Quantcast

ഫ്രെയിമുകള്‍ കൊണ്ട് ജാലവിദ്യ കാട്ടിയ സംവിധായകന്‍; കിം ഇനിയില്ല എന്ന സത്യം ഒരു ശൂന്യത കൂടിയാണ്...

സിനിമക്ക് ഭാഷയില്ലെന്നും എന്‍റെ സിനിമകൾ എനിക്കായി സംസാരിക്കുമെന്നും പറഞ്ഞ അദ്ദേഹത്തിന്റെ ആ ജാലവിദ്യ കാണാൻ മലയാളികൾക്ക് സബ്ടൈറ്റിലിന്‍റെ ആവശ്യമുണ്ടായിരുന്നില്ല

MediaOne Logo

Web Desk

  • Updated:

    2022-03-23 02:16:49.0

Published:

23 March 2022 2:09 AM GMT

ഫ്രെയിമുകള്‍ കൊണ്ട് ജാലവിദ്യ കാട്ടിയ സംവിധായകന്‍; കിം ഇനിയില്ല എന്ന സത്യം ഒരു ശൂന്യത കൂടിയാണ്...
X

കലാമൂല്യമുള്ള ചിത്രങ്ങളുമായി കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ ആരാധകരുടെ മനസ്സിനെ കീഴടക്കിയ ആളാണ് ദക്ഷിണകൊറിയൻ സംവിധായകൻ കിം കി ഡുക്. ഡുക്ക് സിനിമകള്‍ക്കുള്ള തിരക്കും ആവേശവും ഇത്തവണത്തെ ഫിലിം ഫെസ്റ്റിവലില്‍ അന്യമാണ്. ഇത്തവണ ഡുക്ക് സിനിമകള്‍ ഇല്ലാത്തതിന്‍റെ നിരാശ ചലച്ചിത്രപ്രേമികള്‍ക്കുണ്ട്

ഫ്രെയിമുകള്‍ കൊണ്ട് ജാലവിദ്യ കാട്ടി പ്രേഷകരെ കീഴടക്കിയിരുന്നയാളാണ് കിം കി ഡുക്ക് എന്ന ദക്ഷിണകൊറിയന്‍ സംവിധായകന്‍. സിനിമക്ക് ഭാഷയില്ലെന്നും എന്റെ സിനിമകൾ എനിക്കായി സംസാരിക്കുമെന്നും പറഞ്ഞ അദ്ദേഹത്തിന്റെ ആ ജാലവിദ്യ കാണാൻ മലയാളികൾക്ക് സബ്ടൈറ്റിലിന്‍റെ ആവശ്യമുണ്ടായിരുന്നില്ല. ഡുക്കിന്‍റെ ഓരോ ഫ്രെയിമും ഭാഷാന്തരങ്ങളെ ഭേദിച്ച് പ്രേക്ഷകന്‍റെ സംവേദന തലങ്ങളെ സ്വാധീനിക്കാൻ ശേഷിയുള്ളവയാണ്.

സെക്സിനും വയലൻസിനും അപ്പുറം യഥാർഥ ജിവിതം വരച്ചിട്ട അദ്ദേഹത്തിന്റെ സിനിമയില്ലാത്ത ചലച്ചിത്ര വേദികൾ ഒരു ശൂന്യത ഒഴിച്ചിടുന്നുണ്ട്. സ്വന്തം ഭാഷയിലെ ഒരു മുഖ്യധാരാ സംവിധായകനെ പോലെ മലയാളികള്‍ കിമ്മിനെ ആഘോഷിച്ചിട്ടുണ്ട്. 2013ലെ ഫെസ്റ്റിവലില്‍ അതിഥിയായി എത്തിയപ്പോള്‍ കിം ഇത് നേരിട്ടറിഞ്ഞതാണ്. കിമ്മിന്റെ സിനിമകൾ ഇല്ലെങ്കിലും അദ്ദേഹത്തിന്റെ ഓർമകൾ ചലച്ചിത്ര വേദിയിൽ കാണാം.

സൂചികുത്താന്‍ ഇടമില്ല എന്ന പ്രയോഗം കിം കി ഡുക് ചിത്രങ്ങൾ പ്രദർശിപ്പിക്കപ്പെടുന്ന മേളയുടെ വേദികളിൽ അക്ഷരംപ്രതി സത്യമാവാറുണ്ട്. ഇരിക്കാൻ കസേരകിട്ടിയില്ലെങ്കിലും പ്രദര്‍ശനവേദിക്കുള്ളില്‍ ഒരു കാലെങ്കിലും കുത്താൻ ഇടം കിട്ടിയാൽ സായൂജ്യം അടയുന്ന ആരാധകരാണ് ഡുക്കിന് കേരളത്തിലുള്ളത്.

2005ലെ കേരള രാജ്യാന്തര ചലച്ചിത്രമേളയിലൂടെയാണ് കിം കി ഡുക്ക് എന്ന സൗത്ത് കൊറിയന്‍ സംവിധായകനെ മലയാളി സിനിമാപ്രേമികള്‍ പരിചയപ്പെടുന്നത്. അന്ന് മേളയുടെ ആർട്ടിസ്റ്റിക് ഡയറക്ടറായ ബീനാ പോൾ, ഒരു റെട്രോസ്‌പെക്റ്റീവ് സെക്ഷനിലൂടെ കിം കി ഡുക്കിനെ കേരളത്തിനു പരിചയപ്പെടുകയായിരുന്നു.

അതിന് ശേഷം ഓരോ വര്‍ഷം ഐ.എഫ്.എഫ്.കെയില്‍ ഡുക്കിന്‍റെ പുതിയ ചിത്രം ഉണ്ടോ എന്ന ചോദ്യം അതിസാധാരണമായി. കിം പുതിയ ചിത്രം ചെയ്തിട്ടുണ്ടെങ്കില്‍ അവയെല്ലാം അതാതുവര്‍ഷം തിരുവനന്തപുരത്തുമെത്തി. പുതിയ ചിത്രം ഇല്ലെങ്കില്‍ എന്ത് കൊണ്ട് കിം സിനിമ ചെയ്തില്ല ആകുലപ്പെട്ടു. കിം ഇനിയല്ല എന്ന സത്യം സിനിമാപ്രേമികളില്‍ ശൂന്യത നിറയ്ക്കുന്ന ഒന്ന് കൂടിയാണ്.

സെന്‍ ബുദ്ധിസവും മനുഷ്യരുടെ സ്വയംശുദ്ധീകരണ സംബന്ധിയായ കാര്യങ്ങളുമാണ് ആദ്യകാല കിം സിനിമകളില്‍ വിഷയമായതെങ്കിൽ പിന്നീടത് വയലന്‍സിലേക്ക് വഴിമാറി. എന്നാലും ഒരു ചിത്രകാരന്‍ ബ്രഷ് ഉപയോഗിക്കുന്നത് പോലെ സൂക്ഷ്മമായിട്ടായിരിന്നു തന്‍റെ ഫ്രെയിമുകള്‍ കിം വരച്ചിട്ടത്. കാലാന്തരങ്ങള്‍ക്കപ്പുറവും ചലച്ചിത്രപ്രേമികളുടെ മനസില്‍ ആ ഫ്രെയിമുകള്‍ ചലനം സൃഷ്ടിക്കും..

TAGS :

Next Story