Quantcast

'സൈബർ കൊടിസുനിമാർ സൃഷ്ടിക്കുന്ന നുണപ്രളയത്തിന് മുന്നിൽ പകച്ചുപോകുമെന്ന് കരുതരുത്'; പിണറായിക്കെതിരായ ഫേസ്ബുക്ക് കമന്റ് വ്യാജമെന്ന് കെ.കെ രമ

'സ:ടി.പി.ചന്ദ്രശേഖരൻ്റെ കൊലപാതകത്തിനു ശേഷം കൊലയാളികൾക്കും, കൊല്ലിച്ചവർക്കുമെതിരെ നിർഭയം നിലയുറപ്പിച്ചതു മുതൽ സിപിഎം ഉന്നത നേതൃത്വത്തിൻ്റെ അറിവോടെ ഞാൻ നേരിട്ടുകൊണ്ടിരിക്കുന്ന ക്രൂരമായ വ്യക്തിഹത്യയുടേയും വ്യാജ ആരോപണങ്ങളുടേയും പട്ടികയിൽ ഒടുവിലത്തേതാണ് ഇപ്പോൾ നടത്തികൊണ്ടിരിക്കുന്ന പ്രചരണം'

MediaOne Logo

Web Desk

  • Published:

    24 Dec 2021 1:48 AM GMT

സൈബർ കൊടിസുനിമാർ സൃഷ്ടിക്കുന്ന നുണപ്രളയത്തിന് മുന്നിൽ പകച്ചുപോകുമെന്ന് കരുതരുത്; പിണറായിക്കെതിരായ ഫേസ്ബുക്ക് കമന്റ് വ്യാജമെന്ന് കെ.കെ രമ
X

മുഖ്യമന്ത്രി പിണറായി വിജയനെതിരെ താൻ എഴുതിയതെന്ന പേരിൽ പ്രചരിക്കുന്ന ഫേസ്ബുക്ക് കമന്റ് വ്യാജമെന്ന് വടകര എംഎൽഎ കെ.കെ രമ. സൈബർ കൊടിസുനിമാർ സൃഷ്ടിക്കുന്ന നുണപ്രളയങ്ങൾക്ക് ഞങ്ങളെ പോലുള്ളവർ പകച്ചുപോകുമെന്ന് കരുതുന്ന വിധേയ വിഡ്ഢികൾ ഇപ്പോഴുമുണ്ടെന്നത് അമ്പരപ്പിക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം മുതലാണ് രമയുടെ ഒഫീഷ്യൽ അക്കൗണ്ടിൽ നിന്നെന്ന പേരിലുള്ള കമന്റിന്റെ സ്‌ക്രീൻഷോട്ട് സിപിഎം സൈബർ കേന്ദ്രങ്ങൾ പ്രചരിപ്പിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

പ്രിയരേ,

എൻെറ ഫെയ്സ്ബുക്ക് പേജ് പോസ്റ്റ് ചെയ്ത ഒരു കമന്റ് എന്ന രൂപത്തിൽ നിർമ്മിക്കപ്പെട്ട ഒരു വ്യാജസ്ക്രീൻ ഷോട്ട് ഉപയോഗിച്ച് സിപിഎം സൈബർ സംഘങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ ഹീനമായ സംഘടിത പ്രചരണം നടത്തിവരുന്നത് ശ്രദ്ധയിൽ പെടുകയുണ്ടായി.

പിണറായി വിജയനെതിരെ മോശമായ ഭാഷയിൽ കമന്റ് രേഖപ്പെടുത്തിയെന്ന പേരിലാണ് സിപിഎം സൈബർസംഘങ്ങൾ ഈ പ്രചരണം അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നത്.

സ:ടി.പി.ചന്ദ്രശേഖരൻ്റെ കൊലപാതകത്തിനു ശേഷം കൊലയാളികൾക്കും, കൊല്ലിച്ചവർക്കുമെതിരെ നിർഭയം നിലയുറപ്പിച്ചതു മുതൽ സിപിഎം ഉന്നത നേതൃത്വത്തിൻ്റെ അറിവോടെ ഞാൻ നേരിട്ടുകൊണ്ടിരിക്കുന്ന ക്രൂരമായ വ്യക്തിഹത്യയുടേയും വ്യാജ ആരോപണങ്ങളുടേയും പട്ടികയിൽ ഒടുവിലത്തേതാണ് ഇപ്പോൾ നടത്തികൊണ്ടിരിക്കുന്ന പ്രചരണം. ഇക്കാര്യത്തിൽ എനിക്ക് അത്ഭുതമൊന്നുമില്ല. 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ ഞാൻ ഒരു പെൺകുട്ടിയെ അസഭ്യം പറഞ്ഞതായി ആരോപിച്ച് സിപിഎം ഉന്നതനേതൃത്വത്തിൻറെ ഗൂഢാലോചനയിൽ ഒരു വ്യാജശബ്ദരേഖയുണ്ടാക്കി തെരഞ്ഞെടുപ്പിൻറെ തലേന്നാൾ പാർട്ടി ചാനലുപയോഗിച്ച് ഒരു മുഴുദിനം പ്രക്ഷേപണം ചെയ്യാൻ മനസ്സറപ്പില്ലാത്തവർക്ക് എന്താണ് ചെയ്തുകൂടാത്തത്?!! അതുസംബന്ധിച്ച് നൽകിയ പരാതികൾക്കൊക്കെ എന്ത് സംഭവിച്ചുകാണുമെന്ന് തീർച്ചയായും നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. സിപിഎം സൈബർ സംഘങ്ങളുടെ മോബ് ലിഞ്ചിംഗിനും, സൈബർ ആക്രമണങ്ങൾക്കും വ്യാജ ആരോപണങ്ങൾക്കുമെല്ലാം ഒരു പതിറ്റാണ്ട് കാലമായി നിരന്തരം വിധേയരായിത്തീരുന്ന ഞങ്ങൾ

പോലീസിൽ നൽകിയ പരാതിയിലൊന്നുപോലും ഗൗരവത്തിലെടുക്കാൻ ഈ കാലംവരെ പോലീസ് തയ്യാറായിട്ടില്ല.

ഭരണസൗകര്യങ്ങൾ കൂടി ഉപയോഗിച്ചുകൊണ്ടാണ് ഈ കടന്നാക്രമണങ്ങളൊക്കെ സിപിഎം സംഘങ്ങൾ നടത്തുന്നതെന്നത് വ്യക്തമാണ്.

ഇപ്പോൾ ആരോപിക്കുന്ന പോലെ, പിണറായി വിജയനെതിരെ എൻ്റെ ഫേസ്‌ബുക് പേജ് ഉപയോഗിച്ച് മാന്യമല്ലാത്ത ഭാഷയിൽ ഞാൻ എഴുതുമെന്ന് സാമാന്യബുദ്ധിയുള്ള ആരെങ്കിലും വിശ്വസിക്കുമെന്ന ആശങ്ക കൊണ്ടല്ല ഇത്തരമൊരു വിശദീകരണം. മറിച്ച് ക്രൂരമായ വേട്ടയുടെ നൈരന്തര്യം പൊതുസമൂഹത്തിൻറെ ശ്രദ്ധയിൽ കൊണ്ടുവരാൻ മാത്രമാണ് ഈ കുറിപ്പ്. ഈ സത്യാനന്തര കാലത്ത് ക്ലാസിക്കൽ ഫാസിസ്റ്റുകളെ നാണിപ്പിക്കും വിധം സംഘടിത നുണ പ്രചരണം വഴി വിയോജിപ്പുകളെ നായാടുന്ന സിപിഎം നെറികേടുകൾ തന്നെയാണ് ഇവിടെ നഗ്നമാക്കപ്പെടുന്നത്.

സൈബർ കൊടിസുനിമാർ സൃഷ്ടിക്കുന്ന നുണപ്രളയങ്ങൾക്ക് മുന്നിൽ ഞങ്ങളെ പോലുള്ളവർ പകച്ചുപോകുമെന്ന് കരുതുന്ന വിധേയ വിഡ്ഢികൾ ഇപ്പോഴുമുണ്ടെന്നത് തീർച്ചയായും അമ്പരപ്പിക്കുന്നുണ്ട്!!

പിണറായി വിജയനും സർക്കാറിനുമെതിരായ വിമർശനങ്ങളിൽ നിന്ന് പിൻമാറ്റാനാണ് ഈ ശ്രമങ്ങൾ എന്നത് വ്യക്തമാണ്.

ജനവിരുദ്ധതയും,

ജനാധിപത്യ വിരുദ്ധതയും മുഖമുദ്രയായുള്ള ഒരു സർക്കാറിനും അതിൻ്റെ നേതൃത്വത്തിനുമെതിരായ നിശിതമായ ഞങ്ങളുടെ രാഷ്ട്രീയ വിമർശനങ്ങൾ തുടരുക തന്നെ ചെയ്യും.

ഏറ്റവും ജനാധിപത്യമാന്യതയുള്ള ഭാഷയുമായി കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലമായി ആ വിമർശനങ്ങൾ കണിശമായും കൃത്യമായും രേഖപ്പെടുത്തിപ്പോരുന്ന ഞങ്ങൾക്ക് എതിർപ്പുകൾ പ്രകടിപ്പിക്കുന്നതിന് സിപിഎം സൈബർശൈലി കടംകൊള്ളേണ്ട കാര്യമില്ലെന്ന് മാത്രം വ്യക്തമാക്കട്ടെ.

ഒരു തിരുത്തോ ഖേദപ്രകടനമോ പോലുമില്ലാതെ രാഷ്ട്രീയ എതിരാളികളെയും തങ്ങളോട് വിയോജിക്കുന്നവരെയും സിപിഎം നേതാക്കളിൽ തന്നെ പലരും നടത്തിയ അസഭ്യവർഷങ്ങളും അവഹേളന പരാമർശങ്ങളുമൊന്നും ആരും മറന്നിട്ടില്ല.

രാഷ്ട്രീയ വിമർശനം എങ്ങിനെ വേണമെന്ന് ഇവരിൽ നിന്ന് പഠിക്കേണ്ട ഗതികേട് തീർച്ചയായും ജനാധിപത്യ ബോധ്യമുള്ള ഒരു മനുഷ്യനുമുണ്ടാകില്ല.

സിപിഎം സൈബർ ക്രിമിനലുകൾ ഇപ്പോൾ പ്രചരിപ്പിക്കുന്ന സ്ക്രീൻ ഷോട്ടുമായി എനിക്കോ, എൻ്റെ ഓഫീസിനോ, പ്രസ്ഥാനത്തിനോ യാതൊരു ബന്ധവുമില്ലെന്നും സോഷ്യൽ മീഡിയ ഉപയോഗിച്ച് നടത്തുന്ന ഈ വ്യാജ പ്രചരണങ്ങൾക്കും വ്യക്തിഹത്യക്കുമെതിരെ തീർച്ചയായും നിയമ നടപടികൾ സ്വീകരിക്കുമെന്നും വ്യക്തമാക്കട്ടെ.

TAGS :

Next Story