Quantcast

കൊച്ചി കപ്പലപകടം; അപകടകരമായ ഒന്നും കടലിൽ പരന്നിട്ടില്ലെന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം

കടലിൽ പരന്ന ലൂബ്രിക്കൻറ്‌സ് ഓയിൽ പൂർണമായി നീക്കം ചെയ്യാൻ ഒരുമാസം എടുക്കും. നഷ്ടപരിഹാരം നിശ്ചയിക്കാനായി നോഡൽ ഓഫീസറെ നിയമിച്ചിട്ടുണ്ടെന്നും ഷിപ്പിംഗ് മന്ത്രാലയം വ്യക്തമാക്കി.

MediaOne Logo

Web Desk

  • Updated:

    2025-05-28 15:34:38.0

Published:

28 May 2025 6:51 PM IST

Kochi ship accident
X

കൊച്ചി: കൊച്ചി പുറംകടലിൽ മുങ്ങിയ ലൈബീരിയൻ കപ്പലിൽ നിന്ന് അപകടകരമായ ഒന്നും കടലിൽ പരന്നിട്ടില്ലെന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം വ്യക്തമാക്കി. കടലിൽ പരന്ന ലൂബ്രിക്കൻറ്‌സ് ഓയിൽ പൂർണമായി നീക്കം ചെയ്യാൻ ഒരുമാസം എടുക്കും. നഷ്ടപരിഹാരം നിശ്ചയിക്കാനായി നോഡൽ ഓഫീസറെ നിയമിച്ചിട്ടുണ്ടെന്നും ഷിപ്പിംഗ് മന്ത്രാലയം വ്യക്തമാക്കി.

അതിനിടെ തീരത്തടിഞ്ഞ കണ്ടെയ്‌നറുകൾ നീക്കം ചെയ്യുന്ന ജോലികൾ ആരംഭിച്ചു. കഴിഞ്ഞ 25ന് രാവിലെയാണ് കൊച്ചി പുറംകടലിൽ ലൈബീരിയൻ കപ്പൽ മുങ്ങിയത്. കപ്പലിലെ കണ്ടെയ്‌നറുകൾ തെക്കൻ കേരള തീരത്ത് അടിയുകയും ചെയ്തു. ഷിപ്പിംഗ് മന്ത്രാലയം കൊച്ചിയിൽ അടിയന്തര യോഗം ചേർന്നു.

എറണാകുളം ജില്ലാ കലക്ടർ, ദുരന്തനിവാരണ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിൽ രക്ഷാപ്രവർത്തനത്തിന് ക്രമം നിശ്ചയിച്ചു. ലൈബീരിയൻ കപ്പലിലെ ലൂബ്രിക്കൻറ് ഓയിലാണ് കടലിൽ പരന്നത്. കോസ്റ്റ്ഗാർഡ് കപ്പലുകൾ ഉപയോഗിച്ച് എണ്ണപ്പാട നീക്കുന്ന ജോലികൾ ഒരു മാസം കൊണ്ട് പൂർത്തിയാക്കും. മുങ്ങിയ കപ്പലിനോട് ചേർന്നുള്ള 12 കണ്ടെയ്‌നറുകളിലാണ് അപകടകരമായ രാസവസ്തുക്കളുള്ളത്. കപ്പലിലുള്ള അപകടകരമായ വസ്തുക്കൾ ഒന്നും കടലിൽ കലർന്നിട്ടില്ല.

ജൂലൈ മൂന്നിന് ശേഷം മുങ്ങിയ കപ്പൽ കടലിൽ നിന്നും നീക്കുന്ന ജോലി ആരംഭിക്കും. ആലപ്പുഴ മുതൽ തിരുവനന്തപുരം വരെയുള്ള തീരങ്ങളിൽ അടിഞ്ഞ 50 കണ്ടെയ്‌നറുകൾ മൂന്നു ദിവസത്തിനകം നീക്കും. കസ്റ്റംസിനാണ് ഇതിന്റെ ചുമതല. ശക്തികുളങ്ങര, ചെറിയഴീക്കൽ, പരിമണം എന്നിവിടങ്ങളിലെ കണ്ടെയ്‌നറുകൾ ക്രെയിൻ ഉപയോഗിച്ച് കരയ്ക്ക് കയറ്റി.

ഇന്ത്യൻ തീരത്ത് നടന്ന ഏറ്റവും വലിയ അപകടമാണിത്. അന്താരാഷ്ട്ര നിയമങ്ങൾ അനുസരിച്ച് ഇൻഷൂറൻസ് അടക്കമുള്ള എല്ലാ പരിരക്ഷകളും കപ്പലിനുണ്ട്. ഇന്ത്യൻ തീരമേഖലക്കുണ്ടായ നഷ്ടം തീരുമാനിക്കാൻ നോഡൽ ഓഫീസറെയും നിശ്ചയിച്ചിട്ടുണ്ട്.

TAGS :

Next Story