സമ്മതപത്രത്തിൽ ഒപ്പുവെച്ചു; കിഴക്കമ്പലം പാരിയത്തുകാവ് ഭൂമി തർക്കത്തിന് പരിഹാരം
58 വർഷം നീണ്ട സങ്കീർണമായ നിയമപോരാട്ടങ്ങൾക്കും തർക്കങ്ങൾക്കുമാണ് ഇപ്പോൾ വിരാമമായിരിക്കുന്നത്

എറണാകുളം: എറണാകുളം ജില്ലയിലെ കിഴക്കമ്പലത്ത് അരനൂറ്റാണ്ടിലേറെയായി നിലനിന്നിരുന്ന പാരിയത്തുകാവ് ഭൂമി തർക്കത്തിന് ഒടുവിൽ ശാശ്വത പരിഹാരമായിരിക്കുകയാണ്. 58 വർഷം നീണ്ട സങ്കീർണമായ നിയമപോരാട്ടങ്ങൾക്കും തർക്കങ്ങൾക്കുമാണ് ഇപ്പോൾ വിരാമമായിരിക്കുന്നത്. സംസ്ഥാന സർക്കാർ മുന്നോട്ടുവച്ച ഒത്തുതീർപ്പ് വ്യവസ്ഥകൾ ഇരുവിഭാഗവും അംഗീകരിക്കുകയും സമ്മതപത്രത്തിൽ ഒപ്പുവെക്കുകയും ചെയ്തതോടെയാണ് പതിറ്റാണ്ടുകൾ പഴക്കമുള്ള പ്രശ്നത്തിന് പരിഹാരമായത്. മന്ത്രി റോജിഎം.ജോണിന്റെ സാന്നിധ്യത്തിൽ എറണാകുളം ജില്ലാ കലക്ടറുടെ ചേംബറിൽ നടന്ന സുപ്രധാന ചർച്ചകൾക്കൊടുവിലാണ് ഈ സമവായ തീരുമാനം ഉണ്ടായത്.
കരാറിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസ്ഥ പാരിയത്തുകാവ് നിവാസികളായ ഏഴ് കുടുംബങ്ങളുടെ പുനരധിവാസവുമായി ബന്ധപ്പെട്ടതാണ്. നിലവിൽ ഈ കുടുംബങ്ങൾ താമസിക്കുന്ന വസ്തുവിനോട് ചേർന്ന് തന്നെ ഓരോ കുടുംബത്തിനും അഞ്ച് സെന്റ് ഭൂമി വീതം വിട്ടുനൽകാൻ ചർച്ചയിൽ തീരുമാനമായി. തുടർന്ന് ഈ ഭൂമിയിൽ 1000 സ്ക്വയർ ഫീറ്റിൽ കുറയാത്ത പുതിയ വീടുകൾ സർക്കാർ മുൻകൈയെടുത്ത് നിർമിച്ച് നൽകും. സ്പോൺസർഷിപ്പ് അടിസ്ഥാനത്തിലാകും ഇതിനുള്ള ഫണ്ട് കണ്ടെത്തുക. ഒരു വർഷത്തിനകം വീടുകളുടെ നിർമാണം പൂർത്തിയാക്കി കുടുംബങ്ങൾക്ക് കൈമാറാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഈ വീടുകളിലേക്കും ഭൂമിയിലേക്കും സുഗമമായി എത്തിച്ചേരുന്നതിനായി മൂന്ന് മീറ്റർ വീതിയുള്ള പുതിയ വഴി അനുവദിക്കാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.
പുതിയ വീടുകളുടെ നിർമാണം പൂർത്തിയാകുന്നത് വരെ നിലവിലുള്ള വീടുകളിൽ തന്നെ യാതൊരു തടസങ്ങളുമില്ലാതെ തുടരാൻ ഈ ഏഴ് കുടുംബങ്ങൾക്ക് സാധിക്കും. പുതിയ വീടുപണി പൂർത്തിയാകുന്നതോടെ ഇവർ അവിടേക്ക് മാറും. കൂടാതെ, ഭൂമിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലേറെയായി വിവിധ കോടതികളിലായി നിലനിൽക്കുന്ന മുഴുവൻ സിവിൽ-ക്രിമിനൽ കേസുകളും പിൻവലിക്കാനും ഇരുവിഭാഗവും തമ്മിൽ ധാരണയിലെത്തിയിട്ടുണ്ട്. ഇതോടെ ഈ വിഷയത്തിലുള്ള എല്ലാവിധ നിയമപരമായ തടസങ്ങളും നീങ്ങുകയും ശാശ്വതമായ സമാധാനം ഉറപ്പാവുകയും ചെയ്തു.
മറുവിഭാഗമായ കണ്ണോത്ത് ശങ്കരൻ നായരുടെ കുടുംബം തികച്ചും മാനുഷികമായ പരിഗണനകൾ മുൻനിർത്തിയാണ് ഈ ഒത്തുതീർപ്പ് കരാറിന് തയ്യാറായതെന്ന് യോഗത്തിന് ശേഷം വ്യക്തമാക്കി. വർഷങ്ങളായി തുടരുന്ന ഈ കുടുംബങ്ങളുടെ ദുരിതത്തിന് അറുതിവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് വിട്ടുവീഴ്ചകൾക്ക് തയ്യാറായതെന്ന് അവർ അറിയിച്ചു. അതേസമയം, മുൻ എംഎൽഎ പി.വി. ശ്രീനിജനെതിരെ രൂക്ഷമായ വിമർശനവും കുടുംബം ഉന്നയിച്ചു. പാരിയത്തുകാവ് വിഷയത്തിൽ മുൻ എംഎൽഎ കേവലം ഒരു 'വൺ മാൻ ഷോ' മാത്രമാണ് നടത്തിയതെന്നും യഥാർഥ പ്രശ്നപരിഹാരത്തിന് അദ്ദേഹം യാതൊരു ശ്രമവും നടത്തിയില്ലെന്നും കുടുംബം ആരോപിച്ചു.
കേരളത്തിന്റെ സാമൂഹിക പശ്ചാത്തലത്തിൽ 58 വർഷം നീണ്ട സങ്കീർണമായ ഒരു വ്യവഹാര തർക്കത്തിന് ഇത്രയും വേഗത്തിൽ പ്രായോഗികമായ പരിഹാരം കണ്ടെത്താൻ കഴിഞ്ഞത് സംസ്ഥാനത്തെ യുഡിഎഫ് സർക്കാരിന്റെ വലിയ രാഷ്ട്രീയ നേട്ടം കൂടിയായാണ് വിലയിരുത്തപ്പെടുന്നത്. സർക്കാരിന്റെ ശക്തമായ ഇടപെടലാണ് ഈ ചരിത്രപരമായ ഒത്തുതീർപ്പിലേക്ക് നയിച്ചത്. ജില്ലാ കലക്ടറുടെ ചേംബറിൽ നടന്ന സുപ്രധാന യോഗത്തിൽ മന്ത്രി റോജിഎം.ജോണിന് പുറമെ വി.പി സജീന്ദ്രൻ എംഎൽഎ, എറണാകുളം റൂറൽ എസ്പി കെ.എസ് സുദർശൻ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ.മനോജ്, മൂവാറ്റുപുഴ ആർഡിഒ തുടങ്ങി നിരവധി ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു. ഇവരുടെയെല്ലാം കൂട്ടായ ശ്രമത്തിന്റെ ഫലമായാണ് ഈ പ്രശ്നപരിഹാരം സാധ്യമായത്.
കേസുകൾ പിൻവലിക്കും
മലയിടം തുരുത്ത് ഭൂസമരത്തിന്‍റെ പേരിൽ 70 ലധികം പേർക്കെതിരെയാണ് കേസുകളുള്ളത്. സമര സമിതി കൺവീനർക്കെതിരെയുള്ളത് 14 കേസ്. സർക്കാർ മുൻകൈയിൽ തയാറാക്കിയ കരാറിൽ ഈ കേസുകൾ കൂടി പിൻവലിക്കുന്നത് സമരസമിതി പ്രവർത്തകർക്കും ഉന്നതി നിവാസികൾക്കും ആശ്വാസമാകും.
പര്യത്ത് കാവ് ഒഴിപ്പിക്കാൻ സുപ്രിംകോടതി വിധി പ്രകാരം 2023 സെപ്തംബര് ഏഴിനാണ് ആദ്യമായ അഡ്വക്കേറ്റ് കമ്മീഷൻ എത്തുന്നത്. അതിന് ശേഷം 14 പ്രാവശ്യമാണ് അഡ്വക്കേറ്റ് കമീഷൻ എത്തിയത്. എല്ലാ പ്രാവശ്യവും സമര സമിതി നേതൃത്വത്തിൽ തടഞ്ഞു. ഇതോടെയാണ് സമരത്തിന് മുൻകൈ എടുത്തവർക്കെതിരെ കേസ് എടുത്തത്. മെയ് 20ന് അവസാനമായി കമ്മീഷൻ എത്തിയപ്പോൾ 18 പേർക്കെതിരെ കേസ് എടുത്തു. അതിന് മുമ്പ് നടന്ന സമരങ്ങളിൽ 48 പേർക്കെതിരെ കേസ് എടുത്തു.
മൂന്ന് വർഷമായി നടന്ന സമരത്തിനിടെ ജനകീയ ഭൂസമര സമിതി പ്രവർത്തകൻ അഷ്ടറഫിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ജയിലിലാക്കുകയും ചെയ്തിരുന്നു. ഏതാനും പേർ പൊലീസ് നടപടിക്കിടെ ആശുപത്രിയിലാകുകയും ചെയ്തു. പൊലീസ് കേസുകളിൽ ഉൾപ്പെട്ടവർ നിയമപരമായ പ്രയാസങ്ങളും അനുഭവിക്കുകയായിരുന്നു. തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷനിലാണ് കേസുകൾ എല്ലാം. കരാർ പ്രാവർത്തികമാകുന്നതോടെ മുഴുവൻ കേസുകളിൽ നിന്നും സമരസമിതി പ്രവർത്തകരും മോചിതരാകും.
Adjust Story Font
16

