'ബോധവത്കരണം തുടങ്ങേണ്ടത് വീടുകളിൽ നിന്ന്, അധ്യാപകരുടെ സ്വാധീനവും വളരെ വലുത്': കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ
'അധ്യാപകരും മാതാപിതാക്കളും അടങ്ങുന്ന വിപുലമായ ബോധവൽക്കരണം ആവശ്യം'

കോഴിക്കോട്: ലഹരി ഉപയോഗത്തിന്റെ പിടിയിൽ പെട്ട് പോകുന്ന യുവാക്കൾക്കായി വിപുലമായ ബോധവൽക്കരണ പരിപാടികൾ ആവശ്യമാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണർ പുട്ട വിമലാദിത്യ. മാതാപിതാക്കളും അധ്യാപകരും അടക്കം ഇത്തരം ബോധവത്കരണങ്ങളുടെ ഭാഗമാകണം. വെറും മണിക്കൂറുകൾ നീണ്ട ബോധവത്കരണം അവരെ ലഹരിയിൽ നിന്ന് പുറത്ത് കൊണ്ടുവരുമെന്ന് കരുതാനാകില്ല. അതിന് കൃത്യമായ ഇടപെടൽ ആവശ്യമാണെന്നും പുട്ട വിമലാദിത്യ ലഹരിക്കെതിരെയുള്ള മീഡിയവൺ ലൈവത്തോണിൽ പറഞ്ഞു.
കുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നത് ഈ ബോധവൽക്കരണ പരിപാടിയുടെ പ്രധാന ഭാഗമാണ്. കുട്ടികൾ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് വിദ്യാലയങ്ങളിലും കോളേജുകളിലും ആണ്. അതിനാൽ അധ്യാപകരെ ബോധവൽക്കരിക്കേണ്ടതുണ്ട്. കുട്ടികളെ എങ്ങനെ മനസിലാക്കാം, കുട്ടികളിലെ ചെറിയ മാറ്റം പോലും നേരത്തെ എങ്ങനെ തിരിച്ചറിയാം എന്ന് അധ്യാപകർക്ക് ബോധവൽക്കരണം നൽകേണ്ടതുണ്ട്.
ലഹരി ഉപയോഗിക്കുന്ന ആളുകളെ കുറ്റം പറഞ്ഞ് മാറ്റിനിർത്തുകയല്ല വേണ്ടത്. പകരം അവരെ കൈകാര്യം ചെയ്യേണ്ടത് എങ്ങനെ എന്നുള്ള ശാസ്ത്രീയമായ പ്രതിരോധ പദ്ധതികൾ നമ്മൾ രൂപീകരിക്കേണ്ടതുണ്ട്. ഇതിൽ മാതാപിതാക്കളുടെ പങ്കും വളരെ വലുതാണ്. കുട്ടികളുടെ വളർച്ച കാലഘട്ടത്തിൽ മാതാപിതാക്കൾ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കുട്ടികളിൽ കാണുന്ന മാറ്റങ്ങളെ കൈകാര്യം ചെയ്യുന്നത് എങ്ങനെയെന്ന് പല മാതാപിതാക്കൾക്കും അറിയില്ല. അതിനാൽ എല്ലാവരെയും ഉൾപ്പെടുത്തി ഒരു വിപുലമായ ബോധവൽക്കരണ പരിപാടി ആരംഭിക്കേണ്ടതുണ്ട്, അദ്ദേഹം വ്യക്തമാക്കി.
Adjust Story Font
16

