Quantcast

കൊച്ചി മേയര്‍ തെരഞ്ഞെടുപ്പ്; നിർണായകമായത് കെ.സി വേണുഗോപാലിന്‍റെ നിലപാട്

ജില്ലയിലെ കെ.സി ഗ്രൂപ്പ് നേതാക്കളുടെ സമ്മ‍ര്‍ദ്ദം വേണുഗോപാല്‍ പരിഗണിച്ചില്ല

MediaOne Logo

Web Desk

  • Updated:

    2025-12-24 06:51:01.0

Published:

24 Dec 2025 10:15 AM IST

കൊച്ചി മേയര്‍ തെരഞ്ഞെടുപ്പ്; നിർണായകമായത് കെ.സി വേണുഗോപാലിന്‍റെ നിലപാട്
X

കൊച്ചി: കൊച്ചി മേയ‍ര്‍ പദവിയുടെ കാര്യത്തിൽ നിർണായകമായത് കെ.സി വേണുഗോപാലിന്‍റെ നിലപാട്. ജില്ലയിലെ കെ.സി ഗ്രൂപ്പ് നേതാക്കളുടെ സമ്മ‍ര്‍ദ്ദം വേണുഗോപാല്‍ പരിഗണിച്ചില്ല. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ.സി വേണുഗോപാലും കൂടിയാലോചിച്ച ശേഷം ഡിസിസി തീരുമാനിക്കട്ടെ എന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.

എന്നാൽ തീരുമാനം പാര്‍ട്ടിയുടേതാണെന്നും അത് എല്ലാവരും അംഗീകരിക്കുന്നുവെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. എന്തെങ്കിലും ഉണ്ടെങ്കിൽ ചർച്ചചെയ്യും. കേരളത്തിൽ കോൺഗ്രസിനകത്ത് ഐക്യം വേണമെന്ന് ആളുകൾ ആഗ്രഹിക്കുന്നത്. വിട്ടുവീഴ്ചകൾ പരസ്പരം ചെയ്തുകൊണ്ട് മുന്നോട്ടു പോകണം. ദീപ്തി മേരി വർഗീസിന് പ്രയാസം ഉണ്ടാകുന്നത് സ്വാഭാവികമാണ്. പാർട്ടി തീരുമാനത്തെ അവർ അംഗീകരിക്കുന്നു. പാർട്ടി തീരുമാനം അന്തിമമാണ്. അപാകതകൾ ഉണ്ടായിട്ടുണ്ടെങ്കിൽ പാർട്ടി വേദികളിൽ ചർച്ച ചെയ്യും. ഒന്നിനോടും കടക്കു പുറത്ത് എന്ന രീതി പാർട്ടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം കൊച്ചി മേയർ പ്രഖ്യാപനത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് കോൺഗ്രസ് നേതാവ് അജയ് തറയിൽ പറഞ്ഞു. എഐസിസിക്കും കെപിസിസിക്കും പരാതി നൽകും. അതി തീവ്ര ഗ്രൂപ്പ് പ്രവർത്തനമാണ് നടന്നതെന്നും അജയ് തറയിൽ മീഡിയവണിനോട് പറഞ്ഞു.

അതിനിടെ കെപിസിസിയുടെ മാനദണ്ഡങ്ങൾ ലംഘിച്ചാണ് കൊച്ചി മേയറെ തീരുമാനിച്ചതെന്ന് ആവർത്തിക്കുകയാണ് ദീപ്തി മേരി വർഗീസ്. തനിക്ക് കൗൺസിലർമാരുടെ പിന്തുണ ഇല്ല എന്ന് പറയുന്നത് തെറ്റാണ്. കോർ കമ്മിറ്റി ചേരാതെയാണ് തീരുമാനമെടുത്തത്. പ്രതിപക്ഷ നേതാവ് ആണ് തെരഞ്ഞെടുപ്പിന് നേതൃത്വം നൽകാൻ ചുമതലയേൽപിച്ചത്. തെരഞ്ഞെടുപ്പിന് ശേഷം ഒരു ചർച്ചയും നടന്നില്ലെന്നും ദീപ്തി മേരി വർഗീസ് പറഞ്ഞു.

കൊച്ചി കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സ്ഥാനം കിട്ടാത്തതിൽ കോൺഗ്രസിനെതിരെ മുസ്‍ലിം ലീഗ് രംഗത്തെത്തി. സ്വന്തമായി ഭൂരിപക്ഷം ഉണ്ടെങ്കിൽ ചർച്ച വേണ്ട എന്ന നിലപാട് അപമാനിക്കുന്നതിന് തുല്യമാണെന്ന് ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.മുഹമ്മദ് ഷാ മീഡിയവണിനോട് പറഞ്ഞു. ഡെപ്യൂട്ടി മേയറെ പ്രഖ്യാപിച്ചതിന് ശേഷം ചർച്ചക്ക് വിളിച്ച കോൺഗ്രസ് നടപടി അസഹനീയമാണ്. കോർപറേഷനിലെ നിലപാട് സംസ്ഥാന നേതൃത്വം പരിഗണിക്കുമെന്നും മുഹമ്മദ് ഷാ കൂട്ടിച്ചേര്‍ത്തു.


TAGS :

Next Story