ഭാരവാഹിത്വം ലഭിച്ചാൽ മത്സരിക്കാനില്ല; കാലത്തിന് അനുസരിച്ച് പാർട്ടിയെ പുതുക്കി പണിയണം: കെ.എം ഷാജി
പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ നിലപാടുകളാണ് നയിക്കേണ്ടതെന്ന് ഷാജി പറഞ്ഞു

- Updated:
2026-01-23 04:58:18.0

കോഴിക്കോട്: പാർട്ടിയിൽ പ്രധാന ഭാരവാഹിത്വം ലഭിച്ചാൽ മത്സരിക്കാനില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. പാർട്ടിയെ പുതിയ കാലത്തിന് അനുസരിച്ച് പുതുക്കി പണിയേണ്ടതുണ്ട്. മത്സരിക്കണോ എന്ന് പാർട്ടി പറഞ്ഞിട്ടില്ല. ഭാരവാഹിത്വം കിട്ടിയാൽ മത്സരിക്കാനില്ലെന്ന കാര്യവും പാർട്ടിക്ക് മുന്നിൽവെച്ചിട്ടുണ്ട്. മത്സരിക്കാനായി ഒരു മണ്ഡലവും നോക്കിവെച്ചിട്ടില്ല. പാർട്ടി പറയുന്ന ഏത് സീറ്റിലും മത്സരിക്കാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. മീഡിയവൺ പ്രത്യേക തെരഞ്ഞെടുപ്പ് പരിപാടിയായ പോൾ കാസ്റ്റിൽ സംസാരിക്കുകയായിരുന്നു ഷാജി.
പാർട്ടിയെ പുതിയ കാലത്തോട് സംവദിക്കാൻ പറ്റുന്ന രീതിയിലേക്ക് മാറ്റേണ്ടതുണ്ട്. മുസ്‌ലിം കുട്ടികൾ സ്‌കൂളുകളിൽ നിന്ന് ഇറങ്ങിവരുന്നത് സ്വപ്‌നം കണ്ട കാലമായിരുന്നു സി.എച്ച് മുഹമ്മദ് കോയയുടേത്. ഇപ്പോൾ അത് മാറി. പുതിയ കാലത്തെ കുട്ടികളെ പാർട്ടിയിലേക്ക് കൂടുതൽ അടുപ്പിക്കേണ്ടതുണ്ട്. അവരുമായി സംവദിക്കാൻ കഴിയുന്ന രീതിയിൽ പാർട്ടി മാറണം. അത്തരം സ്വപ്‌നങ്ങൾ തനിക്കുണ്ടെന്നും ഷാജി വ്യക്തമാക്കി.
പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ നിലപാടുകളാണ് നയിക്കേണ്ടതെന്ന് ഷാജി പറഞ്ഞു. പ്രതിപക്ഷനേതാവ് സ്വീകരിക്കുന്ന നിലപാടുകളിൽ ലീഗ് തൃപ്തരാണ്. മുഖ്യമന്ത്രി ആരാവണമെന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസ് ആണ്. എങ്കിലും തെരഞ്ഞെടുപ്പിന് ശേഷവും സതീശനെടുക്കുന്ന നിലപാടുകളിലാണ് യുഡിഎഫ് പോകേണ്ടതെന്നാണ് ആഗ്രഹിക്കുന്നത്. വി.ഡി സതീശൻ രാഹുൽ ഗാന്ധിയുടെ മിനിയേച്ചറാണെന്നും ഷാജി പറഞ്ഞു.
Adjust Story Font
16
