Quantcast

കോടിയേരിയുടെ തുറന്നുപറച്ചിൽ ആഭ്യന്തര വകുപ്പിന്റെ ആർഎസ്എസ് സേവ വ്യക്തമാക്കുന്നു: പോപുലർ ഫ്രണ്ട്

''സമൂഹമാധ്യമങ്ങളിൽ ആർഎസ്എസ്സിനെതിരെ പോസ്റ്റിടുന്നവരെ തിരഞ്ഞുപിടിച്ച് പൊലീസ് വേട്ടയാടുകയാണ്. എന്നാൽ, നാടുനീളെ നടന്ന് വർഗീയത പ്രസംഗിക്കുകയും കലാപത്തിന് ആഹ്വാനം നടത്തുകയും ചെയ്യുന്ന ആർഎസ്എസ്സുകാർ പൊലീസ് സുരക്ഷയിൽ ഊരുചുറ്റുകയാണ്''പോപുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സിപി മുഹമ്മദ് ബഷീർ

MediaOne Logo

Web Desk

  • Published:

    16 Jan 2022 3:28 PM GMT

കോടിയേരിയുടെ തുറന്നുപറച്ചിൽ ആഭ്യന്തര വകുപ്പിന്റെ ആർഎസ്എസ് സേവ വ്യക്തമാക്കുന്നു: പോപുലർ ഫ്രണ്ട്
X

കേരളാ പൊലീസിൽ ആർഎസ്എസ് സ്വാധീനമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തുറന്നുസമ്മതിച്ചതോടെ ആഭ്യന്തര വകുപ്പിന്റെ ആർഎസ്എസ് സേവയിൽ വ്യക്തത വന്നിരിക്കുകയാണെന്ന് പോപുലർ ഫ്രണ്ട്. ആഭ്യന്തര വകുപ്പ് പൂർണമായും സംഘ്പരിവാറിന് കീഴ്‌പ്പെട്ടുവെന്ന പോപുലർ ഫ്രണ്ട് ഉൾപ്പെടെയുള്ളവർ കാലങ്ങളായി ഉന്നയിക്കുന്ന വാദങ്ങൾ ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നുവെന്ന് പോപുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സിപി മുഹമ്മദ് ബഷീർ പറഞ്ഞു.

ആർഎസ്എസിന് പാദസേവ നടത്തുന്ന തരത്തിലേക്ക് കേരളാ പൊലീസിനെ എത്തിച്ചതിന്റെ പൂർണ ഉത്തരവാദിത്തം കഴിഞ്ഞ ആറുവർഷമായി ആഭ്യന്തര വകുപ്പ് കൈയാളുന്ന പിണറായി വിജയനാണ്. കോടിയേരിയുടെ തുറന്നുപറച്ചിലിന്റെ പശ്ചാത്തലത്തിൽ ആർഎസ്എസിനെ ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുന്ന പിണറായി വിജയൻ ആഭ്യന്തര മന്ത്രി സ്ഥാനം ഒഴിയണം. കേരളാ പൊലീസിൽ ജനങ്ങൾക്കുള്ള വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുന്നു. സംഘ്പരിവാരത്തിന്റെ ചട്ടുകമായി പൊലീസ്‌സേന അധഃപതിക്കുകയാണ്. സിപിഎമ്മുകാർക്ക് പോലും സേനയിൽ വിശ്വാസമില്ലാതായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആർഎസ്എസ് തങ്ങളുടെ ശത്രുക്കളാണെന്ന് അവകാശപ്പെടുന്ന സിപിഎമ്മിന്റെ ഭരണത്തിലാണ് പൊലീസ്‌സേനയിൽ സംഘ്പരിവാർ സ്വാധീനം വർധിച്ചിട്ടുള്ളത്. ആർഎസ്എസുകാർ പ്രതിസ്ഥാനത്ത് വരുന്ന പ്രമാദമായ കേസുകളിൽ പോലും പൊലീസ് മൃദുസമീപനം തുടരുകയാണ്. മാത്രമല്ല, സമൂഹമാധ്യമങ്ങളിൽ ആർഎസ്എസ്സിനെതിരെ പോസ്റ്റിടുന്നവരെ തിരഞ്ഞുപിടിച്ച് പൊലീസ് വേട്ടയാടുകയാണ്. തൊണ്ണൂറോളം പേർക്കെതിരെ കേസെടുത്തതായാണ് ആരോപണം. എന്നാൽ, നാടുനീളെ നടന്ന് വർഗീയത പ്രസംഗിക്കുകയും കലാപത്തിന് ആഹ്വാനം നടത്തുകയും ചെയ്യുന്ന ആർഎസ്എസ്സുകാർ പൊലീസ് സുരക്ഷയിൽ ഊരുചുറ്റുകയാണ്-ബഷീർ ആരോപിച്ചു.

ആർഎസ്എസ് പ്രഖ്യാപിച്ച വംശഹത്യക്ക് കളമൊരുക്കുന്ന തരത്തിലേക്ക് സിപിഎം മാറിയിരിക്കുന്നു. സർക്കാർ സംവിധാനങ്ങളെ പോലും കാവിവൽക്കരിക്കുന്നു. അപ്പോഴും ഹിന്ദുത്വപ്രീണനത്തിന്റെ പാതയിലൂടെ സഞ്ചരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ മുസ്ലിംകളെയും പിന്നാക്ക വിഭാഗങ്ങളെയും ശത്രുപക്ഷത്ത് നിർത്താനുള്ള പരിശ്രമത്തിലാണ്. ആർഎസ്എസ്സിന്റെ വംശഹത്യ തടയേണ്ടത് ഒന്നാമത്തെ ഇരകളായ മുസ്‌ലിംകളും ക്രൈസ്തവരും സംഘടിച്ചാണ്. അങ്ങനെ സംഘടിക്കുമ്പോൾ അതിനെ ആർഎസ്എസ്സുമായി താരതമ്യം ചെയ്യുന്ന ഇടതുലിബറൽ സിപിഎം നിലപാട് യഥാർത്ഥത്തിൽ ഒരു ചെറുത്തുനിൽപ്പില്ലാതെ, പ്രതിരോധത്തിന്റെ ഒരംശം പോലുമില്ലാതെ ആർഎസ്എസ്സിന് വംശഹത്യ നടത്താൻ കളമൊരുക്കുകയാണ്. ഈ വസ്തുത മനസ്സിലാക്കി പൊതുസമൂഹം പ്രതികരിക്കണമെന്നും അദ്ദേഹം സിപി മുഹമ്മദ് ബഷീർ ആവശ്യപ്പെട്ടു.

Summary: Kodiyeri Balakrishnan's revelation clarifies the Home Department's RSS allegiance: Popular Front

TAGS :

Next Story