ഈഴവ സമുദായത്തിനെതിരെ മോശം പരാമർശം നടത്തിയെന്ന് പ്രചരിപ്പിക്കുന്നത് സിപിഎം; തെളിയിച്ചാൽ പരസ്യമായി മാപ്പ് പറയും: കെ.എം ഷാജി
വ്യാജ പ്രചാരണത്തിനെതിരെ സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ടെന്നും ഷാജി പറഞ്ഞു

കോഴിക്കോട്: താൻ ഈഴവ സമുദായത്തിനെതിരെ മോശം പരാമർശം നടത്തിയെന്ന് പ്രചരിപ്പിക്കുന്നത് സിപിഎം അനുകൂല സൈബർ ഗ്രൂപ്പുകളാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. എ.കെ ബാലന്റെ പരാമർശം പുറത്തുവന്നതോടെ സിപിഎം പ്രതിരോധത്തിലായി. ഇത് മറികടക്കാനാണ് തനിക്കെതിരെ തെറ്റായ പ്രചാരണം നടത്തുന്നത്. മുസ്‌ലിം സമുദായത്തിലെ ചില വിഷയങ്ങളിൽ താൻ പ്രതികരിച്ചിട്ടുണ്ട്. അതല്ലാതെ മറ്റേതെങ്കിലും സമുദായത്തെ കുറിച്ച് ഒരു വരിയെങ്കിലും താൻ പറഞ്ഞതായി തെളിയിച്ചാൽ പരസ്യമായി മാപ്പ് പറയാൻ തയ്യാറാണെന്നും ഷാജി വ്യക്തമാക്കി.
എ.കെ ബാലന്റെ പരാമർശവുമായി ബന്ധപ്പെട്ട് ഗുരുതര പ്രശ്നങ്ങളാണ് കേരളത്തിലുണ്ടായിരിക്കുന്നുത്. മാറാട് കലാപം പോലെയുള്ള സംഭവങ്ങളെ അജണ്ടയുടെ ഭാഗമായി ആസൂത്രിതമായി കേരള സമൂഹത്തിലേക്ക് കൊണ്ടിടുകയാണ്. യുഡിഎഫ് അധികാരത്തിൽ വന്നാൽ കേരളത്തിലെ ആഭ്യന്തര വകുപ്പ് ജമാഅത്ത ഇസ്ലാമി കൈകാര്യം ചെയ്യുമെന്നത് വളരെ ആസൂത്രിതമായ പ്രസ്താവനയാണ്. ഇതിലൂടെ ഒരു മുസ്ലിം ആഭ്യന്തരമന്ത്രിയാകരുത്, ആയാൽ കുഴപ്പമാണ് എന്ന സന്ദേശമാണ് ബാലൻ പറഞ്ഞുവെച്ചത്. മുസ്ലിംകളെല്ലാം തീവ്രവാദികളാണ് എന്ന വളരെ ആസൂത്രിതമായ നിലപാടാണ് ബാലൻ സ്വീകരിച്ചതെന്നും ഷാജി പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളായി കേരളത്തിലെ മാധ്യമങ്ങൾ ചർച്ച ചെയ്യുന്നത് വർഗീയതയാണ്. അതിന് മാധ്യമങ്ങളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. 10 വർഷം നാട് ഭരിച്ചിട്ടും ഒരു ഭരണനേട്ടം പോലും പറയാൻ സർക്കാരിന് കഴിയുന്നില്ല. റെജി ലൂക്കോസ് സിപിഎമ്മിൽ നിന്ന് കാവി ധരിക്കുന്നവരുടെ തുടക്കമല്ല. സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യത്തിന്റെ പ്രകടമായ ഉദാഹരണമാണ് റെജി ലൂക്കോസ്. നാളെ ഇടത് നിരീക്ഷകരുടെ പ്രൊഫൈൽ മാറുന്നത് ബിജെപിയിലേക്ക് ആയിരിക്കും. കപ്പിത്താൻ കപ്പൽ ആർഎസ്എസിന്റെ തീരത്തേക്ക് അടുപ്പിക്കുകയാണെന്നും ഷാജി ആരോപിച്ചു.
Adjust Story Font
16

