരമാണ്. ന്യായവിലയുടെ അഞ്ചിരട്ടി നഷ്ടപരിഹാരം നൽകിയെന്ന മുഖ്യമന്ത്രി വി.ഡി സതീശന്റെ പ്രസ്താവനയുടെ കൃത്യത തനിക്കറിയില്ലെന്നും എന്നാൽ ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ചായിരിക്കണം നഷ്ടപരിഹാരമെന്നും തോമസ് ഐസക് വ്യക്തമാക്കി.

യുപിഎ സർക്കാരിന്റെ കാലത്ത് പാസാക്കിയ ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ചാണ് നഷ്ടപരിഹാരം നിശ്ചയിക്കേണ്ടത് അത് പ്രകാരമാണ് വില തീരുമാനിച്ചത്. ദേശീയപാതാ വികസനത്തിനായി ഭൂമി ഏറ്റെടുത്തപ്പോഴും നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ചാണ് നഷ്ടപരിഹാരം നിശ്ചയിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കിഫ്ബിയുടെ സാമ്പത്തിക നിലയെക്കുറിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉന്നയിച്ച കണക്കുകളെയും അദ്ദേഹം ചോദ്യം ചെയ്തു. കിഫ്ബിയുടെ ആകെ ഫണ്ട് ഏകദേശം 24,000 കോടി രൂപയാണെന്നാണ് ഐസക്കിന്റെ വിശദീകരണം. ഇതിൽ 10,000 കോടി രൂപ നിലവിൽ അക്കൗണ്ടിലുണ്ടെന്നും 7000 കോടി രൂപ നികുതിവിഹിതമായും മറ്റൊരു 7000 കോടി രൂപ വായ്പയായി അനുവദിച്ചിട്ടുണ്ടെങ്കിലും ലഭിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കിഫ്ബിക്ക് തിരിച്ചടയ്ക്കാനുള്ള ബാധ്യതകളും പലിശയും ഉണ്ടെന്നത് വസ്തുതയാണെന്നും എന്നാൽ അതിന്റെ പേരിൽ ആശങ്ക സൃഷ്ടിക്കേണ്ടതില്ലെന്നും ഐസക് പറഞ്ഞു. കിഫ്ബിയെ വിമർശിക്കുന്നവർ കേരളത്തിലെ അടിസ്ഥാനസൗകര്യ വികസനത്തിന് പകരം എന്ത് സംവിധാനമാണ് മുന്നോട്ടുവയ്ക്കുന്നതെന്ന് വ്യക്തമാക്കണം. കിഫ്ബിയെ തള്ളിക്കളയുന്നതിനു മുമ്പ് ബദൽ മാർഗങ്ങൾ അവതരിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



TAGS :

Next Story