കിഴക്കേകോട്ടയിലെ അപകടമരണം; ബസ് ഡ്രൈവർമാർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസ്
കേരളാ ബാങ്ക് ജീവനക്കാരനായ ഉല്ലാസ് മുഹമ്മദാണ് മരിച്ചത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസുകൾക്കിടയിൽ ഞെരുങ്ങിയാണ് മരണം

തിരുവനന്തപുരം: കിഴക്കേകോട്ടയിൽ ബസുകൾക്കിടയിൽ കുടുങ്ങി ബാങ്ക് ജീവനക്കാരൻ മരിച്ചതിൽ പൊലീസ് കേസെടുത്തു. കെഎസ്ആർടിസി ബസിന്റെയും സ്വകാര്യ ബസിന്റെയും ഡ്രൈവർമാർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്. ഉദാസീനമായി മനുഷ്യജീവന് ആപത്തുണ്ടാക്കും വിധം ഇരു ഡ്രൈവർമാരും വാഹനം ഓടിച്ചെന്നാണ് എഫ്ഐആറിൽ പറയുന്നത്. ബസുകൾക്കിടയിൽ ഞെരുങ്ങി കൊല്ലം സ്വദേശി ഉല്ലാസ് മുഹമ്മദ് ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു റോഡ് മുറിച്ചുകടക്കുന്നതിനിടെ കേരളാ ബാങ്കിലെ ജീവനക്കാരനായ ഉല്ലാസ് മുഹമ്മദിന് ദാരുണാന്ത്യമുണ്ടാകുന്നത്. ചാല പള്ളിയിൽ ജുമാ നമസ്കാരം കഴിഞ്ഞു തിരിച്ചുപോകുമ്പോഴായിരുന്നു അപകടം. പഴവങ്ങാടിക്കും നോർത്ത് ബസ് സ്റ്റാൻഡിനും ഇടയിലുള്ള സിഗ്നലിനു സമീപത്തുള്ള സീബ്രാ ലൈനിൽക്കൂടിയാണ് ഉല്ലാസ് റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ചത്. ആ സമയം റോഡ് കിങ് എന്ന സ്വകാര്യ ബസ് സ്റ്റാൻഡിലേക്ക് തിരിയുന്നുണ്ടായിരുന്നു. ഇതിന് പിന്നിൽക്കൂടി റോഡ് മുറിച്ചുകടന്ന ഉല്ലാസിനെ ശ്രദ്ധിക്കാതെ തൊട്ടുപിറകെ വന്ന കെഎസ്ആർടിസി ബസ് മുന്നോട്ടെടുത്തു. ഇതോടെ ഇരു ബസുകൾക്കും ഇടയിൽ കുടുങ്ങി ഉല്ലാസ് തിങ്ങിഞെരുങ്ങി.
തൊട്ടടുത്തുണ്ടായിരുന്ന പൊലീസ് വാഹനമെത്തി ഉല്ലാസിനെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. അപകടത്തിന് തൊട്ടുപിന്നാലെ ഇരു ബസ് ഡ്രൈവർമാരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേരളാ ബാങ്കിന്റെ കിഴക്കേക്കോട്ടയിലുള്ള റീജിയണൽ ഓഫീസിലെ സീനിയർ മാനേജറാണ് ഉല്ലാസ്.
Adjust Story Font
16

